ഓട്ടവ: കഴിഞ്ഞ ദിവസം കാനഡയിലെ സസ്കെച്ച്വാനിൽ ഗോത്രവർഗക്കാരായ കുരുന്നുകളുടെതെന്ന് കരുതുന്ന 751 കുഴിമാടങ്ങൾ കണ്ടെത്തിയതോടെ രാജ്യത്തും പുറത്തും പുകഞ്ഞ് കടുത്ത രോഷം. കാനഡയുടെ സംസ്കാരത്തിെൻറ ഭാഗമാക്കാനെന്ന് പറഞ്ഞ് കുരുന്നു പ്രായത്തിലേ ഗോത്ര വർഗങ്ങളിൽനിന്ന് പിടിച്ചിറക്കിക്കൊണ്ടുവന്ന കുട്ടികൾ കടുത്ത അവഗണനയും പീഡനവും സഹിച്ചാണ് മരണത്തിന് കീഴടങ്ങിയിരുന്നത്. ഇവരുടെ പേരുകൾ കുടുംബങ്ങൾക്ക് തിരിച്ചറിയാൻ പോലും കഴിയാത്ത വിധം മാറ്റിയിരുന്നതായി ആരോപണമുയർന്നിരുന്നു.
സസ്കെച്ച്വാനിൽ മുമ്പ് കത്തോലിക്ക സഭ നടത്തിയ മാരീവൽ ഇന്ത്യൻ റസിഡൻഷ്യൽ സ്കൂളിനോടു ചേർന്നാണ് കൂട്ടക്കുഴിമാടം കണ്ടെത്തിയത്. ജൂൺ രണ്ടിനാണ് ഇവിടെ മണ്ണ് തുളക്കുന്ന റഡാറുകൾ ഉപയോഗിച്ച് പരിശോധന ആരംഭിച്ചത്. ആഴ്ചകൾക്കുമുമ്പ് കാനഡയിലെ തന്നെ ബ്രിട്ടീഷ് കൊളംബിയയിലും സമാനമായ കൂട്ടകുഴിമാടം കണ്ടെത്തിയിരുന്നു.
19ാം നൂറ്റാണ്ടുമുതൽ കാനഡയിൽ ഒന്നര ലക്ഷം കുട്ടികളെയാണ് സർക്കാർ സഹായത്തോടെ സഭ നടത്തിയ സ്കൂളുകളിൽ നിർബന്ധിതമായി ചേർത്തിരുന്നത്. മതം മാറ്റിയും ഗോത്രവർഗ ഭാഷ സംസാരിക്കാൻ അനുവദിക്കാതെയും കടുത്ത ശിക്ഷണത്തിൽ കഴിഞ്ഞ കുട്ടികളിൽ ആയിരങ്ങൾ രോഗബാധയും മറ്റുമായി മരണത്തിന് കീഴടങ്ങി. അടുത്തിടെ കാനഡയിൽ കണ്ടെത്തിയ ഏറ്റവും വലിയ കുഴിമാടമാണിത്. സമാന കണ്ടെത്തലുകൾ വ്യാപകമായതോടെ രാജ്യത്തെ ഗോത്ര വർഗ സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. റസിഡൻഷ്യൽ സ്കൂളുകളിൽ വിദ്യാർഥികൾ കടുത്ത ശാരീരിക പീഡനവും ബലാത്സംഗവും പോഷണമില്ലായ്മയും അനുഭവിച്ചതായി അടുത്തിടെ അന്വേഷണങ്ങളിൽ കണ്ടെത്തിയിരുന്നു. പഠനത്തിനായി കൊണ്ടുവന്ന 6,000 ഓളം വിദ്യാർഥികൾ വിവിധ സ്കൂളുകളിൽ മരിച്ചതായാണ് കണക്ക്.
ഇത്തരം റസിഡൻഷ്യൽ സ്കൂളുകൾ നടത്തിയതിന് 2008ൽ കാനഡ സർക്കാർ രാജ്യത്തോട് മാപ്പുചോദിച്ചിരുന്നു.
സർക്കാറും ക്രിസ്ത്യൻ ചർച്ചും സംയുക്തമായി 19ാം നൂറ്റാണ്ട് മുതലാണ് കാനഡയിൽ ഇത്തരം റസിഡൻഷ്യൽ സ്കൂളുകൾ ആരംഭിച്ചത്. സ്വന്തം സംസ്കാരവുമായി കഴിഞ്ഞ ഗോത്രവർഗക്കാരെ കാനഡയുടെ സംസ്കാരത്തിലേക്ക് സ്വാംശീകരിക്കലായിരുന്നു ഇത്തരം മതപാഠശാലകളുടെ ലക്ഷ്യം. ഇവരുടെ കുടുംബ ജീവിതവും സാംസ്കാരിക അസ്തിത്വവും തകർത്തെന്ന് സ്കൂളുകളെ കുറിച്ച് വ്യാപക ആക്ഷേപമുയർന്നിരുന്നു. വിമർശനം രാജ്യത്തിനു പുറത്തേക്കും പടർന്നതോടെ 1996ൽ അവസാന റസിഡൻഷ്യൽ സ്കൂളും പൂട്ടി. പഴയ വിദ്യാർഥികൾ ഈ സ്ഥാപനങ്ങൾക്കെതിരെ രംഗത്തുവന്നതിനു പിന്നാലെയായിരുന്നു പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപറുടെ മാപ്പു പോദിക്കൽ. 1831ൽ ഒണ്ടേറിയോയിൽ ബ്രാൻറ്ഫോർഡിലായിരുന്നു ആദ്യ റസിഡൻഷ്യൽ സ്കൂൾ. കാനഡയുടെ പരിസരത്തെ ന്യൂഫ്രാൻസിൽ കാത്തലിക് മിഷനറിമാർ ആരംഭിച്ച സംരംഭമാണ് 1830കൾ മുതൽ കാനഡയിലേക്കും വ്യാപിപ്പിച്ചത്. മറ്റു സഭകളും ഇതിെൻറ ഭാഗമായി. 1930കളിൽ 80 ഓളം റസിഡൻഷ്യൽ സ്കൂളുകൾ പ്രവർത്തിച്ചിരുന്നു. സ്വന്തം ഗോത്രഭാഷ സംസാരിക്കലും വീട്ടിലേക്ക് അതേ ഭാഷയിൽ കത്തയക്കൽ പോലും ഈ വിദ്യാർഥികൾക്ക് വിലക്കപ്പെട്ടു. പുതിയ വേഷം നിർബന്ധിതമായി അടിച്ചേൽപിച്ചതിന് പുറമെ പേരുമാറ്റവും മതംമാറ്റവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.