കിയവ്: റഷ്യ-യുക്രെയ്ൻ സമാധാന പ്രതീക്ഷകൾക്കിടെ, വെടിനിർത്തൽ ലംഘിച്ച് വീണ്ടും ആക്രമണങ്ങൾ. കഴിഞ്ഞ ദിവസങ്ങളിൽ ഇരു രാജ്യങ്ങളും പ്രഖ്യാപിച്ച വെടിനിർത്തലിനു പിന്നാലെ, ചൊവ്വാഴ്ച രാത്രിയിൽ റഷ്യ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ യുക്രെയ്നിൽ സാധാരണക്കാർ ഉൾപ്പെടെ 27ഓളം പേർ കൊല്ലപ്പെട്ടു. 120 ഓളം പേർക്ക് പരിക്കേറ്റതായി യുക്രെയ്ൻ ആഭ്യന്തര മന്ത്രി ഇഹോർ ക്ലിമെങ്കോ പറഞ്ഞു. 120ഓളം ഡ്രോണുകളും മൂന്ന് മിസൈലുകളും തങ്ങൾക്കുനേരെ പ്രയോഗിച്ചതായി മന്ത്രി വിശദീകരിച്ചു. ഇരു രാജ്യങ്ങളും സ്വന്തം നിലയിൽ ഹ്രസ്വകാല വെടിനിർത്തൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ലംഘനവുമുണ്ടായത്.
രണ്ടാം ലോകയുദ്ധത്തിലെ വിജയദിനത്തോടനുബന്ധിച്ച് മേയ് എട്ട്, ഒമ്പത് തീയതികളിലായി വെടിനിർത്തുന്നതായി റഷ്യയാണ് ആദ്യം പ്രഖ്യാപിച്ചത്. ശനിയാഴ്ച നടക്കുന്ന ആഘോഷ പരിപാടികൾ സമാധാനപരമായി നടത്തുന്നതിനാണ് വെടിനിർത്തലെന്നും, യുക്രെയ്ൻ ഇത് പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും റഷ്യ പറഞ്ഞു. അതിന് മറുപടിയായി മേയ് അഞ്ച്, ആറ് തീയതികളിൽ സ്വന്തം നിലയിൽ വെടിനിർത്തൽ നടപ്പിലാക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയും അറിയിച്ചിരുന്നു. അതേസമയം, റഷ്യൻ മേഖലയിലേക്ക് യുക്രെയ്ൻ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഡ്രോൺ-മിസൈൽ ആക്രമണമെന്ന് റഷ്യ വ്യക്തമാക്കി. ക്രിമിയയിലെ സാൻകോയിൽ യുക്രെയ്ന്റെ ഡ്രോണുകൾ പതിച്ച് അഞ്ചുപേർ കൊല്ലപ്പെട്ടതായി റഷ്യൻ ഗവർണർ സെർജി അക്സിനോവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.