ലണ്ടൻ: ലോക്ഡൗണിൽ 100ാം വയസിൽ വീട്ടിനകത്ത് അടച്ചിരിക്കാതെ ആരോഗ്യമേഖലക്കായി കോടികൾ സമ്പാദിച്ച് കോവിഡ് പ്രതിരോധത്തിൽ പങ്കാളിയായ ടോം മൂറെക്ക് കോവിഡ്. ഞായറാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് കുടുംബം പറഞ്ഞു.
100ാം വയസിൽ വീട്ടിൽ ചടഞ്ഞുകൂടിയിരിക്കാതെ തന്‍റെ പൂന്തോട്ടത്തിലൂടെ ഇറങ്ങി നടക്കുകയായിരുന്നു അദ്ദേഹം. 2020 ഏപ്രിൽ 30ന് നൂറുവയസ് പൂർത്തിയാകുന്നതിന് മുന്നോടിയായിരുന്നു നടത്തം. ജന്മദിനത്തിന് മുമ്പ് 100 തവണ പൂന്തോട്ടത്തിന് ചുറ്റും നടക്കുക എന്നതായിരുന്നു മൂറെയുടെ ചലഞ്ച്. എല്ലാവരും സ്നേഹത്തോടെ ക്യാപ്റ്റൻ ടോം എന്നു വിളിക്കുന്ന മൂറെയുടെ ചലഞ്ച് ലക്ഷക്കണക്കിന് ജനങ്ങൾ ഏറ്റെടുത്തു. ഇതോടെ 1.1 കോടി യൂറോയാണ് അദ്ദേഹത്തിന്‍റെ അക്കൗണ്ടിലെത്തിയത്. കോവിഡിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ യു.കെ നാഷനൽ ഹെൽത്ത് സർവീസിനായി സംഭാവന സ്വരൂപിക്കുന്നതിനായിരുന്നു ആ നടത്തം. ഇതോടെ അഞ്ചുലക്ഷത്തിലധികം പേർ മൂറെയുടെ ചലഞ്ചിന് പണം സംഭാവനയായി നൽകുകയായിരുന്നു.
ഒരാഴ്ചമുമ്പ് ഇദ്ദേഹത്തിന് ന്യുമോണിയ സ്ഥിരീകരിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു -മൂറെയുടെ മകൾ ഹന്നാ ഇൻഗ്രാം മൂറെ ട്വിറ്ററിലൂടെ അറിയിച്ചു.
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് അേദ്ദഹത്തെ ആശുപത്രിയിലേക്ക് മാറ്റി. മധ്യ ഇംഗ്ലണ്ടിലെ ബെഡ്ഫോർഡിലെ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ന്യൂമോണിയ സ്ഥിരീകരിച്ചതിനാൽ മൂറെക്ക് വാക്സിൻ നൽകാൻ സാധിച്ചിരുന്നില്ല.
രണ്ടാം ലോകയുദ്ധത്തിൽ ഇന്ത്യയിൽ സേവനം അനുഷ്ഠിച്ച അദ്ദേഹം അടുത്തകാലത്ത് ഇന്ത്യയിേലക്ക് വരാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 1940ൽ ഡ്യൂക് ഓഫ് വെല്ലിങ്ടൺ റജിമെന്‍റിൽ എൻജിനീയറായിരുന്ന ക്യാപ്റ്റൻ ടോം ഇന്ത്യയിലും ബർമയിലും സേവനം അനുഷ്ഠിച്ചിരുന്നു. മൂറെക്ക് രോഗമുക്തി ആശംസിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.