ബെയ്ജിങ്: ദലൈലാമയുടെ പിൻഗാമി അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടപ്രകാരമായിരിക്കണമെന്ന ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിന്റെ പ്രസ്താവനക്കെതിരെ ചൈന. ഉഭയകക്ഷി ബന്ധങ്ങളെ ബാധിക്കാതിരിക്കാൻ തിബറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇന്ത്യ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ് പറഞ്ഞു. 14ാമത് ദലൈലാമയുടെ ചൈന വിരുദ്ധ വിഘടനവാദ സ്വഭാവം ഇന്ത്യ മനസ്സിലാക്കണമെന്നും സിസാങ് (തിബറ്റ്) സംബന്ധമായ വിഷയങ്ങളിലെ പ്രതിബദ്ധത മാനിക്കണമെന്നും അവർ പറഞ്ഞു. സിസാങ് എന്നാണ് തിബറ്റിനെ ചൈന വിളിക്കുന്നത്.
ഇന്ത്യ വാക്കുകളിലും പ്രവൃത്തികളിലും ജാഗ്രത പാലിക്കണം. സിസാങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അവസാനിപ്പിക്കണം. ചൈന-ഇന്ത്യ ബന്ധത്തിൽ പ്രത്യാഘാതമുണ്ടാകുന്നത് ഒഴിവാക്കണം -മാവോ നിങ് പറഞ്ഞു.
ദലൈലാമയുടെ പിൻഗാമിയെക്കുറിച്ചുള്ള തീരുമാനം പ്രസ്ഥാനവും തിബറ്റൻ ബുദ്ധമതക്കാരുടെ നേതാവും എടുക്കുമെന്നും മറ്റാർക്കും അതിൽ പങ്കില്ലെന്നും റിജിജു കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ദലൈലാമയുടെ പിൻഗാമിയെക്കുറിച്ചുള്ള അഭിപ്രായങ്ങളോട് ഇന്ത്യൻ സർക്കാറിന്റെ പ്രതിനിധിയിൽനിന്നുള്ള ആദ്യ പ്രതികരണമായിരുന്നു അത്. സമാധാന നൊബേൽ സമ്മാന ജേതാവായ ദേലൈലാമയുടെ പിന്തുടർച്ചാവകാശ പദ്ധതി ചൈന തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് റിജിജുവിന്റെ പരാമർശം.
ഭാവിയിലെ പിൻഗാമിക്ക് തങ്ങളുടെ അംഗീകാരം വേണമെന്നും ചൈന വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച ധരംശാലയിൽ നടക്കുന്ന ദലൈലാമയുടെ 90ാം ജന്മദിനാഘോഷത്തിൽ ഇന്ത്യാ സർക്കാറിനെ പ്രതിനിധാനംചെയ്ത് ബുദ്ധമത വിശ്വാസിയായ റിജിജുവും സഹ കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിങ്ങും പങ്കെടുക്കുന്നുണ്ട്. ജന്മദിന പരിപാടി മതപരമായ ചടങ്ങാണെന്നും രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നും മന്ത്രി പറഞ്ഞു.
ദലൈലാമയുടെയും തിബറ്റൻ ബുദ്ധമതത്തിലെ രണ്ടാമത്തെ പ്രധാന പുരോഹിതനായ പഞ്ചൻ ലാമയുടെയും പിൻഗാമിയെ കർശനമായ മതാചാരങ്ങളോടെയും ചരിത്രപരമായ പാരമ്പര്യങ്ങളോടെയും നടത്തണമെന്ന് മാവോ നിങ് പറഞ്ഞു. ഒരു സ്വർണ കലശത്തിൽനിന്ന് നറുക്കെടുത്തും ചൈനയുടെ അംഗീകാരത്തോടെയും ആയിരിക്കണം പിൻഗാമിയെ നിശ്ചയിക്കേണ്ടത്. ഇപ്പോഴത്തെ 14ാമത് ദലൈലാമയെ തിരഞ്ഞെടുത്തത് ഈ നടപടിക്രമത്തിലൂടെയാണെന്നും അന്നത്തെ സർക്കാർ അത് അംഗീകരിച്ചിരുന്നുവെന്നും അവർ പറഞ്ഞു.
ദലൈലാമയുടെ പ്രസ്ഥാനം തുടരുമെന്നും 2015ൽ അദ്ദേഹം സ്ഥാപിച്ച ഗാഡെൻ ഫോദ്രോങ് ട്രസ്റ്റിന് മാത്രമേ പിൻഗാമിയെ അംഗീകരിക്കാൻ അധികാരമുള്ളൂ എന്നും തിബറ്റൻ ആത്മീയ നേതാവ് ബുധനാഴ്ച പറഞ്ഞിരുന്നു.
ന്യൂഡൽഹി: തന്റെ പിൻഗാമിയെ തിബറ്റൻ ആത്മീയ നേതാവ് തന്നെ തീരുമാനിക്കണമെന്നാണ് ദലൈലാമയുടെ അനുയായികളും ഭക്തരും ആഗ്രഹിക്കുന്നതെന്ന് ആവർത്തിച്ച് ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. അതേസമയം, ഇന്ത്യൻ സർക്കാറിനുവേണ്ടിയല്ല താൻ ഈ അഭിപ്രായം പറയുന്നതെന്നും ദലൈലാമയുടെ പിന്തുടർച്ചാ പദ്ധതിയെ നിരാകരിച്ച് ചൈന നടത്തിയ പ്രസ്താവനയെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും റിജിജു വ്യക്തമാക്കി.
അതേസമയം, വിശ്വാസങ്ങളും മതാചാരങ്ങളുമായി ബന്ധപ്പട്ട വിഷയങ്ങളിൽ കേന്ദ്ര സർക്കാർ നിലപാടെടുക്കുകയോ സംസാരിക്കുകയോ ചെയ്യാറില്ലെന്ന് ദലൈലാമയുടെ പിൻഗാമിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഇന്ത്യയിലെ മുഴുവനാളുകളുടെയും മതസ്വാതന്ത്ര്യം സർക്കാർ മാനിക്കുന്നുവെന്നും ഭാവിയിലും അത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദലൈലാമ വിഷയത്തിൽ ആശയക്കുഴപ്പത്തിന്റെ ആവശ്യമില്ല. ബുദ്ധമതത്തിൽ വിശ്വസിക്കുകയും ദലൈലാമയെ പിന്തുടരുകയും ചെയ്യുന്ന ലോകമെമ്പാടുമുള്ള മുഴുവൻ ആളുകളും അദ്ദേഹം തന്നെ പിൻഗാമിയെ തീരുമാനിക്കണമെന്ന് ആഗ്രഹിക്കുന്നു. താനോ സർക്കാറോ ഒന്നും പറയേണ്ടതില്ല. അടുത്ത ദലൈലാമ ആരായിരിക്കണമെന്ന് അദ്ദേഹം തീരുമാനിക്കും -റിജിജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.