താലിബാന് നൽകിയ പിന്തുണക്ക് പിന്നാലെ ചൈനീസ് ഖനന കമ്പനികൾ കൂട്ടത്തോടെ അഫ്ഗാനിലേക്ക്

അഫ്ഗാനിസ്ഥാനിൽനിന്ന് നാറ്റോ-യു.എസ് സഖ്യസേനയെ തുരത്തി താലിബാൻ അധികാരം പിടിച്ചപ്പോൾ പിന്തുണയുമായി എത്തിയവരിൽ ചൈനയും ഉണ്ടായിരുന്നു. അന്നുമുതൽ ഉയർന്ന ആക്ഷേപങ്ങളിൽ ഒന്നായിരുന്നു, അഫ്ഗാനിസ്ഥാനിലെ കലവറയില്ലാത്ത ധാതുസമ്പത്തിൽ കണ്ണുവെച്ചാണ് ചൈന താലിബാനെ പിന്തുണക്കുന്നത് എന്ന്. അതിനെ സാധൂകരിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അഞ്ച് ചൈനീസ് കമ്പനികളാണ് ഖനനത്തിന് അനുമതി നേടിയിരിക്കുന്നത്. ഇവർ കഴിഞ്ഞ നവംബറിൽ അഫ്ഗാനിസ്ഥാനിലെത്തി സാധ്യതാപഠനം അടക്കം നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ചൈനയിലെ ഖനന കമ്പനിയായ മെറ്റലർജിക്കൽ കോർപ്പറേഷൻ ഓഫ് ചൈന (എം.സി.സി) ഈ മാസം അവസാനത്തോടെ അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ ഓഫീസ് തുറക്കുമെന്ന് ശനിയാഴ്ച ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അഫ്ഗാനിസ്ഥാനിൽ ലിഥിയം അടക്കമുള്ള ഖനികളും പ്രകൃതി വിഭവങ്ങളും ഉണ്ട്. യുദ്ധത്തിൽ തകർന്ന രാജ്യം താലിബാൻ പിടിച്ചെടുത്തതിന് ശേഷം അഫ്ഗാനിസ്ഥാനിൽ 1 ട്രില്യൺ ഡോളർ മൂല്യമുള്ള ധാതു നിക്ഷേപത്തിലാണ് ചൈന ഉറ്റുനോക്കുന്നത്.

ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്റെ നേതൃത്വം മെസ് അയ്‌നാക് കോപ്പർ പ്രോജക്‌ട് സംബന്ധിച്ച കരാർ വിലയിരുത്തിയിട്ടുണ്ടെന്നും പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും മൈൻസ് ആൻഡ് പെട്രോളിയം മന്ത്രാലയത്തിന്റെ വക്താവ് ഇസ്മത്തുല്ല ബുർഹാൻ പറഞ്ഞു.

ലോഗർ പ്രവിശ്യയിലെ മെസ് ഐനാക്കിൽ ഖനനം ഉടൻ ആരംഭിക്കുമെന്ന് ബുർഹാൻ പറഞ്ഞു. കണക്കുകൾ പ്രകാരം മെസ് അയ്നാക്ക് സൈറ്റിൽ 11.08 ദശലക്ഷം ടൺ ചെമ്പ് ശേഖരം ഉണ്ട്.

Tags:    
News Summary - China Miner To Set Up Kabul Shop With Eye On Untapped Mineral Deposits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.