പാക്-അഫ്ഗാൻ അതിർത്തിയിൽ പുതിയ കൗണ്ടി സ്ഥാപിച്ച് ചൈന

ബീജിങ്: ഇന്ത്യയുടെയും അഫ്ഗാനിസ്താന്റെയും അതിർത്തി പങ്കിടുന്ന സിൻജിയാങ് പ്രവിശ്യയിൽ പുതിയ കൗണ്ടി സ്ഥാപിച്ച് ചൈന. പാക് അധീന കശ്മീരിനോടും അഫ്ഗാനിസ്ഥാനിലെ വഖാൻ ഇടനാഴിയോടും ചേർന്ന് 'സെൻലിങ്' എന്ന പേരിലാണ് പുതിയ കൗണ്ടി ചൈന പ്രഖ്യാപിച്ചത്. ഒരു വർഷത്തിനിടെ സിൻജിയാങ്ങിൽ ചൈന രൂപവത്കരിക്കുന്ന മൂന്നാമത്തെ കൗണ്ടിയാണിത്.

അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റം തടയാനും മേഖലയിലെ സുരക്ഷ ശക്തമാക്കാനുമാണ് ബീജിങ്ങിന്റെ ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. കാരക്കോറം പർവതനിരകളോട് ചേർന്ന് കിടക്കുന്ന സെൻലിങ് കൗണ്ടിയ്ക്ക് സൈനികമായും രാഷ്ട്രീയമായും വലിയ പ്രാധാന്യമുണ്ട്. കാഷ്ഗർ പ്രവിശ്യയുടെ ഭരണത്തിന് കീഴിലായിരിക്കും പുതിയ കൗണ്ടി വരികയെന്ന് ഹോങ്കോങ് ആസ്ഥാനമായുള്ള സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

നേരത്തെ ഈ മേഖലയിൽ ചൈന സ്ഥാപിച്ച ഹിയാൻ, ഹെകാങ് കൗണ്ടികൾക്കെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ലഡാക്കിന്റെ ഭാഗമായ അക്സായ് ചിൻ ഉൾപ്പെടെയുള്ള തർക്കപ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് ചൈന പുതിയ ഭരണവിഭാഗങ്ങൾ നിർമിക്കുന്നത് എന്നതാണ് ഇന്ത്യയുടെ പ്രധാന ആക്ഷേപം. 60 ബില്യൺ ഡോളറിന്റെ ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയുടെ പ്രഭവകേന്ദ്രമായ കാഷ്ഗറിനെ കേന്ദ്രീകരിച്ചുള്ള ഈ നീക്കം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അഫ്ഗാനിസ്താനിലെ വഖാൻ ഇടനാഴി വഴി ഉയ്ഗൂർ വിഘടനവാദികൾ സിൻജിയാങ്ങിലേക്ക് കടക്കുന്നത് തടയുക എന്നതാണ് ചൈനയുടെ പ്രധാന ലക്ഷ്യമെന്ന് പറയപ്പെടുന്നു. ഈസ്റ്റ് തുർക്കിസ്താൻ ഇസ് ലാമിക് മൂവ്‌മെന്റ് പോലുള്ള സംഘടനകളുടെ സ്വാധീനം കുറയ്ക്കാൻ താഴെത്തട്ടിലുള്ള ഭരണസംവിധാനം ശക്തമാക്കുന്നത് സഹായിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

എന്താണ് കൗണ്ടി (County)..?

ഒരു സംസ്ഥാനത്തിന്റെയോ രാജ്യത്തിന്റെയോ ഭരണപരവും ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ ഒരു ഉപവിഭാഗമാണ് കൗണ്ടി (County) എന്നുപറയുന്നത്. സാധാരണയായി ഒരു സംസ്ഥാനത്തേക്കാൾ ചെറുതും എന്നാൽ നഗരം, പട്ടണം അല്ലെങ്കിൽ ഗ്രാമം എന്നിവയേക്കാൾ വലുതുമായ ഒരു പ്രാദേശിക ഭരണതലത്തെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്. ഇന്ത്യയിൽ രാജ്യം-സംസ്ഥാനം-ജില്ല-താലൂക്ക് എന്ന രീതിയിലാണ് വരുന്നതെങ്കിൽ ചൈനയിൽ രാജ്യം-പ്രവിശ്യ-പ്രീഫെക്ച്വർ-കൗണ്ടി-ടൗൺഷിപ്പ് എന്നിങ്ങനെയാണ് ക്രമീകരിക്കപ്പെടുന്നത്. അതുപോലെത്തന്നെ കോടതി, ഭരണകർത്താവ് പോലെയുള്ള എല്ലാ രാഷ്ട്രീയപരവും ഭരണപരവുമായ സംവിധാനങ്ങൾ എല്ലാ കൗണ്ടികളിലും ഉണ്ടായിരിക്കും.

Tags:    
News Summary - China establishes new county on Pak-Afghan border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.