ഹവാന: അമേരിക്കയുടെ ഉപരോധത്തെത്തുടർന്ന് ഇന്ധനക്ഷാമം നേരിടുന്ന ക്യൂബയിൽ 29 മണിക്കൂറിലധികം നീണ്ടുനിന്ന സമ്പൂർണ്ണ വൈദ്യുതി തടസ്സം അവസാനിച്ചു. രാജ്യത്തെ ഏറ്റവും വലിയ എണ്ണ നിലയമായ 'അന്റോണിയോ ഗ്വിറ്റെറാസ്' വീണ്ടും പ്രവർത്തനക്ഷമമായതോടെയാണ് വൈദ്യുതി ബന്ധം ഭാഗികമായി തിരിച്ചെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഗ്രിഡ് പ്രവർത്തനസജ്ജമായെങ്കിലും, ആവശ്യത്തിന് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയാത്തതിനാൽ നിയന്ത്രണങ്ങൾ തുടരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചിരുന്നു. ഏകദേശം ഒരു കോടിയോളം ആളുകളാണ് ഇരുട്ടിലായത്.
വൈദ്യുതി വിതരണം മുടങ്ങിയതോടെ ജനങ്ങളുടെ പ്രതിഷേധം പലയിടത്തും അക്രമങ്ങളിൽ കലാശിക്കുകയാണ്. അവശ്യ വസ്കുക്കളുടെ വിലക്കയറ്റം, വൈദ്യുതി മുടക്കം തുടങ്ങിയ പ്രതിസന്ധികളിൽ പ്രതിഷേധിക്കുന്ന ജനം കഴിഞ്ഞ ദിവസം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസ് കെട്ടിടത്തിന് തീയിട്ടു. തലസ്ഥാന ഗരത്തിലെ മൊറോണിലെ ഓഫീസാണ് ഒരു സംഘം നശിപ്പിച്ചത്. തുടർന്ന് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ക്യൂബയുടെ ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
തുടർച്ചയായ വൈദ്യുതി തടസ്സങ്ങളും ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയുടെ ക്ഷാമവും ക്യൂബക്കാർക്കിടയിൽ അതൃപ്തി വർധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ പ്രതിഷേധക്കാരുടെ പരാതികളും ആവശ്യങ്ങളും ന്യായമാണെങ്കിലും പൗരന്മാരുടെ സമാധാനത്തിന് ഭീഷണിയായ അക്രമങ്ങളും നശീകരണ പ്രവർത്തനങ്ങളും അനുവദിക്കില്ലെന്ന് ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡയസ് കാനൽ പറഞ്ഞു.
ക്യൂബയിലേക്കുള്ള ഇന്ധന ലഭ്യത അമേരിക്ക തടഞ്ഞതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. ക്യൂബൻ സർക്കാരിന്റെ അഴിമതിയും അപ്രായോഗികമായ നയങ്ങളുമാണ് ഇതിന് കാരണമെന്ന് അമേരിക്ക കുറ്റപ്പെടുത്തുമ്പോൾ, തങ്ങളെ ശ്വാസം മുട്ടിക്കാനുള്ള നീക്കമാണിതെന്ന് ക്യൂബൻ പ്രസിഡന്റ് മിഗേൽ ഡിയാസ് കാനൽ തിരിച്ചടിച്ചു. തലസ്ഥാനമായ ഹവാനയിൽ പോലും ദിവസവും 16 മണിക്കൂറിലധികം വൈദ്യുതി തടസ്സം നേരിടുന്നുണ്ട്. ഇത് ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും വിതരണത്തെ സാരമായി ബാധിച്ചു. സോളാർ പാനലുകൾ വഴിയുള്ള ഉത്പാദനത്തെ മോശം കാലാവസ്ഥയും ബാധിച്ചിട്ടുണ്ട്.
‘എന്റെ ജീവിതകാലം മുഴുവൻ അമേരിക്കയെയും ക്യൂബയെയും കുറിച്ച് ഞാൻ കേൾക്കുകയാണ്. എപ്പോഴായിരിക്കും അമേരിക്ക ഇത് ചെയ്യുക? ക്യൂബ പിടിച്ചെടുക്കാനുള്ള ബഹുമതി എനിക്കായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു ട്രംപ് പറഞ്ഞു. ക്യൂബയെ മോചിപ്പിക്കണോ അതോ പിടിച്ചെടുക്കണോ എന്നത് തന്റെ ഇഷ്ടമാണെന്നും നിലവിൽ ക്യൂബ തികച്ചും ദുർബലമായ രാഷ്ട്രമാണെന്നും’ ട്രംപ് കൂട്ടിച്ചേർത്തു.
പ്രതിസന്ധി പരിഹരിക്കാൻ അമേരിക്കയും ക്യൂബയും തമ്മിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ക്യൂബ ഒരു ഒത്തുതീർപ്പിന് തയാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സൂചിപ്പിച്ചു. ഈ വർഷം ഇതുവരെ രണ്ട് ചെറിയ കപ്പലുകൾ മാത്രമാണ് ക്യൂബയിൽ ഇന്ധനവുമായി എത്തിയത്. ഹോങ്കോങ് പതാകയുള്ള മറ്റൊരു കപ്പൽ നിലവിൽ ക്യൂബ ലക്ഷ്യമാക്കി വരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.