ഇറാനിൽ വീണ്ടും അമേരിക്കൻ ആക്രമണം; യു.എസ് പശ്ചാത്തപിക്കേണ്ടി വരുമെന്ന് ഐ.ആർ.ജി.സി മുന്നറിയിപ്പ്

തെഹ്റാന്‍: പശ്ചിമേഷ്യയിൽ യുദ്ധഭീതി പരത്തി ഇറാനിൽ വീണ്ടും യു.എസ് ആക്രമണം. തുറമുഖ നഗരമായ ബന്ദർ അബ്ബാസിന്റെ കിഴക്കൻ മേഖലയിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാന്‍ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സൈന്യം ഇറാനിലെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) കേന്ദ്രങ്ങളിൽ വ്യോമാക്രമണം ആരംഭിച്ചതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഹുർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകൾക്കുനേരെയും മേഖലയിലെ അമേരിക്കൻ സൈനികർക്ക് നേരെയും ഐ.ആർ.ജി.സി നടത്തിയ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്നും യു.എസ് സൈന്യം അറിയിച്ചു. ബന്ദർ അബ്ബാസ് തുറമുഖ നഗരത്തിലും ദക്ഷിണ തീരത്തെ ചബഹാർ തുറമുഖത്തും സ്ഫോടനങ്ങളുണ്ടായതായി ഇറാൻ സ്റ്റേറ്റ് വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ റിപ്പോർട്ടിൽ പറയുന്നു.

യു.എസ് ആക്രമണത്തോട് പ്രതികരിച്ചാൽ ശക്തമായി തിരിച്ചടി നേരിടേണ്ടിവരുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. അതേസമയം, പുതിയ ആക്രമണങ്ങളിൽ യു.എസ് ഖേദിക്കേണ്ടി വരുമെന്ന് ഐ.ആർ.ജി.സി വക്താവിനെ ഉദ്ധരിച്ച് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖീഷമിലെ മസാൻ ഗ്രാമത്തിന് സമീപം അഞ്ചിലധികം സ്ഫോടനങ്ങളും ഹുർമുസ് കടലിടുക്കിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ നാല് സ്ഫോടനങ്ങളും നടന്നതായാണ് വിവരം. എന്നാൽ സംഭവത്തിൽ ഇതുവരെയും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബന്ദർ അബ്ബാസ് ഉൾപ്പെടുന്ന ഹുർമോസ്ഗാൻ പ്രവിശ്യയിലെ ഡെപ്യൂട്ടി പൊളിറ്റിക്കൽ, സെക്യൂരിറ്റി ആൻഡ് സോഷ്യൽ അഫയേഴ്‌സ് ഓഫിസർ അറിയിച്ചു.

പ്രദേശത്ത് സുരക്ഷാ പരിശോധനകൾ തുടരുകയാണ്. ഇതിനിടെ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അമേരിക്കൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി. അമേരിക്കൻ പൗരന്മാർ പരമാവധി ജാഗ്രത പാലിക്കണമെന്നും വിമാന സർവിസുകൾ റദ്ദാകാനും വ്യോമപാതകൾ അടക്കപ്പെടാനുമുള്ള സാഹചര്യം നേരിടാൻ തയാറായിരിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ആക്രമണത്തിന് പിന്നാലെ എണ്ണവിലയിൽ വൻകുതിപ്പ് രേഖപ്പെടുത്തി. ബാരലിന് 94 ഡോളറിലെത്തി.

ഇറാനെതിരായ അമേരിക്കയുടെ ഉപരോധം യുദ്ധസമാനമായ സൈനിക നടപടിയാണെന്നും ഉപരോധം കടുപ്പിച്ചാല്‍ ശക്തമായ സൈനിക തിരിച്ചടി നൽകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. എണ്ണ കയറ്റുമതി തടയാനാണ് അമേരിക്കയുടെ നീക്കമെങ്കിൽ മേഖലയിൽനിന്ന് ഒരു രാജ്യത്തെയും എണ്ണ കയറ്റുമതി ചെയ്യാൻ അനുവദിക്കില്ലെന്നും ഇറാന്‍ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് വ്യക്തമാക്കി.

ഒരു മാസത്തെ ഇടവേളക്കുശേഷമാണ് കഴിഞ്ഞദിവസം ഇറാനെ ലക്ഷ്യമിട്ട് യു.എസ് ആക്രമണം പുനരാരംഭിച്ചത്. ഹുർമുസിലെ റോക്കറ്റ് ലോഞ്ചറുകൾക്ക് നേരെയുള്ള ആക്രമണത്തിന് തിരിച്ചടിയായി ജോർദാനിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. ഹുർമുസ് കടലിടുക്കിൽ വെച്ച് അമേരിക്കയുടെ എംക്യു-9 (MQ-9) റീപ്പർ ഡ്രോൺ തങ്ങൾ വെടിവെച്ചിട്ടതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു.

ഫെബ്രുവരി 28നാണ് “ഓപ്പറേഷൻ എപ്പിക് ഫ്യൂറി” എന്ന പേരിൽ ഇറാനെതിരെ യു.എസും സഖ്യകക്ഷികളും ചേർന്ന് ആക്രമണം ആരംഭിച്ചത്. പിന്നീട് ഏപ്രിൽ എട്ടിന് വെടിനിർത്തൽ പ്രഖ്യാപിച്ചു. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇരുപക്ഷവും ജൂണിൽ ഇടക്കാല ധാരണയിലെത്തിയിരുന്നു. എന്നാൽ ഹുർമുസിൽ യു.എസ് ധാരണ തെറ്റിച്ചതോടെ വീണ്ടും സംഘർഷത്തിലേക്ക് നീങ്ങി. ഇത് ജൂലൈയിൽ രണ്ടാഴ്ചത്തെ യു.എസ് ബോംബാക്രമണം ഉൾപ്പെടെയുള്ള ആവർത്തിച്ചുള്ള വെടിവെപ്പുകൾക്ക് കാരണമായി. പിന്നീട് സാമ്പത്തിക ഉപരോധത്തിലായിരുന്നു യു.എസ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഹുർമുസിന്റെ നിയന്ത്രണം അവകാശപ്പെട്ട് ഇരുവിഭാഗവും രംഗത്തെത്തിയിരിക്കുകയാണ്.

Tags:    
News Summary - US launches new barrage of strikes on Iran around Strait of Hormuz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.