വാഷിങ്ടൺ: ഇസ്രായേൽ ബന്ദികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.എസിൽ നടന്ന റാലിക്ക് നേരെ ബോംബേറ്. കൊളറാഡോയിലെ ബൗൾഡർ നഗരത്തിൽ ഒരു മാളിന് മുമ്പിലാണ് സംഭവമുണ്ടായത്. ആക്രമണം നടത്തിയാളെ എഫ്.ബി.ഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ ലക്ഷ്യമെന്താണെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് ബൗൾഡർ പൊലീസ് മേധാവി സ്റ്റീവ് റെഡഫേൺ പറഞ്ഞു.
ഈയൊരു ഘട്ടത്തിൽ അക്രമിയുടെ ലക്ഷ്യത്തെ കുറിച്ച് പറയാനാവില്ലെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. മുഹമ്മദ് സാബ്രി സോളിമാൻ എന്നയാളാണ് ആക്രമണം നടത്തിയതെന്ന് എഫ്.ബി.ഐ ഏജന്റുമാർ അറിയിച്ചു. ഇയാൾക്കെതിരെ നിലവിൽ കുറ്റം ചുമത്തിയിട്ടില്ല.
അതേസമയം, ഗസ്സയിൽ വെടിനിർത്തലിന് അമേരിക്ക സമർപ്പിച്ച നിർദേശത്തിൽ ഭേദഗതിയാവശ്യപ്പെട്ട് ഹമാസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. യു.എസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഇത് സ്വീകാര്യമല്ലെന്ന് വ്യക്തമാക്കി. ബന്ദി മോചനത്തിന്റെ സമയം, ഇസ്രായേൽ സൈന്യത്തിന്റെ പിന്മാറ്റം, ഗസ്സയിൽ സഹായ വസ്തുക്കൾ എത്തിക്കൽ, ഇസ്രായേൽ കരാർ ലംഘിക്കില്ലെന്ന് അമേരിക്ക ഉറപ്പുനൽകൽ എന്നിവയുമായി ബന്ധപ്പെട്ടാണ് ഹമാസിന്റെ നിർദേശമെന്നാണ് റിപ്പോർട്ട്.
അതിനിടെ ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി തുടരുകയാണ്. 24 മണിക്കൂറിനിടെ 32 ഫലസ്തീനികൾ കൊല്ലപ്പെടുകയും 136 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 31 പേർ കൊല്ലപ്പെട്ടത് ഭക്ഷണ വിതരണ കേന്ദ്രത്തിലെ ആക്രമണത്തിലാണ്. ഗസ്സ യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികൾ 54,418 ആയി. 124,190 പേർക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.