പ്രണയിക്കാനറിയില്ലേ ? ഇനി അതും പഠിപ്പിക്കും; ലൗവ് എജ്യൂക്കേഷനുമായി ചൈന

സ്കൂളുകളിലും കോളേജുകളിലും സെക്സ് എജ്യൂക്കേഷൻ വേണമെന്ന ആവശ്യം എല്ലാവരും കേട്ടിട്ടുണ്ട്. സമൂഹത്തിലെ പല തരത്തിലുള്ള പ്രശ്നങ്ങൾക്കും ഇതൊരു പരിഹാരമായാണ് കാണുന്നത്. പക്ഷെ ഒരിക്കൽപോലും സ്കൂളുകളിലും കോളേജുകളിലും പ്രണയ വിദ്യാഭ്യാസം വേണമെന്ന ആവശ്യം ആരും ഉന്നയിച്ചിട്ടില്ല. എന്നാൽ രാജ്യത്തെ സർവകലാശാലകളിൽ പ്രണയ വിദ്യാഭ്യാസം കൊണ്ടുവരാൻ ഒരുങ്ങുകയാണ് ചൈനീസ് സർക്കാർ. രാജ്യത്ത് പ്രണയം കുറയുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. യുവാക്കൾക്ക് പ്രണയത്തോടും വിവാഹത്തോടുമുള്ള താല്പര്യം കുറയുന്നതാണ് ഇത്തരമൊരു നടപടി സ്വീകരിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.

ചൈന പോപുലേഷൻ ന്യൂസ് പറയുന്നതനുസരിച്ച് രാജ്യത്തെ 57 ശതമാനം കോളേജ് വിദ്യാർഥികളും പ്രണയത്തിന് എതിരാണ്. ഇതിനുള്ള പ്രധാന കാരണം പ്രണയവും പഠനവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോവുന്നത് എങ്ങനെ എന്നതിനെ കുറിച്ചുള്ള ധാരണ ഇല്ലാത്തതും സമയം ഇല്ലാത്തതുമാണ്. പ്രണയം എന്താണെന്ന് അറിയാത്തത് കൊണ്ട് തന്നെ വൈകാരിക ബന്ധങ്ങളെ കുറിച്ച് അറിവില്ലാതെയാണ് കുട്ടികൾ വളരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇത്തരമൊരു സാഹചര്യത്തിൽ പ്രണയ-വിവാഹ ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടത് സർവകലാശാലകളുടെ ചുമതലയാണെന്ന് ഔദ്യോഗിക വാർത്ത ഏജൻസിയായ സിൻഹുവ പറയുന്നു.

പുതിയ മാറ്റം കൊണ്ടുവരുന്നതിലൂടെ രാജ്യത്ത് ദാമ്പത്യത്തിനും കുട്ടികളുണ്ടാകുന്നതിനും അനുകൂലമായ ഒരു സംസ്കാരം ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ, രാജ്യത്തെ നിലവിലെ ജനസംഖ്യാ നിരക്കിനെ കുറിച്ചും, കുട്ടികളുണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചുമെല്ലാം യുവാക്കളെ ബോധവാന്മാരാക്കി സ്ഥിതി മെച്ചപ്പെടുത്താനാണ് ചൈനീസ് സർക്കാരിന്റെ ശ്രമം.

ജനന നിരക്ക് കുറയുന്നത് പരിഹരിക്കാനാണ് വിദ്യാഭ്യാസത്തിൽ പ്രണയ പാഠങ്ങൾ ഉൾപ്പെടുത്തുന്നത്. ദാമ്പത്യത്തിന്റെ നല്ല വശങ്ങൾ, കുടുംബ ജീവിതത്തിന്റെ ഗുണങ്ങൾ തുടങ്ങിയ കാര്യങ്ങൾ പഠനത്തിൽ ഉൾപ്പെടുത്തും. എതിർലിംഗവുമായുള്ള ആശയവിനിമയം, ഇഴകിച്ചേർന്ന ബന്ധങ്ങൾ എന്നിവയും സിലബസിൽ ഉണ്ടാകും. ബിരുദതലത്തിലുള്ളവരെയും മുതിർന്ന കോളേജ് വിദ്യാർഥികളെയുമാണ് പ്രണയം പഠിപ്പിക്കുക. ഇതിനായി കേസ് സ്റ്റഡികൾ, ഗ്രൂപ്പ് ചർച്ചകൾ തുടങ്ങിയ മാർഗങ്ങളാണ് ഉപയോഗിക്കുക.

കഴിഞ്ഞ മാസം, തദ്ദേശ സർക്കാരുകളോട് ജനസംഖ്യാ നിരക്ക് കുറയുന്നത് തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് ചൈനീസ് സ്റ്റേറ്റ് കൗൺസിൽ നിർദേശിച്ചിരുന്നു. പ്രണയവും വിവാഹവും കുട്ടികളുമെല്ലാം അതിന്‍റേതായ സമയത്ത് നടക്കണമെന്നാണ് സർക്കാർ നിലപാട്. കഴിഞ്ഞ വർഷം മാത്രം ചൈനയുടെ ജനസംഖ്യാ നിരക്കിൽ 0.15 ശതമാനമാണ് കുറഞ്ഞത്. ആകെ ജനസംഖ്യയില്‍ 20 ലക്ഷത്തിന്‍റെ കുറവ്. 2022-ൽ എട്ടര ലക്ഷമായിരുന്നു ജനസംഖ്യയിലെ കുറവ്. ജനന നിരക്ക് കുറഞ്ഞു വരുമ്പോൾ, മരണ നിരക്ക് 6.6 ശതമാനം വർധിക്കുകയും ചെയ്തു.

ഇത്തരത്തിൽ തുടർച്ചയായ രണ്ടാം വർഷമാണ് ജനസംഖ്യയിൽ കാര്യമായ കുറവ് ഉണ്ടാകുന്നത്. 140 കോടി ജനങ്ങളുള്ള ചൈന, ജനസംഖ്യയുടെ കാര്യത്തിൽ നിലവിൽ ഇന്ത്യയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ്. രാജ്യം ജനസംഖ്യാ നിയന്ത്രണത്തിന് നടപ്പാക്കിയ ‘ഒരു കുടുംബത്തിൽ ഒരു കുട്ടി’ എന്ന നയം പിൻവലിച്ചിട്ടും പ്രയോചനമുണ്ടായിരുന്നില്ല. അതിനു പിന്നാലെയാണ് പുതിയ നടപടി.

അതേസമയം ജനനനിരക്ക് വർധിപ്പിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പല പദ്ധതികൾക്കും ചൈന രൂപം കൊടുത്തിട്ടുണ്ട്. പ്രസവിക്കുമ്പോൾ വേദനയില്ലാതാക്കുന്ന മരുന്നുകൾക്ക് അടുത്തിടെയാണ് സർക്കാർ സബ്സിഡി പ്രഖ്യാപിച്ചത്. നേരത്തെ വലിയ തുകകൾ ഈടാക്കിയിരുന്നതിനാൽ തന്നെ ഈ മരുന്നുകൾ വാങ്ങുക പലരേയും സംബന്ധിച്ച് പ്രയാസകരമായിരുന്നു. അതിനിടയിലാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ‌ മരുന്നുകൾക്ക് സബ്സിഡി ഏർപ്പെടുത്തിയത്. 

Tags:    
News Summary - China to introduce 'love education' in colleges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.