34ാം നിലയിലെ ഫ്ലാറ്റ് വാങ്ങി, കെട്ടിടം പണി പൂർത്തിയായപ്പോൾ 32 നിലകൾ മാത്രം; വർഷങ്ങൾക്കുശേഷം തിരിച്ചറിഞ്ഞത് വൻ തട്ടിപ്പ്

ബെയ്ജിങ്: ജീവിതത്തിലെ മു​ഴുവൻ സമ്പാദ്യവും ചെലവഴിച്ച് വാങ്ങിയ ഫ്ലാറ്റ് യഥാർഥത്തിൽ ഇല്ലാത്ത നിലയിലാണെന്ന് വർഷങ്ങൾക്കുശേഷം തിരിച്ചറിഞ്ഞ് ചൈനീസ് പൗരൻ. ചൈനയിലെ ഷാൻഷി പ്രവിശ്യയിലെ സിയാനിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ഷെൻ എന്ന കുടുംബപേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് 32 നിലകളുള്ള കെട്ടിടത്തിന്റെ 34ാം നിലയിലെ ഫ്ലാറ്റ് വാങ്ങിയത്.

2013ലാണ് ഷെൻ ഒരു റിയൽ എസ്റ്റേറ്റ് പദ്ധതിയിൽ ഫ്ലാറ്റ് ബുക്ക് ചെയ്തത്. ഏകദേശം 16ലക്ഷം രൂപ (117,700 യുവാൻ) ആദ്യ പേയ്മെന്റായി നൽകി. ആവശ്യമായ സർട്ടിഫിക്കറ്റുകൾ പിന്നീട് നൽകാമെന്ന് നിർമാണ കമ്പനി വാഗ്ദാനം ചെയ്യുകയും ചെയ്തു. വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിലായതിനാലാണ് ഷെൻ ഫ്ലാറ്റ് വാങ്ങിയത്. 90 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള അപാർട്ട്മെന്റ് ഏകദേശം 33.69 ലക്ഷം രൂപക്കാണ് വാഗ്ദാനം ചെയ്തിരുന്നത്.

ചൈനയിലെ ​ഗ്രാമീണ കൂട്ടായ്മകളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിയമവിരുദ്ധമായി നിർമിക്കുന്ന ലിമിറ്റഡ് പ്രോ​പ്പർട്ടി റൈറ്റ്സ് വിഭാഗത്തിൽപ്പെട്ട ഫ്ലാറ്റാണ് ഷെൻ വാങ്ങിയത്. യഥാർഥ വിപണിയിലെ മൂന്നിലൊന്ന് വില മാത്രമാണ് ഇവക്കുണ്ടാകുക. ഇത്തരം റെസിഡൻഷ്യൽ ​​പദ്ധതികൾക്ക് നിയമപരമായ പരിരക്ഷ ലഭിക്കാറില്ല. വീണ്ടും വിൽക്കാനോ കൈമാറാനോ സാധിക്കില്ല. കൂടാതെ ചൈനയുടെ പ്രോപ്പർട്ടി നിയമങ്ങൾക്കും എതിരാണ്. എന്നാൽ, താങ്ങാവുന്ന വിലയായതിനാൽ പലരും ഇത്തരം ഫ്ലാറ്റുകൾ വാങ്ങാറുണ്ട്.

പണം മുൻകൂറായി നൽകിയെങ്കിലും ഫ്ലാറ്റിന്റെ നിർമാണം പൂർത്തിയാകുന്നതിൽ വർഷങ്ങളുടെ കാലതാമസം നേരിട്ടിരുന്നു. 2015ൽ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കാൻ ശ്രമിച്ചിരുന്നെങ്കിലും 2017ലാണ് കെട്ടിട നിർമാണം പൂർത്തിയായത്. 2017ൽ കെട്ടിടം പൂർത്തിയായപ്പോഴാണ് കെട്ടിടത്തിന് ആകെ 32 നിലകൾ മാത്രമാണുള്ളതെന്നും താൻ വാങ്ങിയ 34-ാം നില യഥാർഥത്തിൽ നിലവിലില്ലെന്നും ഷെൻ മനസ്സിലാക്കിയത്. പിന്നീട് 32-ാം നിലയിലെ മറ്റൊരു ഫ്ലാറ്റ് നൽകാമെന്ന് നിർമാണ കമ്പനി വാഗ്ദാനം ചെയ്തു. എന്നാൽ, ബാക്കി തുക കൈമാറാൻ ഷൈനിന് കഴിയാതെ വന്നതോടെ രണ്ടുമാസത്തിന് ശേഷം ഫ്ലാറ്റ് മറ്റൊരാൾക്ക് വിൽക്കുകയായിരുന്നു

തുടർന്ന് പണം തിരികെ ലഭിക്കാനായി ഷെൻ നിയമനടപടികൾ സ്വീകരിച്ചു. മധ്യസ്ഥ നടപടികളിൽ അദ്ദേഹത്തിന് അനുകൂലമായി വിധിയുണ്ടായി. പലിശയും നഷ്ടപരിഹാരവും നൽകാൻ അധികാരികൾ ഉത്തരവിട്ടു. ഇതേ തുടർന്ന് മുൻകൂറായി വാങ്ങിയ പണത്തിന്റെ കുറച്ചുഭാഗം മാത്രമാണ് ഡെവലപ്പർ തിരികെ നൽകി. ഫ്ലാറ്റ് വാങ്ങി ഒരു പതിറ്റാണ്ടിലേറെയായിട്ടും നഷ്ടപരിഹാരവും മുഴുവൻ തുകയും ഷെനിന് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - Chinese Man Buys Rs 33 Lakh Flat On 34th Floor Later Learns Building Has 32 Storeys

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.