പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തെ ചൊല്ലി ഹോണ്ടുറാൻ കോൺഗ്രസിൽ ഏറ്റുമുട്ടൽ - വിഡിയോ

ടെഗുസിഗാൽപ: മധ്യ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസിൽ ആദ്യ വനിതാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സിയോമാര കാസ്ട്രോയുടെ പാർട്ടി അംഗങ്ങൾ തമ്മിലെ തർക്കം അക്രമാസക്തമായി. 20 വിമത അംഗങ്ങൾ തങ്ങളുടെ കൂട്ടാളികളിലൊരാളായ ജോർജ് കാലിക്‌സിനെ താൽക്കാലിക ഹോണ്ടുറാൻ കോൺഗ്രസിന്‍റെ പ്രസിഡന്റായി നിർദേശിച്ചതാണ് സംഘർഷങ്ങൾക്ക് വഴിവെച്ചത്.

നിർദേശത്തിനെതിരെ ഇടതുപക്ഷ ലിബ്രെ പാർട്ടിയിലെ നിയമസഭാംഗങ്ങൾ പ്രതിഷേധിക്കുകയും ഇത് കൈയാങ്കളിക്ക് കാരണമാവുകയും ചെയ്തു. ലിബ്രെയുടെ സഖ്യകക്ഷിയുമായുള്ള ഉടമ്പടിയുടെ ലംഘനമാണിതെന്ന് കാസ്ട്രോയുടെ അനുയായികൾ അവകാശപ്പെട്ടു. ഹോണ്ടുറാസ് സർക്കാറിന്റെ നിയമനിർമാണ ശാഖയാണ് നാഷനൽ കോൺഗ്രസ്.

ജോർജ് കാലിക്സ് സത്യപ്രതിജ്ഞ ചെയ്യാൻ വേദിയിൽ എത്തിയതിനെ തുടർന്ന് രോഷാകുലരായ ലിബ്രെ നിയമസഭാംഗങ്ങൾ രാജ്യദ്രോഹിയെന്ന് ആക്രോശിച്ച് വേദിയിലേക്ക് കയറുകയും കൈയേറ്റമാരംഭിക്കുകയും ചെയ്തു. കോൺഗ്രസ് പ്രസിഡന്റായി സാൽവഡോർ പാർട്ടി ഓഫ് ഹോണ്ടുറാസിന്റെ (പി.എസ്.എച്ച്) ലൂയിസ് റെഡോണ്ടോയെ പിന്തുണക്കാൻ തന്റെ പാർട്ടിയിലെ 50 നിയമസഭാംഗങ്ങളോട് കാസ്ട്രോ ആവശ്യപ്പെട്ടതു മുതൽ തന്നെ പാർട്ടിയിൽ പ്രതിസന്ധി ആരംഭിച്ചിരുന്നു.

2021 നവംബറിൽ നടന്ന തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ നാഷനൽ കോൺഗ്രസാണ് ചേർന്നത്. 20 വിമത അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തില്ല. ഹോണ്ടുറാസിൽ കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത് എന്നിവ ഇല്ലാതാക്കി കാസ്ട്രോ വാഗ്ദാനം ചെയ്ത അഴിമതി വിരുദ്ധ കാമ്പെയ്‌ൻ തടയാനാണ് ഈ 20 പേരും ശ്രമിക്കുന്നതെന്ന് ലിബ്രെ നേതാവായ ഗിൽബെർട്ടോ റിയോസ് വെള്ളിയാഴ്ച എ.എഫ്‌.പിയോട് പറഞ്ഞു.

ഹോണ്ടുറാൻ കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനം ലിബ്രെക്കും പി.എസ്‌.എച്ചിനും നൽകാമെന്ന് വാഗ്‌ദാനം ചെയ്‌തുണ്ടായ സഖ്യത്തിലാണ് സിയോമാര കാസ്ട്രോ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. ജനുവരി 27ന് യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഉൾപ്പെടെ രാജ്യാന്തര അതിഥികൾ പങ്കെടുക്കുന്ന ചടങ്ങിൽ കാസ്‌ട്രോ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് കോൺഗ്രസിൽ സംഘർഷമുണ്ടാകുന്നത്.


Tags:    
News Summary - Conflict in Honduran Congress - Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.