വാഷിങ്ടൺ: അമേരിക്ക തടവിലാക്കിയ വെനിസ്വേലൻ പ്രസിഡന്റ് നിക്കാളസ് മദുറോയെ കോടതിയിൽ ഹാജരാക്കി. കനത്ത സുരക്ഷക്കിടെയാണ് അദ്ദേഹത്തെ മാൻഹട്ടനിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കിയത്. കോടതി നടപടികൾ മുപ്പത് മിനിറ്റ് നീണ്ടുനിന്നു. നാല് കുറ്റങ്ങളാണ് മദുറോക്കും ഭാര്യക്കുമെതിരെ ചുമത്തിയത്.
കോടതിയിൽ തനിക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം മദുറോ നിഷേധിച്ചു. താനാണ് ഇപ്പോഴും വെനസ്വേലയുടെ പ്രസിഡന്റെന്നും അദ്ദേഹം പറഞ്ഞു. തന്നെ അനധികൃതമായാണ് തടവിലാക്കിയതെന്ന് കോടതിയിൽ ബോധിപ്പിച്ച മദുറോ താൻ യുദ്ധതടവുകാരനാണെന്നും വ്യക്തമാക്കി. ഇംഗ്ലീഷിൽ പുതുവത്സരാശംസ നേർന്ന് സ്പാനിഷിലാണ് മദുറോ സംസാരിച്ചത്.
ഓറഞ്ച് സ്ലിപ്പറുകളും നീല ഷർട്ടും ബീജ് നിറത്തിലുള്ള പാന്റും ധരിച്ചാണ് മദുറോയെ കോടതിയിൽ ഹാജരാക്കിയത്. 30 മിനിറ്റ് നീണ്ടുനിന്ന വാദത്തിനൊടുവിൽ കേസ് മാർച്ച് 17ന് പരിഗണിക്കാനായി മാറ്റി.
നേരത്തെ മദുറോയെ കോടതിയിൽ ഹാജരാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആദ്യം ഒരു ഹെലികോപ്ടറിൽ കൊണ്ടുവന്നിറക്കിയ മദൂറോയെയും ഭാര്യയെയും നടത്തിച്ചു കൊണ്ടുപോയി മറ്റൊരു കവചിത ട്രക്കിലേക്ക് മാറ്റുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കനത്ത സുരക്ഷയിൽ മദുറോ നടന്നുനീങ്ങുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
മയക്കുമരുന്നുകള്‍ കടത്തുണ്ടെന്ന് ആരോപിച്ച് മാസങ്ങളോളം വേട്ടയാടിയ ശേഷമാണ് രാജ്യത്ത് അതിക്രമിച്ച് കടന്ന് അമേരിക്ക മദുറോയെയും ഭാര്യയെയും ബന്ദിയാക്കിയത്. ശനിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം രണ്ടിന് യു.എസ് സേനയുടെ ഭീകരവിരുദ്ധ സേനയായ ഡെല്‍റ്റ ഫോഴ്‌സാണ് മദുറോയെയും സിലിയ ഫ്ലോറസിനെയും ബന്ദിയാക്കിയത്. ശേഷം ട്രംപ് തന്നെയാണ് ഈ വിവരം ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടത്. ഇനി വെനസ്വേല യു.എസ് ഭരിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.