വാഷിങ്ടൺ: പാകിസ്താനിലെ കലുഷിത രാഷ്ട്രീയസാഹചര്യത്തിൽ ഒരു പങ്കുമില്ലെന്ന് വ്യക്തമാക്കി യു.എസ്. ഇംറാൻ സർക്കാറിനെ അട്ടിമറിക്കാൻ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നതിനു പിന്നിൽ യു.എസ് ആണെന്ന തരത്തിലുള്ള പ്രചാരണങ്ങളും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് തള്ളി. വിദേശ ഗൂഢാലോചനയുടെ ഫലമായാണ് പ്രതിപക്ഷം തനിക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നതെന്ന് പാക് പ്രധാനമന്ത്രി ഇംറാൻഖാൻ ആരോപിച്ചിരുന്നു.
യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിലെ അസി. സെക്രട്ടറി തലത്തിലുള്ള ഓഫിസറുമായി നടത്തിയ അനൗദ്യോഗിക ആശയവിനിമയം സംബന്ധിച്ച് യു.എസിലെ പാക് അംബാസഡര്‍ അയച്ച ടെലിഗ്രാം സന്ദേശം ചൂണ്ടിക്കാട്ടിയാണ് ഇംറാൻ ഗൂഢാലോചന വാദം ഉന്നയിച്ചത്. അതിരഹസ്യ രേഖയായാണ് അധികൃതര്‍ ഇതിനെ കാണുന്നത്.
എന്നാല്‍, ഇത്തരത്തില്‍ ഒരു ഭീഷണിക്കത്തും പാക് സര്‍ക്കാറിന് യു.എസ് അധികൃതരോ ഉദ്യോഗസ്ഥരോ അയച്ചിട്ടില്ലെന്ന് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വ്യക്തമാക്കി. ഇംറാൻ ഭീഷണിപ്പെടുത്താൻ യു.എസ് ജൂനിയര്‍ ലെവല്‍ ഉദ്യോഗസ്ഥനെ ഉപയോഗിച്ചെന്ന് പറയുന്നതു തന്നെ അബദ്ധമാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൂഈദ് യൂസുഫ്, മുന്‍ ഡി.ജി (ഐ.എസ്.ഐ) ലഫ്. ജനറല്‍ ഫായിസ് ഹമീദ് എന്നിവരുടെ ധാര്‍ഷ്ട്യവും അപക്വമായ നടപടികളുമാണ് ഇംറാന്റെ വീഴ്ചക്ക് കാരണമെന്നും യു.എസ് അധികൃതര്‍ ചൂണ്ടിക്കാട്ടി. ഇംറാനെ ഫോണില്‍ വിളിക്കാത്തതിന് യു.എസ് പ്രസിഡന്റ് ജോ ബൈഡനെ യൂസുഫ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
നേതൃത്വത്തെ അവഗണിച്ചാല്‍ പാകിസ്താന് റഷ്യ, ചൈന പോലുള്ള മറ്റു മാര്‍ഗങ്ങള്‍ ഉണ്ടെന്നു വെല്ലുവിളിക്കുകയും ചെയ്തു. യുക്രെയ്ന് അധിനിവേശം തുടങ്ങിയ ദിവസം ഇംറാന്‍ റഷ്യ സന്ദര്‍ശിച്ചതും യു.എന്‍ പ്രമേയം അവതരിപ്പിച്ചപ്പോൾ യു.എസിനെയും യൂറോപ്യന്‍ യൂനിയനെയും വിമര്‍ശിച്ചതും യു.എസ് അതൃപ്തിക്കു കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.