യു.എസിൽ ഡെമോക്രാറ്റ്​ നേതാവിനെയും ഭർത്താവിനെയും വീട്ടിൽ കയറി വെടിവെച്ചുകൊന്നു; മറ്റൊരു ഡെമോക്രാറ്റ് നേതാവിനും ഭാര്യക്കും വെടിയേറ്റു

വാഷിങ്ടൺ: യു.എസിലെ മിനസോടയിൽ ഡെമോക്രാറ്റ് നേതാവിനെയും ഭർത്താവിനെയും വീട്ടിൽ കയറി വെടിവെച്ചുകൊന്നു. മിനസോട ജനപ്രതിനിധിസഭാംഗവും മുൻ സ്പീക്കറുമായ ഡെമോക്രാറ്റ് നേതാവ് മെലീസ ഹോർട്മനും ഭർത്താവ് മാർക് ഹോർട്മനുമാണ് വെടിയേറ്റ് മരിച്ചത്.

മിനസോട സെനറ്റംഗമായ ഡെമോ​ക്രാറ്റ് നേതാവ് ജോൺ ഹോഫ്മാനും ഭാര്യക്കും അക്രമിയുടെ വെടിയേറ്റു. ഗുരുതരപരിക്കേറ്റ ഇവർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

മെലീസയുടെയും ഹോഫ്മന്റെയും വീടുകളിലെത്തിയ അക്രമി വാതിലിൽ മുട്ടിവിളിച്ചാണ് ഇവരെ പുറത്തിറക്കിയത്.

പൊലീസ് വേഷത്തിലാണ് അക്രമി ഇവരുടെ വീട്ടിലെത്തിയത്. പൊലീസ് ഉപയോഗിക്കുന്ന തരത്തിലുള്ള വാഹനമാണ് ഉപയോഗിച്ചിരുന്നതും. അക്രമി ലക്ഷ്യമിട്ട രാഷ്ട്രീയ നേതാക്കളുടെ പട്ടികയും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഗർഭഛിദ്രത്തെ അനുകൂലിക്കുന്നവരും രാഷ്ട്രീയ നേതാക്കളുമാണ് പട്ടികയിലുള്ളത്.

ഹോഫ്മന്റെ വീട്ടിൽ വെടിവെപ്പ് നടന്ന വിവരമറിഞ്ഞെത്തിയ പൊലീസാണ് മെലീസയും ഭർത്താവും വെടിയേറ്റ് മരിച്ചതായി കണ്ടെത്തിയത്. പൊലീസിനു നേർക്കും അക്രമി വെടിയുതിർത്തു. പിന്നീട് കടന്നുകളയുകയായിരുന്നു. അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. 57 കാരനായ വാൻസ് ബോൾട്‍ലർ ആണ് കൊലപാതകങ്ങൾ നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. മിനസോഡയിലെ ആക്രമണത്തെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അപലപിച്ചു.

Tags:    
News Summary - Democratic leader and husband shot dead in Minnesota

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.