വാഷിങ്ടൺ: ട്രംപിന്‍റെ വിശ്വസ്തൻ ചാർളി കിർക്കിന്‍റെ കൊലപാതകത്തിന് പിന്നിലെ പ്രതി ടെയ്‍ലർ റോബിൻസൺ പിടിയിൽ. യൂട്ടവാലി സര്‍വകലാശാലയിലെ ചടങ്ങിനിടെയാണ് കിർക്കിനു നേർക്ക് വെടിയുതിർക്കുന്നത്. സർവകലാശാലയിലെ ഒരു വിദ്യാർഥിയുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് ആക്രമണം.
കൊലപാതകത്തിനു പിന്നിലുള്ളയാളെ തെരച്ചിലുകൾക്കൊടുവിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഡോണൾഡ് ട്രംപ് വാർത്താ മാധ്യമത്തോട് പറഞ്ഞിരുന്നു. കൊലപാതകിക്ക് വധ ശിക്ഷ നൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. പ്രതിയുടെ പിതാവ് പൊലീസുകാരെ ഏൽപ്പിക്കുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. പ്രതിയെ പൊലീസ് ആസ്ഥാനത്ത് ചോദ്യംചെയ്തു. ചാർളി കിർക്ക് നല്ല മനുഷ്യനായിരുന്നുവെന്നും അദ്ദേഹം ഇത്തരമൊരാക്രമണം അർഹിച്ചിരുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
യൂട്ടയിലെ യൂനിവേഴ്സിറ്റി കാമ്പസ് കെട്ടിടത്തിൽനിന്ന് പ്രതി താഴോട്ടു ചാടുന്ന സി.സി.ടി.വി ദൃശ്യമടക്കം പ്രചരിച്ചിരുന്നു. 7000ത്തിലേറെ സൂചനകൾ ഇതിനകം ലഭിച്ചതായും പ്രതിയിലേക്ക് ഇനിയേറെ ദൂരമില്ലെന്നും അന്വേഷണസംഘം നേരത്തേ വ്യക്തമാക്കിയിരുന്നു. സൺഗ്ലാസും തൊപ്പിയും നീളൻ കൈയുള്ള കറുത്ത ഷർട്ടും ധരിച്ച് പുറത്ത് ബാഗുള്ള ഒരാളുടെ ചിത്രം അധികൃതർ പുറത്തുവിട്ടിരുന്നു. ഇയാൾ ഉപയോഗിച്ച തോക്ക് കണ്ടെടുത്തിട്ടുണ്ട്. ഇത് പരിശോധിച്ചുവരുകയാണ്. പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം ഡോളർ സമ്മാനത്തുകയും പ്രഖ്യാപിച്ചിരുന്നു.
200 മീറ്റർ അകലെ നിന്നാണ് ഇയാൾ വെടിയുതിർത്തത്. അറസ്റ്റിനെക്കുറിച്ച് എഫ്.ബി.ഐയോ യു.എസോ പ്രതികരിച്ചിട്ടില്ല. ഡോണൾഡ് ട്രംപിന്‍റെ കടുത്ത ആരാധകനും വലതുപക്ഷ ആക്ടിവിസ്റ്റുമായിരുന്നു വെടിയേറ്റു മരിച്ച ചാർലി കിർക്ക്. ഇക്കഴിഞ്ഞ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുവാക്കളുടെ വോട്ട് വൻതോതിൽ ട്രംപിനു ലഭിച്ചതിൽ ചാർലി കിർക്കിന്‍റെ പോഡ്കാസ്റ്റുകൾക്ക് വലിയ പങ്കുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.