വിവാഹ ആഘോഷത്തിന് നേരെ യു.എസ് മിസൈൽ ആക്രമണം; ഇറാനിൽ 15 സിവിലിയന്മാർ കൊല്ലപ്പെട്ടു

തെഹ്റാൻ: ഇറാനിൽ സിവിലിയൻമാർക്കുനേരെ വ്യാപക ആക്രണം നടത്തി യു.എസ്. തെക്കൻ ഇറാനിലെ സിരികിന് സമീപം വിവാഹച്ചടങ്ങിന് നേരെ യു.എസ് നടത്തിയ ആക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. ഖുസെസ്ഥാൻ പ്രവിശ്യയിൽ വിവിധയിടങ്ങളിൽ നടന്ന ആക്രമണത്തിൽ 11 പേരും കൊല്ലപ്പെട്ടു. ചൊവ്വാഴ്ച വിവാഹാഘോഷത്തിന് നേരെയുണ്ടായ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 50-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ഡസൻ കണക്കിന് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് സിവിലിയന്മാർക്ക് നേരെയുള്ള ആക്രമണമാണെന്നാണ് ഇറാനിയൻ ഉദ്യോഗസ്ഥർ പറഞ്ഞത്.

ഇതിന് തിരിച്ചടിയായി ജോർദാൻ, ബഹ്‌റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തി. ഇതിനിടെയാണ് ഖുസെസ്ഥാനിൽ ബുധനാഴ്ചയും ആക്രമണം ഉണ്ടായത്. എന്നാൽ ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണ ശ്രമങ്ങൾക്ക് മറുപടിയായി വ്യോമ പ്രതിരോധ കേന്ദ്രങ്ങൾ, റഡാർ സംവിധാനങ്ങൾ, നാവിക ആസ്തികൾ, മൈൻ വിതറാനുള്ള ശേഷി എന്നിവയാണ് തങ്ങളുടെ ഏറ്റവും പുതിയ ആക്രമണങ്ങൾ ലക്ഷ്യമിട്ടതെന്ന് യു.എസ് വ്യക്തമാക്കുന്നു.

വിവാഹാഘോഷത്തിന് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയായി ജോർഡനിലെ പ്രിൻസ് ഹസൻ വ്യോമതാവളത്തിലും ഒരു യു.എസ് മറൈൻ താവളത്തിലും ശക്തമായ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഇറാനിലെ റവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) അറിയിച്ചു. കുവൈത്തിലെയും ബഹ്‌റൈനിലെയും യു.എസ് കേന്ദ്രങ്ങൾക്കു നേരെയും ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടു.

അതേസമയം, വാഷിങ്ണിന് ഇറാന്റെ സായുധ സേന "മറക്കാനാവാത്ത പാഠങ്ങൾ" നൽകാനുണ്ടെന്ന് പരമോന്നത നേതാവ് മുജ്തബ ഖാംനഈ മുന്നറിയിപ്പ് നൽകി. വീണ്ടും സംഘർഷം ആരംഭിച്ചതിനു ശേഷമുള്ള തന്റെ ആദ്യ സന്ദേശത്തിലാണ് ഖമേനി യു.എസിന് മുന്നറിയിപ്പ് നൽകിയത്.

ഇറാനിയൻ ഡ്രോണുകൾ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞുനശിപ്പിച്ചതായി കുവൈത്തും ബഹ്‌റൈനും വ്യക്തമാക്കി. എന്നാൽ വാണിജ്യ കപ്പലുകൾക്കും അമേരിക്കൻ സേനാംഗങ്ങൾക്കുമെതിരെ ഇറാൻ നടത്തിയ ആക്രമണ ശ്രമങ്ങൾക്ക് മറുപടിയായി, സെപ്റ്റംബർ 1-ന് ഇറാനിയൻ ലക്ഷ്യങ്ങൾക്ക് നേരെ തങ്ങളുടെ സേന വ്യോമാക്രമണങ്ങളുടെ ഒരു പരമ്പര പൂർത്തിയാക്കിയതായി യു.എസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) അറിയിച്ചു.

ജൂലൈയിലെ ആക്രമണങ്ങൾക്ക് ശേഷം ഒരു മാസം കഴിഞ്ഞാണ് യു.എസ് വീണ്ടും ആക്രമണം ആരംഭിച്ചത്. ഹോർമുസ് കടലിടുക്കിൽ രണ്ട് ടാങ്കറുകൾക്ക് നേരെ തിങ്കളാഴ്ച നടന്ന ആക്രമണങ്ങൾക്ക് ശേഷമാണ് ഈ ആക്രമണങ്ങൾ ഉണ്ടായത്.

Tags:    
News Summary - US Strikes Hit Wedding In Tehran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.