കുടുംബം ആക്രമണത്തിനിരയായി കൊല്ലപ്പെട്ട സ്ഥലത്ത് ആദരാഞ്ജലി അര്‍പ്പിക്കുന്ന കുട്ടി

'അവരെ കൊന്നത് മുസ്‌ലിമായതിനാല്‍'; കാനഡയില്‍ കുടുംബത്തിലെ നാലു പേരെ വണ്ടി കയറ്റി കൊന്നു

ഒട്ടാവ: കാനഡയിലെ ഒന്റാരിയോയില്‍ കുടുംബത്തിലെ നാലു പേരെ പിക്ക് അപ് ട്രക്ക് ഇടിച്ച് കൊലപ്പെടുത്തിയ സംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് പൊലീസ്. 'ഇത് ആസൂത്രിതവും മുന്‍കൂട്ടി തീരുമാനിച്ചതുമായ ആക്രമണമായിരുന്നു എന്നതിന് തെളിവുകളുണ്ട്. വിദ്വേഷത്താലാണ് ഇങ്ങനെ ചെയ്തത്. മുസ്ലിം ആയതുകൊണ്ടാണ് അവരെ ലക്ഷ്യമിട്ടതെന്ന് കരുതുന്നു -ഡിറ്റക്ടീവ് സൂപ്രണ്ട് പോള്‍ വൈറ്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

20കാരനായ നഥാനിയേല്‍ വെല്‍റ്റ്മാനാണ് പ്രതി. നാലുപേരെ ഇടിച്ചിട്ട ശേഷം സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ട ഇയാളെ പിന്നീട് പിടികൂടുകയായിരുന്നു. ഇടിയുടെ ആഘാതം ഏല്‍ക്കാതിരിക്കാന്‍ ഇയാള്‍ സംരക്ഷണ കവചം ധരിച്ചിരുന്നതായി പൊലീസ് പറയുന്നു.

ഒന്റാരിയോയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ലണ്ടനില്‍ ഞായാറാഴ്ച വൈകുന്നേരമായിരുന്നു ആക്രമണം. കുടുംബം റോഡരികിലൂടെ നടന്ന് പോകുമ്പോഴായിരുന്നു കറുപ്പ് നിറത്തിലുള്ള പിക്ക് അപ് ട്രക്ക് പാഞ്ഞെത്തിയത്. 74 ഉം 44ഉം വയസ്സുകാരായ സ്ത്രീകളും 46കാരനും 15കാരി പെണ്‍കുട്ടിയുമാണ് മരിച്ചത്.

ഇവരുടെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തില്‍ പരിക്കേറ്റ ഒമ്പത് വയസ്സുള്ള കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

Tags:    
News Summary - Canada Truck Driver Kills Muslim Family In Hate Attack says Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.