representation image

ട്രംപി​ന്റെ സ്വരം ഭീഷണിയു​ടേതെന്ന് ചൈന; ജി7, നാറ്റോ രാജ്യങ്ങൾ യു.എസിന് വഴങ്ങിയാൽ തിരിച്ചടിയെന്ന് മുന്നറിയിപ്പ്

ബെയ്ജിങ്: ചൈനക്കും റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന മറ്റ് രാജ്യങ്ങൾക്കും എതിരെ തീരുവ ചുമത്തണമെന്ന് ജി7, നാറ്റോ രാജ്യങ്ങളോടുള്ള അമേരിക്കയുടെ ആഹ്വാനം ഭീഷണിപ്പെടുത്തലും സാമ്പത്തിക ബലപ്രയോഗവുമാണെന്ന് ചൈന. അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങിയാൽ തിരിച്ചടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.

സാമ്പത്തിക, വ്യാപാര വിഷയങ്ങളിൽ അമേരിക്കയും ചൈനയും തമ്മിൽ സ്പെയിനിൽ ചർച്ച നടക്കുന്നതിനിടെയാണ് ചൈനയുടെ പ്രതികരണം. റഷ്യ ഉൾപ്പെടെ ലോകരാജ്യങ്ങളുമായുള്ള ചൈനയുടെ സാമ്പത്തിക, ഊർജ സഹകരണം നിയമാനുസൃതമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

യുഎസ് നീക്കം അന്താരാഷ്ട്ര വ്യാപാര നിയമങ്ങളെ ദുർബലപ്പെടുത്തുകയും ആഗോള വ്യാവസായിക, വിതരണ ശൃംഖലകളുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാകുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബലപ്രയോഗവും സമ്മർദവും പ്രശ്നങ്ങൾക്ക് പരിഹാരമല്ല. യുക്രെയ്ൻ സംഘർഷത്തിൽ ചൈനയുടെ നിലപാട് സ്ഥിരതയുള്ളതും വ്യക്തവുമാണ്. സംഭാഷണവും ചർച്ചയുമാണ് ഏക പ്രായോഗിക മാർഗം -അദ്ദേഹം പറഞ്ഞു.

നാറ്റോ രാജ്യങ്ങൾ ചൈനക്ക് 50 മുതൽ 100 ​​ശതമാനം വരെ തീരുവ ചുമത്തണമെന്നും യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അതിനിടെ, ബ്രസീലിൽനിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്തുന്നതിനെ ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡി സിൽവ വിമർശിച്ചു. നടപടി രാഷ്ട്രീയപരവും യുക്തിരഹിതവുമാണെന്ന് ന്യൂയോർക്ക് ടൈംസിലെ ലേഖനത്തിൽ അദ്ദേഹം പറഞ്ഞു. പരസ്പര നേട്ടമുണ്ടാക്കുന്ന ഏത് കാര്യത്തിനായും ചർച്ച നടത്താൻ തന്റെ സർക്കാർ തയാറാണ്. എന്നാൽ, ബ്രസീലിന്റെ ജനാധിപത്യത്തിലും പരമാധികാരത്തിലും വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധമായി അധികാരത്തിൽ തുടരാൻ ശ്രമിച്ചുവെന്ന കുറ്റം ചുമത്തപ്പെട്ട മുൻ പ്രസിഡന്റ് ജെയ്ർ ബോൾസോനാരോക്കെതിരായ വിചാരണയെ വേട്ടയെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് കഴിഞ്ഞ ജൂലൈയിൽ ബ്രസീലിനെതിരെ ട്രംപ് തീരുവ ചുമത്തിയത്.

Tags:    
News Summary - China accuses US of 'bullying' in push for tariffs over Russian oil purchases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.