ദിത്വ ചുഴലിക്കാറ്റിനെ തുടർന്ന് വെള്ളപ്പൊക്കത്തിലായ ശ്രീലങ്കയിൽ നിന്നുള്ള ദൃശ്യം
കൊളംബോ: ശ്രീലങ്കയിൽ ദിത്വ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കെടുതികളിൽ മരണസംഖ്യ 334ലെത്തി. ഇതോടെ പ്രസിഡന്റ് അനുര കുമാര ദിസനായകെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 300ൽ ഏറെ പേരെ കാണാതായിട്ടുണ്ട്. കെലാനി നദിയിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയരുന്നതിനാൽ കിഴക്കൻ മേഖലകളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഞായറാഴ്ചയാണ് ചുഴലിക്കാറ്റും, തുടർന്നുണ്ടായ ശക്തമായ മഴയും കൂടുതൽ മരണം വിതച്ചത്.
ബാദുല, കാൻഡി, നുവാര എലിയ, മതാലെ ഡിസ്ട്രിക്സ് എന്നിവടങ്ങളിലാണ് ഏറ്റവും ദുരിതം വിതച്ചത്.
ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയിൽനിന്ന് കരകയറുകയാണ് ശ്രീലങ്ക. അപകട മേഖലകളിലെ സ്കൂളുകളാണ് ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നത്. 12 ലക്ഷത്തോളം പേരെയാണ് ചുഴലിക്കാറ്റ് ബാധിച്ചത്. ഇന്ത്യ, യു.എസ്, മാലദ്വീപ് എന്നീ രാജ്യങ്ങൾക്ക് പിന്നാലെ, ജപ്പാൻ ഇന്റർനാഷണൽ കോഓപറേഷൻ ഏജൻസിയുടെ സംഘം ശ്രീലങ്കയിലേക്ക് പോകുമെന്ന് ജാപ്പനീസ് എംബസി അറിയിച്ചു. ടെന്റുകൾ, പുതപ്പുകൾ തുടങ്ങിയ ദുരിതാശ്വാസ വസ്തുക്കളും ജപ്പാൻ നൽകും.
ഇന്ത്യയുടെ ഓപറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ശ്രീലങ്കയിൽ സഹായമെത്തിക്കുന്നതിനായി ഇന്ത്യൻ വ്യോമസേന സി 130 ജെ വിമാനം കൂടി വിന്യസിച്ചു. ശനിയാഴ്ച 21 ടൺ ദുരിതാശ്വാസ വസ്തുക്കൾ എത്തിച്ചിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൊളംബോയിൽ എം.ഐ 17 വി 5 ഹെലികോപ്റ്ററുകൾ വിന്യസിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഐ.എൻ.എസ് വിക്രാന്തും ഐ.എൻ.എസ് ഉദൈഗിരിയും ആദ്യഘട്ട ദുരിതാശ്വാസ സാമഗ്രികൾ കൈമാറിയിരുന്നു. വിശാഖപട്ടണത്തിൽനിന്ന് ഐ.എൻ.എസ് സുകന്യയും പുറപ്പെട്ടിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനക്ക് ആവശ്യമായ ഉപകരണങ്ങൾ വഹിച്ചുള്ള വിമാനം ഞായറാഴ്ച കൊളംബോയിൽ എത്തി. ശ്രീലങ്കയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനും ഈ വിമാനം ഉപയോഗിക്കും. ശ്രീലങ്കയിലെ ഇന്ത്യൻ ഹൈകമീഷനും ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ യാത്രക്കാരെ സഹായിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.