ഏഴ് തായ്‌വാൻ 'വിഘടനവാദി' ഉദ്യോഗസ്ഥർക്കെതിരെ ഉപരോധം ഏർപ്പെടുത്തി ചൈന

സ്വയം ഭരണത്തെ പിന്തുണച്ചതിന്റെ പേരിൽ ഏഴ് തായ്‌വാൻ ഉദ്യോഗസ്ഥരെ കരിമ്പട്ടികയിൽ പെടുത്തി ചൈന. ദ്വീപിന് സ്വാതന്ത്ര്യം നൽകാനാണ് സംഘം ശ്രമിക്കുന്നതെന്ന് ചൈന ആരോപിച്ചു.

ചൈനയിലെ പ്രധാന നഗരങ്ങളിലേക്കും ഹോങ്കോംഗ്, മക്കാവു പ്രദേശങ്ങളിലേക്കും പ്രവേശിക്കുന്നതിൽ നിന്ന് ഈ ഉദ്യോഗസ്ഥരെ നിരോധിക്കുകയും ചൈനീസ് ഉദ്യോഗസ്ഥരുമായി പ്രവർത്തിക്കുന്നതിൽ നിന്ന് നിയന്ത്രിക്കുകയും ചെയ്യുമെന്ന് ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടിയുടെ തായ്‌വാൻ വർക്ക് ഓഫീസ് വക്താവിനെ ഉദ്ധരിച്ച് സ്റ്റേറ്റ് ന്യൂസ് ഏജൻസി 'സിൻ‌ഹുവ' അറിയിച്ചു. ബെയ്ജിംഗ് നടപടിയെടുത്ത ഏഴ് ഉദ്യോഗസ്ഥരിൽ അമേരിക്കയിലെ തായ്‌വാൻ പ്രതിനിധി ബി-ഖിം ഹ്സിയാവോയും ഉൾപ്പെടുന്നു.

ക്രോസ്-സ്ട്രെയിറ്റ് ബന്ധങ്ങളുടെ സമാധാനപരമായ വികസനവും കടലിടുക്കിന്റെ ഇരുവശത്തുമുള്ള ജനങ്ങളുടെ അടിയന്തിര താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിന് 'ശിക്ഷാ നടപടികൾ' അനിവാര്യമാണെന്ന് സിൻ‌ഹുവ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഗ്ലോബൽ ടൈംസ് ടാബ്ലോയിഡ് "തീവ്ര വിഘടനവാദികൾ" എന്നാണ് ഉദ്യോഗസ്ഥരെ വിശേഷിപ്പിച്ചത്.

തായ്‌വാൻ വിദേശകാര്യ മന്ത്രാലയം ഉപരോധത്തിന് മറുപടിയായി ദ്വീപ് ഒരു ജനാധിപത്യ രാജ്യമാണെന്ന് പറഞ്ഞു. "ചൈനക്ക് ഇടപെടാൻ കഴിയില്ല. ഇതിലും കൂടുതലായി സ്വേച്ഛാധിപത്യവും ഏകാധിപത്യപരവുമായ സംവിധാനങ്ങളിൽ നിന്നുള്ള ഭീഷണികൾ ഞങ്ങൾക്ക് അംഗീകരിക്കാനാവില്ല" എന്ന് മന്ത്രാലയ വക്താവ് ജോവാൻ ഔ തായ്‌പേയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞതായി 'റോയിട്ടേഴ്‌സ്' വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യു. എസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം മുതൽ ദ്വീപിൽ ചൈന സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - China imposes sanctions on seven Taiwan ‘secessionist’ officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.