ഹാനോയ് (വിയറ്റ്നാം): ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കൂട്ടായ്മക്ക് ചൈനയുടെ പിന്തുണയോടെ പിറവി. ഇന്ത്യയില്ലാത്തതിനാൽ, ചൈനക്ക് വൻ മേൽക്കൈ സമ്മാനിക്കുന്ന മേഖല സമഗ്ര സാമ്പത്തിക സഹകരണ കരാറിലൂടെയാണ് (ആർ.സി.ഇ.പി) ലോകത്തെ മൂന്നിലൊന്ന് വ്യാപാരം കൈയാളുന്ന രാജ്യങ്ങളുടെ കൂട്ടായ്മ പിറന്നത്.
10 ആസിയാൻ രാജ്യങ്ങൾക്കൊപ്പം (ഇന്തോനേഷ്യ, തായ്ലൻഡ്, സിംഗപ്പൂർ, മലേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം, ബ്രൂണെ, കംബോഡിയ, മ്യാന്മർ, ലാവോസ്) ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ന്യൂസിലൻഡ്, ആസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് വ്യാപാര പങ്കാളികൾ. ഞായറാഴ്ച വിയറ്റ്നാമിലെ ഹാനോയിയിൽ ആസിയാൻ വാർഷിക സമ്മേളനത്തിലായിരുന്നു കരാറിെൻറ ഒപ്പുവെക്കൽ. ആർ.സി.ഇ.പി ധാരണയിൽ ചൈന വിജയപ്രഖ്യാപനവും നടത്തി.
അമേരിക്കയുമായി വ്യാപാര ബന്ധം ഉലഞ്ഞ സാഹചര്യത്തിൽ ആർ.സി.ഇ.പി അംഗരാജ്യങ്ങളുമായി ചൈനക്ക് വൻതോതിൽ വ്യാപാരത്തിന് വഴിതുറക്കുന്നതാണ് കരാർ. മേഖലയിലെ ഏറ്റവും വലിയ വിപണിയും ചൈനയാണ്. അമേരിക്കയുടെ സ്വാധീനത്തിൽനിന്ന് മുക്തമായി മേഖലയിൽ പുതിയ വ്യാപാരനിയമങ്ങളും ചൈനയുടെ നേതൃത്വത്തിൽ പിറവിയെടുക്കാൻ ആർ.സി.ഇ.പി വഴിയൊരുക്കും.
യു.എസിൽ ട്രംപിെൻറ പരാജയം ഉടമ്പടിക്ക് ആക്കം കൂട്ടിയ ഘടകമാണ്. ആദ്യം മടിച്ചുനിന്ന ജപ്പാൻ ട്രംപിെൻറ വീഴ്ചയോടെ കരാറിൽ ഒപ്പുവെക്കാൻ സന്നദ്ധരാവുകയായിരുന്നു. കോവിഡ് മഹാമാരി കെടുതികളിൽനിന്ന് കരകയറാൻകൂടി ലക്ഷ്യമിട്ടാണ് പല രാജ്യങ്ങളും അതിവേഗം കരാറിെൻറ ഭാഗമായത്. 2012ലാണ് ആർ.സി.ഇ.പിയുടെ പ്രാരംഭ ചർച്ച തുടങ്ങിയത്.
കാർമേഘക്കൂട്ടത്തിനിടയിൽ പ്രതീക്ഷയുടെ രജത രേഖയാണ് പുതിയ ഉടമ്പടിയെന്ന് ചൈനീസ് പ്രധാനമന്ത്രി ലീ കെകിയാങ് പറഞ്ഞു. വിവിധ രാജ്യങ്ങൾ തമ്മിലെ സഹകരണമാണ് നേരായ വഴിയെന്നും ആഗോള സാമ്പത്തിക മേഖലയുടേയും മനുഷ്യരാശിയുടേയും പുരോഗതിക്ക് ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീരുവ വെട്ടിക്കുറച്ചുള്ള സ്വതന്ത്രവ്യാപാരത്തിന് ലക്ഷ്യമിടുന്ന കരാർ അമേരിക്കയുടെ നേതൃത്വത്തിൽ നേരത്തേയുണ്ടായിരുന്ന വാഷിങ്ടൺ വ്യാപാര സംരംഭത്തിെൻറ ബദലായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
വിലകുറഞ്ഞ ചൈനീസ് ഉൽപന്നങ്ങൾ വിപണിയിൽ വന്നു നിറയുമെന്ന ആശങ്കയിലാണ് കഴിഞ്ഞ വർഷം ഇന്ത്യ കരാറിൽനിന്ന് പിന്തിരിഞ്ഞത്. അതേസമയം, ഇന്ത്യക്ക് എപ്പോൾ വേണമെങ്കിലും അംഗമാകാനുള്ള അവസരം തുറന്നുകിടക്കുന്നുണ്ട്.
ഇന്ത്യയില്ലാതെത്തന്നെ 200 കോടിയിലേറെ ജനങ്ങളാണ് ആർ.സി.ഇ.പി പരിധിയിൽ വരുന്നത്. അമേരിക്ക അംഗമല്ലെങ്കിലും അംഗരാജ്യങ്ങളിലെ ഉപ കമ്പനികൾ വഴി വ്യാപാരത്തിെൻറ ലാഭവിഹിതം കൈപ്പറ്റാൻ അവർക്കും സാധിക്കും.
അംഗരാജ്യങ്ങൾക്കിടയിൽ എവിടേക്കും അനായാസംകയറ്റുമതി സാധ്യമാകുമെന്നതാണ് കമ്പനികളുടെ നേട്ടം. ഓരോ രാജ്യത്തിനും വേണ്ടി പ്രത്യേകം നടപടിക്രമം എന്നത് പഴങ്കഥയാകും.
പുതിയ വ്യാപാര ഘടന, കോവിഡിൽ തടസ്സപ്പെട്ട ഉൽപന്ന വിതരണം പുനഃസ്ഥാപിക്കൽ, മഹാമാരിക്കുശേഷമുള്ള തിരിച്ചുവരവ് എന്നിവയും കരാർ ലക്ഷ്യമിടുന്നു. ബൗദ്ധിക സ്വത്തവകാശം ബാധകമാക്കിയിട്ടുണ്ടെങ്കിലും പരിസ്ഥിതി സംരക്ഷണം, തൊഴിൽ അവകാശങ്ങൾ എന്നിവ കരാർ പരിധിയിൽ വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.