മൂക്കുമുട്ടെ തിന്ന ശേഷം ഹോട്ടലിലെ ഭക്ഷണപ്പാത്രത്തിൽ മൂത്രമൊഴിച്ചു; 4000ലേറെ പേർക്ക് നഷ്ടപരിഹാരം നൽകുമെന്ന് ഹൈദിലാവോ

ബൈജിങ്: ഭക്ഷണം കഴിക്കാനെത്തിയവർ ഹോട്ട്പോട്ടിൽ (ചൈനീസ് രീതിയിൽ ഭക്ഷണം വേവിച്ച് തയാറാക്കുന്ന പാത്രം) മൂത്രമൊഴിച്ച സംഭവത്തിൽ 4000ലേറെ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകാൻ പ്രശസ്ത ചൈനീസ് റസ്റ്ററന്‍റ് ശൃംഖലയായ ഹൈദിലാവോ. രണ്ട് യുവാക്കൾ ഭക്ഷണം കഴിച്ച ശേഷം മേശയിൽ കയറി ഹോട്ട്പോട്ടിൽ മൂത്രമൊഴിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഫെബ്രുവരി 24നാണ് സംഭവം നടന്നതെന്നും എന്നാൽ തങ്ങളുടെ ഏത് ഔട്ട്ലെറ്റിലാണ് ഇത് സംഭവിച്ചതെന്ന് തിരിച്ചറിയാനായത് നാല് ദിവസം മുമ്പ് മാത്രമാണെന്നും ഹൈദിലാവോ പ്രസ്താവനയിൽ പറഞ്ഞു.

രണ്ട് യുവാക്കൾ റസ്റ്ററന്‍റിലെ സ്വകാര്യ ഡൈനിങ് മുറിയിലെ ഹോട്ട്പോട്ടിൽ മൂത്രമൊഴിക്കുന്ന വിഡിയോയാണ് പ്രചരിച്ചത്. ഹൈദിലാവോ പുതിയൊരു മൂത്രസൂപ്പ് തുടങ്ങിയിരിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു യുവാക്കളുടെ അതിക്രമം.

തങ്ങളുടെ സ്റ്റാഫിനുള്ള പരിശീലനക്കുറവാണ് സാഹചര്യം അപ്പോൾ തന്നെ കണ്ടെത്താൻ കഴിയാതെപോയതിന് കാരണമെന്ന് ഹൈദിലാവോ പ്രസ്താവനയിൽ പറഞ്ഞു. ഷാങ്ഹായിലെ ഡൗൺടൗണിലെ തങ്ങളുടെ ഔട്ട്‍ലെറ്റിലാണ് മൂത്രമൊഴിക്കൽ സംഭവം നടന്നതെന്നും ഇവർ വ്യക്തമാക്കി.

ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഈ സംഭവത്തിലൂടെയുണ്ടായ മാനസികമായ പ്രയാസം മനസ്സിലാക്കുന്നു. എന്ത് നഷ്ടപരിഹാരം നൽകിയാലും ഇത് പരിഹരിക്കാവുന്ന ഒന്നല്ല. എന്നാൽ, സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഏത് നഷ്ടപരിഹാരം നൽകാനും ഞങ്ങൾ തയാറാണ് -ഹൈദിലാവോ വ്യക്തമാക്കി. അതേസമയം, നഷ്ടപരിഹാരമായി എത്ര തുകയാണ് നൽകുകയെന്ന് സ്ഥാപനം വെളിപ്പെടുത്തിയിട്ടില്ല.

സംഭവത്തിൽ ഷാങ്ഹായി പൊലീസ് 17 വയസുകാരായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ഹൈദിലാവോ അറിയിച്ചു.

Tags:    
News Summary - China’s Haidilao to compensate thousands of customers over hotpot pee incident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.