ഏറ്റവുമുയർന്ന സൈനിക ചെലവുള്ള രാജ്യങ്ങളിൽ ആദ്യ അഞ്ചിൽ ഇന്ത്യയും; ഒന്നാമതുള്ളത് ഈ രാജ്യം...

ദേശസുരക്ഷയെന്നത് പരമാധികാരമുള്ള ഏത് രാജ്യത്തെ സംബന്ധിച്ചും സുപ്രധാനമാണ്. ഭൗമരാഷ്ട്രീയത്തിലും അയൽ രാജ്യങ്ങളിൽനിന്നുമുൾപ്പെടെ നേരിടുന്ന വെല്ലുവിളികൾ അതിജീവിച്ച് സുരക്ഷ ഉറപ്പാക്കാൻ പ്രതിരോധ സേനകളെ ശക്തിപ്പെടുത്തേണ്ടത് ഇന്ത്യ പോലൊരു രാജ്യത്തിന് അനിവാര്യമാണ്. സൈനികരംഗത്തെ സാങ്കേതികവൽക്കരിക്കാനും ഏറ്റവും പുതിയ ആയുധങ്ങൾ ലഭ്യമാക്കാനുമായി ശതകോടികളാണ് വലിയ രാജ്യങ്ങൾ ചെലവഴിക്കുന്നത്. ലോകത്തെ ഏറ്റവുമുയർന്ന സൈനിക ചെലവുള്ള അഞ്ച് രാജ്യങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.

5. സൗദി അറേബ്യ - 74.76 ബില്യൺ ഡോളർ. ഇറാനിൽനിന്നുൾപ്പെടെ സുരക്ഷാ വെല്ലുവിളികൾ ഉയരുന്ന പശ്ചാത്തലത്തിലാണ് സൗദി അറേബ്യയുടെ പ്രതിരോധ ചെലവ് ഉയരുന്നത്. ഏറ്റവും പുതിയ ആയുധങ്ങളും സാങ്കേതികവിദ്യകളും ലഭ്യമാക്കാനായാണ് സൗദി ഈ തുക വിനിയോഗിക്കുന്നത്.

4. ഇന്ത്യ - 75 ബില്യൺ ഡോളർ. വടക്ക് പടിഞ്ഞാറു ഭാഗത്ത് പാകിസ്താനിൽനിന്നും വടക്ക് കിഴക്ക് ഭാഗത്തുനിന്ന് ചൈനയിൽനിന്നുമാണ് ഇന്ത്യ ഏറ്റവും കൂടുതൽ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നത്. തദ്ദേശീയമായി ആയുധങ്ങളും സൈനിക വാഹനങ്ങളും നിർമിക്കാനാണ് ഇപ്പോൾ ഇന്ത്യ ശ്രമിച്ചുവരുന്നത്. തേജസ് പോർവിമാനം, ബ്രഹ്മോസ് മിസൈൽ, പിനാക്ക റോക്കറ്റ് ലോഞ്ചർ എന്നിവയെല്ലാം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചവയാണ്.

3. റഷ്യ - 126 ബില്യൺ ഡോളർ. പശ്ചാത്യ രാജ്യങ്ങളിൽനിന്ന് ഉപരോധം നേരിടുന്നുണ്ടെങ്കിലും റഷ്യ തങ്ങളുടെ പ്രതിരോധ ബജറ്റ് വെട്ടിക്കുറച്ചിട്ടില്ല. ഹൈപ്പർ സോണിക് മിസൈലുകൾക്കും ആണവശേഷിക്കും പുറമെ സൈബർ യുദ്ധത്തിനായും റഷ്‍യ ബജറ്റ് വിഹിതം പ്രയോജനപ്പെടുത്തുന്നു.

2. ചൈന - 266.85 ബില്യൺ. അമേരിക്കയുടെ ആധിപത്യത്തിനു തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് ചൈന വമ്പൻ പ്രതിരോധ ബജറ്റ് മുന്നോട്ടുവെക്കുന്നത്. തെക്കൻ ചൈന കടലിൽ ആധിപത്യമുറപ്പാക്കാൻ പ്രത്യേക ദൗത്യം തന്നെ ചൈനക്കുണ്ട്. ചൈനയുടം പീപ്പിൾസ് ലിബറേഷൻ ആർമിക്ക് അത്യാധുനിക ആയുധങ്ങളുള്ളതിനൊര്രം എ.ഐ അടിസ്ഥാനമാക്കിയുള്ള യുദ്ധ തന്ത്രങ്ങളും ചൈന ആവിഷ്കരിക്കുന്നു. എന്നാൽ ചൈനയുടെ പ്രതിരോധ ചെലവ് യു.എസ് പ്രതിരോധ ബജറ്റിന്‍റെ മൂന്നിലൊന്നേ വരൂ.

1. യു.എസ് -895 ബില്യൺ ഡോളർ. ലോകത്തെ ഏറ്റവും വലിയ പ്രതിരോധ ബജറ്റാണ് യു.എസിന്‍റേത്. സൈന്യത്തിന്‍റെ ആയുധവൽക്കരണം, പോർ വിമാനങ്ങൾ, ആണവായുധ ഗവേഷണം, സൈബർ പ്രതിരോധം, വിവിധ രാജ്യങ്ങളിലായുള്ള സൈനികവിന്യാസം എന്നിവക്കെല്ലാമായി ഈ തുക വിനിയോഗിക്കുന്നു.

യു.കെ (71.5 ബില്യൺ ഡോളർ), ജപ്പാൻ (57 ബില്യൺ ഡോളർ), ആസ്ട്രേലിയ (55.7 ബില്യൺ ഡോളർ), ഫ്രാൻസ് (55 ബില്യൺ ഡോളർ), യുക്രെയ്ൻ (53.7 ബില്യൺ ഡോളർ) എന്നിവയാണ് യഥാക്രമം ആറ് മുതൽ 10 വരെ സ്ഥാനങ്ങളിലുള്ള രാജ്യങ്ങൾ. ഇന്ത്യയുടെ അയൽ രാജ്യമായ പാകിസ്താന്‍റെ പ്രതിരോധ ബജറ്റ് 7.64 ബില്യൺ ഡോളറാണ്. 

Tags:    
News Summary - Countries with highest military spend in 2025, India stands at

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.