(REUTERS)
തായ്പേയ്: ചൈന അവരുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള കോവിഡ് വാക്സിൻ കൂടുതൽ പേർക്ക് നൽകാനൊരുങ്ങുന്നു. ഫലപ്രാപ്തിയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന് മുമ്പാണ് വാക്സിൻ ജനങ്ങൾക്ക് നൽകാൻ പോകുന്നത്. ചൈനയിലെ നഗരമായ ജിയാസിങ്ങിലുള്ള ജനങ്ങൾക്ക് ചൈനീസ് ഭരണകൂടത്തിെൻറ കീഴിലുള്ള സിനോവാക് ബയോടെക് നിർമിച്ചുകൊണ്ടിരിക്കുന്ന വാക്സിൻ നൽകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡബിൾ ഡോസിന് 60 ഡോളർ ( 4,400 ഇന്ത്യൻ രൂപ ) നിരക്കിലായിരിക്കും വാക്സിൻ നൽകുക.
നഗരത്തിലെ അടിസ്ഥാന പ്രവർത്തനങ്ങളിലേർപ്പെടുന്നവരടക്കമുള്ള 'ഹൈ റിസ്ക്' ഗ്രൂപ്പിനാണ് മുൻഗണന ലഭിക്കുക. അതേസമയം, വാക്സിൻ അടിയന്തരമായി ആവശ്യമുള്ള നഗരവാസികൾക്കും അപേക്ഷിക്കാമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്. നിലവിൽ അവസാന ഘട്ട ക്ലിനിക്കൽ പരിശോധനയിലുള്ള വാക്സിന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല എന്നതാണ് വസ്തുത. എന്നാൽ അടിയന്തര സാഹചര്യമെന്ന നിലക്കാണ് വിതരണം ചെയ്യുന്നതെന്ന വിശദീകരണവും അധികൃതർ നൽകുന്നുണ്ട്. മറ്റൊരു ചൈനീസ് കമ്പനിയായ ചൈന നാഷണൽ ബയോടെകും വാക്സിൻ വിതരണത്തിനായുള്ള ഒരുക്കത്തിലാണ്. വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾക്കാണ് വാക്സിൻ സൗജന്യമായി നൽകുകയെന്ന് അവർ അറിയിച്ചിട്ടുണ്ട്.
നിലവിൽ രാജ്യത്ത് 168,000 പേർ വാക്സിൻ കുത്തിവെപ്പിനായി ഒാൺലൈൻ സർവേ വഴി അപേക്ഷിച്ചതായും അതിൽ 91,000 പേരെ പരിഗണിച്ചതായും സി.എൻ.ബി.ജി അവരുടെ വെബ്സൈറ്റിലൂടെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് അത് നീക്കം ചെയ്യുകയും ചെയ്തു. ചൈനയിലെ മരുന്ന് കമ്പനികളുടേതായി അഞ്ച് വാക്സിനുകളാണ് അവസാന ഘട്ട പരിശോധനയിലുള്ളത്. അവയിലൊന്നിന് പോലും ജനങ്ങളിൽ കുത്തിവെക്കുന്നതിനുള്ള അംഗീകാരം നിലവിൽ ലഭിച്ചിട്ടില്ല. അതേസമയം ഇൗ വർഷാവസാനത്തിന് മുമ്പായി ഒരു വാക്സിൻ പൊതുജനങ്ങൾക്കായി തങ്ങൾ അവതരിപ്പിക്കുമെന്ന് ചൈനീസ് ആരോഗ്യ പ്രവർത്തകർ ഉറപ്പുനൽകുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.