വത്തിക്കാൻ സിറ്റി: ഗസ്സയിൽ സംഭവിക്കുന്ന കാര്യങ്ങളിൽ അങ്ങേയറ്റം ദു:ഖിതനാണെന്ന് വ്യക്തമാക്കിയും ഗസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന് ആഹ്വാനം ചെയ്തും ലിയോ പതിനാലാമൻ മാർപാപ്പ. തന്റെ ആദ്യ ഞായറാഴ്ച സന്ദേശത്തിലാണ് മാർപാപ്പ ഗസ്സയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്തത്. യുക്രെയ്നിൽ യഥാർഥ സമാധാനം വേണമെന്നും അദ്ദേഹം പറഞ്ഞു.
'ഗസ്സ മുനമ്പിൽ സംഭവിക്കുന്ന കാര്യങ്ങളിൽ ഞാൻ അങ്ങേയറ്റം ദു:ഖിതനാണ്. അടിയന്തര വെടിനിർത്തൽ വേണം. നിരാലംബരായ ജനതക്ക് മാനുഷിക സഹായം ലഭ്യമാക്കാൻ അനുവദിക്കണം. എല്ലാ ബന്ദികളെയും മോചിപ്പിക്കണം. ഇന്ത്യയും പാകിസ്താനും തമ്മിലെ വെടിനിർത്തലിനെ ഏറെ സന്തോഷത്തോടെ സ്വാഗതംചെയ്യുന്നു. യുക്രെയ്ൻ ജനതയുടെ കഷ്ടതകൾ ഞാൻ ഹൃദയത്തിലേറ്റുന്നു. യുക്രെയ്നിൽ സുസ്ഥിരമായ സമാധാനമുണ്ടാകണം. പോപ് ഫ്രാൻസിസ് എപ്പോഴും പറയുന്നതുപോലെ, ലോകത്തിലെ വൻ ശക്തികളോട് ഞാനും പറയുന്നു, ഇനിയൊരു യുദ്ധമുണ്ടാകരുത്' -ലിയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു.
പോപ്പ് ഫ്രാൻസിസിന്റെ നിര്യാണത്തെ തുടർന്ന് മേയ് എട്ടിനാണ് കർദിനാൾമാരുടെ കോൺക്ലേവിന്റെ നാലാംവട്ട വോട്ടെടുപ്പിൽ പുതിയ മാർപാപ്പയായി കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്തിനെ (69) തിരഞ്ഞെടുത്തത്. ലിയോ പതിനാലാമൻ എന്ന പേരാണ് അദ്ദേഹം സ്വീകരിച്ചത്. പോപ്പിന്‍റെ പ്രഥമ ഞായറാഴ്ച സന്ദേശം കേൾക്കാനായി ഒരു ലക്ഷത്തോളം ആളുകളാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.