മാർക് കാർണി

ട്രംപിന് ഒരു ചുക്കും ചെയ്യാൻ സാധിച്ചില്ല; കാനഡയിൽ മാർക് കാർണിയുടെ ലിബറൽ പാർട്ടിക്ക് ഭരണത്തുടർച്ച

ഓട്ടവ: യു.എസുമായുള്ള വ്യാപാരയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ നടന്ന കനേഡിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മാർക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടി  ചരിത്രവിജയത്തിലേക്ക്. 167 സീറ്റുകളിലാണ് ലിബറൽ പാർട്ടി മുന്നേറുന്നത്. കേവല ഭൂരിപക്ഷം തികക്കാനുള്ള 172 സീറ്റ് നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും മറ്റൊരു പാർട്ടിയുടെയും പിന്തുണയില്ലാതെ ലിബറലുകൾക്ക് സർക്കാർ രൂപവത്കരിക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്.

കൺസർവേറ്റീവുകൾ 145 സീറ്റുകളിലാണ് മുന്നിട്ടുനിൽക്കുന്നത്. കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പൊളീവർ പരാജയം സമ്മതിച്ചു. കാനഡക്കെതിരെ തീരുവ യുദ്ധം പ്രഖ്യാപിച്ച യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രാജ്യത്തെ യു.എസിന്റെ 51ാമത്തെ സംസ്ഥാനമായി കൂട്ടിച്ചേർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ട്രംപിന്റെ ഭീഷണിയെ സംയമനത്തോടെയാണ് കാർണി നേരിട്ടത്. അതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പ്രചാരണ തന്ത്രവും. ട്രംപിന്റെ ഭീഷണി വരുന്നത്‍ വരെ കൺസർവേറ്റീവുകൾ അധികാരത്തിലെത്തുമെന്നായിരുന്നു അഭിപ്രായ സർവേകൾ.

യു.എസിനെ ആശ്രയിക്കുന്നത് കുറക്കാനുള്ള നടപടികൾക്കാണ് അദ്ദേഹം ഊന്നൽ നൽകിയത്. ട്രംപിന് കാനഡയെ തകർക്കാൻ കഴിയില്ല എന്നതിന്റെ വ്യക്തമായ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് കാർണി പ്രഖ്യാപിക്കുകയും ചെയ്തു.

അതിനിടെ, തെരഞ്ഞെടുപ്പിൽ വലിയ ​തിരിച്ചടി നേരിട്ട ന്യൂ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജഗ്മീത് സിങ് രാജിവെച്ചു. ബെർണബേ സെൻട്രൽ സീറ്റിൽ ലിബറൽ സ്ഥാനാർഥി വേഡ് ചാങ്ങിനോടാണ് ജഗ്മീത് സിങ് കനത്ത പരാജയം ഏറ്റുവാങ്ങിയത്.   

ഇക്കഴിഞ്ഞ ജനുവരിയിൽ ജസ്റ്റിൻ ട്രൂഡോ രാജിവെച്ചതിന് പിന്നാലെയാണ് മുൻ കേന്ദ്രബാങ്ക് ഗവർണറായ കാർണി പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ഒക്ടോബർ വരെ കാലാവധിയുണ്ടായിട്ടും അദ്ദേഹം ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. ജഗ്മീത് സിങ്ങിന്റെ പാർട്ടിയുടെ പിന്തുണയോടെയായിരുന്നു ട്രൂഡോ അധികാരത്തിലിരുന്നത്. ആ സമയം ലിബറലുകൾക്ക് 152ഉം കൺസർവേറ്റീവുകൾക്ക് 120 സീറ്റുകളുമാണ് പാർലമെന്റിലുണ്ടായിരുന്നത്.

Tags:    
News Summary - Canada’s Carney secures historic election win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.