ഖലിസ്ഥാൻ നേതാവിന്റെ മരണം: അന്വേഷണത്തിൽ ഇന്ത്യ സഹകരിക്കണമെന്ന് ട്രൂഡോ

ഓട്ടവ: ഖലിസ്ഥാൻ നേതാവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇന്ത്യ സഹകരിക്കണമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. എന്നാൽ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്നതിന്റെ തെളിവുകൾ ഇപ്പോൾ പുറത്തുവിടില്ലെന്നും ട്രൂഡോ വ്യക്തമാക്കി. ജൂണിൽ കനേഡിയൻ പൗരനും ഖലിസ്ഥാൻ നേതാവുമായ ഹർദീപ് നിജ്ജർ കൊല്ലപ്പെട്ടതിൽ ഇന്ത്യക്ക് പങ്കുണ്ട് എന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട മാസങ്ങൾ നീണ്ട അന്വേഷണത്തിൽ കനേഡിയൻ സർക്കാർ നിരവധി വിവരങ്ങൾ ശേഖരിച്ചതായും റിപ്പോർട്ടുണ്ട്. ഇന്ത്യ പ്രധാനപ്പെട്ട ഒരു രാജ്യമാണ്. ഞങ്ങൾക്കൊപ്പം തുടരേണ്ട രാജ്യമാണെന്നതിലും തർക്കമില്ല. പ്രകോപനമുണ്ടാക്കാനോ പ്രശ്നങ്ങൾ സൃഷ്ടിക്കാനോ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എന്നാൽ കനേഡിയൻ പൗരൻമാരെ സംരക്ഷിക്കേണ്ട ബാധ്യത ഞങ്ങൾക്കുണ്ട്. അതിനാലാണ് സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്താൻ അന്വേഷണം നടത്തണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടുന്നത്.-ട്രൂഡോ പറഞ്ഞു.

നിജ്ജറിന്റെ കൊലപാതകത്തിനു പിന്നാലെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ഉലഞ്ഞത്. തുടർന്ന് കനേഡിയൻ പൗരൻമാർക്ക് ഇന്ത്യൻ വിസ നൽകുന്നത് നിർത്തിവെച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ വിസ നടപടികൾ സാധിക്കില്ലെന്നാണ് ഉത്തരവ്. ഇ-വിസ ഉൾപ്പെടെ എല്ലാ വിസകൾക്കും നിലവിൽ വിലക്കുണ്ട്.

ഖലിസ്ഥാൻ നേതാവ് ഹർദീപ്സിങ് നിജ്ജർ കൊല്ലപ്പെട്ടതിൽ ഇന്ത്യക്ക് പങ്കുണ്ടെന്നാരോപിച്ച് ഉന്നത റോ ഉ​ദ്യോഗസ്ഥൻ പവൻകുമാർ റായിയെ തിങ്കളാഴ്ച കാനഡ പുറത്താക്കിയിരുന്നു. ആരോപണം തള്ളിയ ഇന്ത്യ കനേഡിയൻ ഹൈകമ്മീഷണർ കാമറോൺ മക്കയോവെയെ വിദേശകാര്യ മന്ത്രാലയത്തിൽ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ചു. തൊട്ടുപിന്നാലെ, കാനഡയുടെ ഇന്റലിജൻസ് സർവീസ് തലവൻ ഒലിവർ സിൽവസ്റ്ററിനെ ഇന്ത്യ പുറത്താക്കി. ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെ.ടി.എഫ്) കാനഡയിലെ തലവൻ ഹർദീപ് സിങ് നിജ്ജാർ ജൂണിലാണ് യു.എസ്– കാനഡ അതിർത്തിയിലെ സറെ നഗരത്തിൽ അജ്ഞാതരുടെ വെടിയേറ്റുമരിച്ചത്.

Tags:    
News Summary - Canadian Prime Minister Justin Trudeau urges India to cooperate in murder probe, declines to release evidence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.