വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത ആരാധകനും വലതുപക്ഷ ആക്ടിവിസ്റ്റുമായിരുന്നു വെടിയേറ്റു മരിച്ച ചാർലി കിർക്ക്. ഇക്കഴിഞ്ഞ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുവാക്കളുടെ വോട്ട് വൻതോതിൽ ട്രംപിനു ലഭിച്ചതിൽ ചാർലി കിർക്കിന്റെ പോഡ്കാസ്റ്റുകൾക്ക് വലിയ പങ്കുണ്ടായിരുന്നു. അമേരിക്കൻ കുടിയേറ്റത്തിൽ ട്രംപിനെ പോലെ കടുത്ത നിലപാട് സ്വീകരിച്ചിരുന്ന കിർക്കിന്റെ വാക്കുകൾ പലപ്പോഴും വിവാദമായിട്ടുമുണ്ട്.
യാഥാസ്ഥിതിക ആശയങ്ങൾക്ക് പ്രചാരം നേടിക്കൊണ്ടിരിക്കെ 2012ലാണ് കിർക്കും കൂട്ടുകാരും ചേർന്ന് ‘ടേണിങ് പോയിന്റ്’എന്ന സംഘടനയുണ്ടാക്കിയത്. ‘സാമ്പത്തിക ഉത്തരവാദിത്തം, സ്വതന്ത്ര വിപണി, പരിമിത സർക്കാർ എന്നീ തത്വങ്ങൾ പ്രോത്സാഹിപ്പിക്കുക’ എന്നാണ് സംഘടനയുടെ ദൗത്യമായി പറയുന്നത്. യു.എസിലെ കോളജ് ക്യാമ്പസുകളിൽ വലിയ സ്വീകാര്യത ലഭിച്ച സംഘടന പിന്നീട് വലതുപക്ഷ ആശയങ്ങളുടെ വലിയ പ്രചാര വേദിയായി. 800ലേറെ കാമ്പസുകളിലേക്ക് സംഘടന പടർന്നു പന്തലിച്ചു.
‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ എന്ന ട്രംപിന്റെ മുദ്രാവാക്യം ഏറ്റെടുത്ത കിർക്ക് കുടിയേറ്റത്തിനെതിരെ കടുത്ത നിലപാടുകൾ സ്വീകരിച്ചു. ‘യുഎസിലേക്ക് ഇനിയും ഇന്ത്യക്കാർ വരേണ്ട’ എന്ന കിർക്കിന്റെ നിലപാട് ചർച്ചയായിരുന്നു. എക്സിൽ 52 ലക്ഷം പേരാണ് ചാർലി കിർക്കിനെ പിന്തുടരുന്നത്. ദ് ചാർലി കിർക്ക് ഷോ എന്ന പേരിലുള്ള പോഡ്കാസ്റ്റിന് ഓരോ മാസവും അഞ്ചു ലക്ഷത്തിലേറെ കേൾവിക്കാരുണ്ട്.
തീവ്ര ഇടതുപക്ഷമാണ് കിർക്കിന്റെ കൊലപാതകത്തിന് പിന്നിലെന്ന് ട്രംപ് പറഞ്ഞു. തീവ്ര ഇടതുപക്ഷം നിരവധി നിരപരാധികളുടെ ജീവനാണ് എടുത്തത്. ലിബറൽ ചിന്താഗതിക്കാരാണ് ഇവർക്ക് പ്രോത്സാഹനം നൽകുന്നത്. രാജ്യത്തിനെതിരെയുള്ള ഈ തീവ്രവാദം അവസാനിപ്പിച്ചേ മതിയാകൂവെന്നും ട്രംപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.