ബെയ്ജിങ്: ചൈനയിലെ വൂഹാനിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട് ഒരു വർഷം പൂർത്തിയായി. ഇക്കഴിച്ച മാർച്ചിൽ 'സൗത്ത് ചൈന മോണിങ് പോസ്റ്റി'ൽ ചൈനീസ് സർക്കാർ രേഖകൾ ഉദ്ധരിച്ച് പ്രസിദ്ധീകരിച്ച ലേഖനത്തിൽ, 2019 നവംബർ 17നാണ് ഹുബെയ് പ്രവിശ്യ സ്വദേശിയായ ആദ്യ കോവിഡ് ബാധിതനെ കണ്ടെത്തിയത് എന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാൽ, പോയവർഷം ഡിസംബർ എട്ടുവരെ പുതിയതരം രോഗബാധയുണ്ടായതായി ചൈന ഔദ്യോഗികമായി അംഗീകരിച്ചില്ല.
2019ലെ അവസാന ദിവസമാണ് വൂഹാൻ മുനിസിപ്പൽ ആരോഗ്യ കമീഷൻ വൈറൽ ന്യൂമോണിയ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടെന്നും ജാഗ്രത വേണമെന്നും അറിയിപ്പ് നൽകുന്നത്. അജ്ഞാത രോഗത്തിനു പിന്നിൽ കൊറോണ വൈറസ് ആണെന്ന് ജനുവരി ഏഴിന് രോഗനിയന്ത്രണ പ്രതിരോധ വിഭാഗം സ്ഥിരീകരിക്കുകയും ചെയ്തു.
അതിനിടെ, വൂഹാനിലുണ്ടായ കോവിഡ് ബാധ റിപ്പോർട്ട് ചെയ്ത സിറ്റിസൺ ജേണലിസ്റ്റ് സാങ് സാന്‍ അഞ്ചു വർഷം ജയിൽശിക്ഷ ലഭിച്ചേക്കും. 37കാരിയായ സാൻ നേരേത്ത അഭിഭാഷകയായിരുന്നു. മേയിൽ അറസ്റ്റിലായതുമുതൽ ഇവർ തടവുകേന്ദ്രത്തിലാണ്. 'തർക്കങ്ങളും പ്രശ്നങ്ങളുമുണ്ടാക്കി'യെന്നതാണ് ഇവർക്കെതിരായ കുറ്റം.
ചൈനയിൽ ആക്ടിവിസ്റ്റുകളെ ഒതുക്കാൻ പൊതുവെ ചുമത്തുന്ന കുറ്റങ്ങളാണിത്. വൂഹാനിലെ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത ഒന്നിലധികം പേരെ ഭരണകൂടം നോട്ടമിട്ടിട്ടുണ്ട്. ഇതിൽ ചിലരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.