കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങൾ, സീരിയൽ കില്ലർമാരുടെ വസ്‌തുക്കൾ; ഭീതിപ്പെടുത്തുന്ന ‘മരണത്തിന്‍റെ മ്യൂസിയം’

മ്യൂസിയങ്ങൾ സന്ദർശിക്കാൻ പൊതുവിൽ എല്ലാവർക്കും ഇഷ്ടമാണ്. ചരിത്രങ്ങളുടെ കലവറയാണ് ഓരോ മ്യൂസിയവും. വൈവിധ്യമാർന്ന കലാ വസ്തുക്കളുടെ ശേഖരം ഉൾക്കൊള്ളുന്ന പുരാതന വസ്തുക്കളുടെ കലവറ. എന്നാൽ, മരണത്തിന്‍റെ കഥ പറയുന്ന മ്യൂസിയത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?

കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങൾ, സീരിയൽ കില്ലർമാരുടെ വസ്‌തുക്കൾ, ബോഡി ബാഗുകൾ എന്നിവയുടെ ചിത്രങ്ങളും ശിൽപങ്ങളുമുള്ള ഭീതിപ്പെടുത്തുന്ന ഒരു മ്യൂസിയം. അമേരിക്കയിലെ ലൂസിയാനയിലെ ന്യൂ ഓർലിയൻസിൽ സ്ഥിതി ചെയ്യുന്ന ഡാർക്ക് 'ക്രൈം' മ്യൂസിയമാണിത്.

1995ൽ കാലിഫോർണിയയിലെ സാൻ ഡീഗോയിൽ ആദ്യത്തെ മ്യൂസിയം ഓഫ് ഡെത്ത് തുറന്നു. അത് പിന്നീട് ലോസ് ഏഞ്ചൽസിലെ ഹോളിവുഡ് ബൊളിവാർഡിലേക്ക് മാറ്റി. ഇപ്പോൾ ലൂസിയാനയിലെ ന്യൂ ഓർലിയൻസിൽ തുറന്നിരിക്കുന്നത് മ്യൂസിയം ഓഫ് ഡെത്തിന്റെ രണ്ടാമത്തെ ഔട്ട്‍ലെറ്റ്. എത്ര ധൈര്യമുള്ളവരായാലും ഈ മ്യൂസിയത്തിൽ സന്ദർശനം നടത്തി ഇറങ്ങുമ്പോൾ മനസ്സൊന്ന് പതറും. അത്രമാത്രം നിഗൂഢമായ, പേടിപ്പെടുത്തുന്ന ക്രൂരകൃത്യങ്ങളുടെ ഭീകരമായ ശേഖരമാണ് ഇവിടെ ഉള്ളത്.

ജെഫറി ഡാമറിനെ പോലുള്ള സീരിയൽ കില്ലർമാരിൽ നിന്നുള്ള കത്തുകൾ മുതൽ ജോൺ വെയ്ൻ ഗേസി ജൂനിയറിന്റെ കുപ്രസിദ്ധ ക്ലൗൺ ആർട്ട് വർക്ക് വരെ മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ മനുഷ്യന്‍റെ അസ്ഥികൂടങ്ങൾ, കുറ്റവാളികളുമായി ബന്ധപ്പെട്ട വസ്തുക്കൾ എന്നിവയൊക്കെ പ്രദർശപ്പിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങളുടെ ഭയാനകത മനസിലാക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു മ്യൂസിയം ഒരുക്കിയിരിക്കുന്നതെന്ന് ന്യൂ ഓർലിയൻസ് മ്യൂസിയത്തിന്റെ ക്യൂറേറ്റായ സ്കോട്ട് ഹീലി പറഞ്ഞു.

മരണത്തിന്റെ മ്യൂസിയം എല്ലാ അർഥത്തിലും ഭയപ്പെടുത്തുന്നതും ശല്യപ്പെടുത്തുന്നതുമായ കാര്യങ്ങളുടെ ഒരു സ്മാരകമാണ്. അത് പലർക്കും അസ്വസ്ഥത ഉണ്ടാക്കും -ഹീലി കൂട്ടിച്ചേർത്തു. സമൂഹമാധ്യമങ്ങളിലൂടെ മ്യൂസിയം ഓഫ് ഡെത്തിന്‍റെ നിരവധി ചിത്രങ്ങളാണ് പുറത്ത് വരുന്നത്. 

Tags:    
News Summary - crime scenes, belongings of serial killers; The terrifying 'Museum of Death'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.