റാപ്പർ മാക്ക്ലെമോർ
സംഗീത പരിപാടിയിൽ ഫലസ്തീൻ അനുകൂല പ്രകടനം; റാപ്പർ മാക്ക്ലെമോറിനെതിരെ നടപടി ആവശ്യപ്പെട്ട് ഇസ്രായേൽ-അമേരിക്കൻ സംഘടന
ട്രന്റൺ: ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന എഡ് ഷീരന്റെ സംഗീത പരിപാടിക്കിടെ ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ റാപ്പർ മാക്ക്ലെമോർ. പരിപാടിക്കിടെ ഫലസ്തീൻ അനുകൂല ഗാനം ആലപിക്കുകയും രാഷ്ട്രീയ വിഷയങ്ങൾ ഉന്നയിക്കുകയും ചെയ്തതിനെ തുടർന്ന്, മാക്ക്ലെമോറിനെ ബാക്കി ടൂർ ഡേറ്റുകളിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേൽ-അമേരിക്കൻ കൗൺസിൽ രംഗത്തെത്തി.
എൺപതിനായിരത്തിലധികം വരുന്ന കാണികൾക്ക് മുന്നിൽ കഫിയ്യ ധരിച്ചെത്തിയ മാക്ക്ലെമോർ, ഗസ്സയിലെയും അധിനിവേശ വെസ്റ്റ് ബാങ്കിലെയും ദൃശ്യങ്ങൾ സ്റ്റേഡിയത്തിലെ വലിയ സ്ക്രീനുകളിൽ പ്രദർശിപ്പിച്ചുകൊണ്ടാണ് തന്റെ ഹിറ്റ് ഗാനമായ 'ഹിന്ദ്സ് ഹാൾ' അവതരിപ്പിച്ചത്. ഫലസ്തീന് പുറമെ ക്യൂബ, കോംഗോ, സുഡാൻ, ഇറാൻ എന്നീ രാജ്യങ്ങൾക്കും സ്വാതന്ത്ര്യം ലഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ യു.എസിലെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് വിഭാഗത്തെ ഒരു ഭീകര സംഘടനയെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
സദസ്സിലുണ്ടായിരുന്ന യഹൂദ സമൂഹത്തോടും മാക്ക്ലെമോർ പ്രത്യേകമായി സംവദിച്ചു. ഇസ്രായേലിന്റെ നയങ്ങളെയും വംശഹത്യയെയും വിമർശിക്കുന്നത് ഒരിക്കലും യഹൂദ ജനതയോടുള്ള എതിർപ്പല്ലെന്നും, സമാധാനത്തിനും സമത്വത്തിനും വേണ്ടിയാണ് താൻ സംസാരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു ഹോളോകോസ്റ്റ് അതിജീവതയുടെ സന്ദേശവും സ്റ്റേഡിയത്തിലെ സ്ക്രീനുകളിൽ പ്രദർശിപ്പിച്ചിരുന്നു.
എന്നാൽ സംഗീത പരിപാടിയെ രാഷ്ട്രീയ വേദിയാക്കി മാറ്റിയെന്ന് ആരോപിച്ചാണ് ഇസ്രായേൽ-അമേരിക്കൻ കൗൺസിൽ പെറ്റിഷനുമായി രംഗത്തെത്തിയത്. ഇതൊരു രാഷ്ട്രീയ റാലിയോ പ്രതിഷേധമോ അല്ലെന്നും, മാക്ക്ലെമോറിന്റെ പ്രകടനത്തിന് സംഘാടകരുടെ മുൻകൂർ അനുമതി ഉണ്ടായിരുന്നോ എന്ന് വ്യക്തമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. 2024-ൽ പുറത്തിറങ്ങിയ 'ഹിന്ദ്സ് ഹാൾ' എന്ന ഗാനം, ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീൻ കുട്ടി ഹിന്ദ് റജബിന്റെ സ്മരണാർത്ഥമാണ് മാക്ക്ലെമോർ രചിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.