ലൈംഗിക പീഡന കേസിലകപ്പെട്ട സഹോദരനെ വഴിവിട്ടു സഹായിച്ച വാർത്താ അവതാരകനെ സി.എൻ.എൻ സസ്പെൻഡ് ചെയ്തു

ന്യൂയോർക്ക്: അന്താരാഷ്ട്ര വാർത്താ മാധ്യമമായ സി.എൻ.എൻ പ്രൈം ടൈം അവതാരകന്‍ ക്രിസ് കോമോയെ സസ്പെൻഡ് ചെയ്തു. ലൈംഗിക പീഡന കേസിൽ അകപ്പെട്ട ന്യൂയോർക്ക് മുൻ ഗവർണറും സഹോദരനുമായ ആൻഡ്രൂ കോമോയെ സഹായിച്ചു എന്ന കുറ്റത്തിനാണ് ഇദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തത്. അനിശ്ചിത കാലത്തേക്കാണ് സസ്പെൻഡ് ചെയ്യുന്നതെന്നും നേരത്തെ അറിഞ്ഞതിനേക്കാളും വലിയ ഇടപെടലാണ് ക്രിസ് നടത്തിയതെന്ന് സിഎൻഎൻ വക്താവ് പ്രതികരിച്ചു.

കുടുംബം തന്നെയാണ് ജോലിയേക്കാൾ പ്രധാനപ്പെട്ടത് എന്നാണ് ക്രിസിന്‍റെ കേസിൽ കാണാൻ കഴിയുന്നതെന്നും സി.എൻ.എൻ വക്താവ് പറഞ്ഞു. നേരത്തേ ഞങ്ങൾ അറിഞ്ഞതിൽ നിന്നും വ്യത്യസ്തമായി ലൈംഗിക പീഡന കേസുകളിൽ പ്രതിസ്ഥാനത്തുള്ള സഹോദരനെ വഴിവിട്ടു സഹായിച്ചതിന്‍റെ നിരവധി തെളിവുകളാണ് ന്യൂയോർക്ക് സ്റ്റേറ്റ് അറ്റോർണി ജനറൽ പുറത്തുവിട്ടത്. ഈ തെളിവുകൾ നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നതെന്നും സി.എൻ.എൻ വക്താവ് വ്യക്തമാക്കി.

കോവിഡ് മഹാമാരിക്കാലത്ത് ദിനംപ്രതിയുള്ള വാർത്താ സമ്മേളനത്തിലൂടെ ഏറെ ജനപ്രിയനായ നേതാവായി മാറിയ ഗവർണറാണ് ആൻഡ്രൂ. അതിനു ശേഷം സഹപ്രവർത്തകർ ഉൾപ്പടെ നിരവധി സ്ത്രീകൾ ഇദ്ദേഹത്തിനെതിരെ ലൈംഗിക പീഡനപരാതിയുമായി രംഗത്തെത്തി. ഇതോടെ കഴിഞ്ഞ ആഗസ്റ്റിൽ ആൻഡ്രൂ രാജിവെക്കാൻ നിർബന്ധിതനാകുകയായിരുന്നു. ന്യൂയോർക്ക് മുൻ ഗവർണർ മരിയോ കോമോയുടെ മക്കളാണ് ക്രിസും ആൻഡ്ര്യൂവും.

സഹോദരനെ പ്രതിരോധിക്കാൻ ക്രിസ് നടത്തിയ ഇടപെടലുകളിലാണ് സി.എൻ.എൻ നടപടിയെടുത്തത്. ന്യൂയോർക്ക് അറ്റോർണി ജനറൽ ഓഫീസ് കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തിയ രേഖകളിലാണ് ഇവ പുറത്തുവന്നത്. 

Tags:    
News Summary - CNN Suspends Anchor, Says He Helped His Brother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.