യുക്രൈനിൽ വെടി നിർത്തൽ ലംഘനം; യു.എസ് മൗനം തുടരുന്നു

കൈവ്: യുക്രൈനിൽ റഷ്യ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്കും, വെടിനിർത്തൽ ലംഘനത്തിനുമെതിരെ യു.എസ് പ്രതികരിക്കാതെ തുടരുന്നതിനെതിരെ യുക്രൈൻ പ്രസിഡന്റ് വ്ളാദിമർ സെലൻസ്കി നിരാശ പ്രകടിപ്പിച്ചു. 'അമേരിക്കയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ല' എന്ന് അദ്ദേഹം പറഞ്ഞു.

ജപ്പാൻ, സ്വിറ്റ്സർലൻഡ്, ജർമ്മനി തുടങ്ങിയ നിരവധി എംബസികൾ ഐക്യദാർഡ്യം പ്രകടിപ്പിച്ചതിനെ സെലെൻസ്‌കി പ്രശംസിച്ചപ്പോൾ, യു.എസ് എംബസിയുടെ പ്രതികരണം നിരാശാജനകമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

ഒറ്റ രാത്രികൊണ്ട് 23 മിസൈലുകളും 109 ഡ്രോണുകളും ഉപയോഗിച്ച് റഷ്യ നടത്തിയ ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേറ്റതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. തീവ്രതയേറിയ ഈ ആക്രമണങ്ങൾ യുദ്ധം കൂടുതൽ രൂക്ഷമാക്കുന്നുവെന്നും സെലെൻസ്കി അറിയിച്ചു.

യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക നിർദേശിച്ച ഉപാധികളില്ലാത്ത വെടിനിർത്തലിന് യുക്രെയിൻ സമ്മതിച്ചെങ്കിലും, റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിൻ അത് നിരസിച്ചു. അതോടൊപ്പം, റഷ്യ യുക്രെയ്നിലെ സുമി മേഖലയിലെ ഒരു ഗ്രാമം പിടിച്ചെടുത്തതായി അവകാശപ്പെട്ടു.

റഷ്യൻ ആക്രമണങ്ങളിൽ ഗതാഗത സംവിധാനങ്ങൾ, ബിസിനസ് കേന്ദ്രങ്ങൾ, ഫാക്ടറികൾ, വൈദ്യുതിബോർഡ് ഉൾപ്പടെ നിരവധി അടിസ്ഥാന സൗകര്യങ്ങൾ നശിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. കൈവിലെ ന്യൂസ് റൂമുകൾ ഉൾപ്പെടെ നോണ്രസിഡൻഷ്യൽ കെട്ടിടങ്ങൾ കത്തി നശിച്ചു. ബിസിനസ് ഹബുകളും ഫർണിച്ചർ ഫാക്ടറികളും വലിയ നാശം നേരിട്ടതായും റിപ്പോർട്ട് ചെയ്തു.

തെക്കൻ ഖേർസൺ മേഖലയിൽ ഡ്രോൺ ആക്രമണത്തിൽ 59 വയസുള്ള ഒരാൾ കൊല്ലപ്പെട്ടു. ഖാർകിവിൽ ഗൈഡഡ് എയരിയൽ ബോംബ് ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായി അധികൃതർ വ്യക്തമാക്കി. കൈവ് മേഖലയിൽ വീടിന് തീപിടിച്ച് ഒരാൾക്ക് പൊള്ളലേറ്റിട്ടുണ്ട്.

റഷ്യയുടെ അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടിക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആഹ്വാനം നടത്തി. 'എത്രയും വേഗം വെടിനിർത്തൽ നടപ്പാക്കണം. റഷ്യ സമാധാനം നിഷേധിക്കാൻ ശ്രമിക്കുകയാണെങ്കിൽ ശക്തമായ നടപടിയെടുക്കണ'മെന്ന് അദ്ദേഹം പറഞ്ഞു.

മോസ്കോ കുട്ടികളെയും സാധാരണക്കാരെയും കൊന്നൊടുക്കുന്നു എന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. ക്രൈവി റിഗിൽ നടന്ന മിസൈൽ ആക്രമണത്തിൽ ഒമ്പത് കുട്ടികൾ ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഈ പ്രതികരണം.

പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ റഷ്യ 1,460-ലധികം ഗൈഡഡ് ഏരിയൽ ബോംബുകളും, ഏകദേശം 670 ഡ്രോണുകളും, 30-ലധികം മിസൈലുകളും യുക്രൈനിലേക്ക് വിക്ഷേപിച്ചിട്ടുണ്ടെന്ന് സെലെൻസ്കി പറഞ്ഞു.

2022 ഫെബ്രുവരിയിലാണ് റഷ്യ പൂർണ അധിനിവേശം ആരംഭിച്ചത്. മൂന്ന് വർഷത്തിലേറെയായി നീളുന്ന യുദ്ധം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. റഷ്യ-യുക്രെയിൻ ബന്ധങ്ങളിൽ മാറ്റമുണ്ടാകാൻ സമീപകാലത്ത് ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് ക്രെംലിൻ വക്താക്കൾ സൂചിപ്പിക്കുന്നു.

Tags:    
News Summary - Ceasefire violation in Ukraine; US continues silence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.