ഡോണൾഡ് ട്രംപ്

‘ഒരു നാഗരികത അപ്പാടെ ഇന്ന് രാത്രി ഇല്ലാതാകും’ -ഇറാനെതി​രെ ട്രംപിന്റെ കടുത്ത ഭീഷണി

വാഷിങ്ടൺ: ഇറാനെതിരെ കടുത്ത ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒരു നാഗരികത അപ്പാടെ ഇന്ന് രാത്രി മരിക്കുമെന്നും ഒരിക്കലും ഇനിയത് തിരികെ കൊണ്ടുവരാനാകില്ലെന്നുമാണ് ത​ന്റെ ‘ട്രൂത്ത് സോഷ്യൽ’ എന്ന വെബ്‌സൈറ്റിലൂടെ ട്രംപിന്റെ ഭീഷണി. അത് സംഭവിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പക്ഷേ മിക്കവാറും അത് സംഭവിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘ലോകത്തിന്റെ ദീർഘവും സങ്കീർണ്ണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്ന് ഇന്ന് രാത്രി നമ്മൾ കാണും. 47 വർഷത്തെ പിടിച്ചുപറിയും അഴിമതിയും മരണങ്ങളും ഒടുവിൽ അവസാനിക്കും. ഇറാനിലെ മഹത്തായ ജനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ’ -പോസ്റ്റിൽ പറയുന്നു.

‘ഒരു നാഗരികത അപ്പാടെ ഇന്ന് രാത്രി മരിക്കും. അത് ഒരിക്കലും ഇനി തിരികെ കൊണ്ടുവരാനാകില്ല. അത് സംഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ മിക്കവാറും അത് സംഭവിച്ചേക്കാം. എങ്കിലും, വ്യത്യസ്തരും ബുദ്ധിമാന്മാരും തീവ്രചിന്താഗതി കുറഞ്ഞവരുമായ ആളുകൾ നയിക്കുന്ന, ഭരണമാറ്റം ഇപ്പോൾ നിലവിലുള്ളതിനാൽ, വിപ്ലവകരമായ അത്ഭുതകരമായ എന്തെങ്കിലും സംഭവിച്ചേക്കാം, ആർക്കറിയാം? ലോകത്തിന്റെ ദീർഘവും സങ്കീർണ്ണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്ന് ഇന്ന് രാത്രി നമ്മൾ കാണും. 47 വർഷത്തെ പിടിച്ചുപറിയും അഴിമതിയും മരണങ്ങളും ഒടുവിൽ അവസാനിക്കും. ഇറാനിലെ മഹത്തായ ജനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ!’ -ട്രംപ് പറയുന്നു.

അതേസമയം, എല്ലാ ചുവപ്പ് വരകളും മറികടന്ന് യു.എസ് തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ യുഎസ് മണ്ണിൽ പ്രത്യാക്രമണം നടത്തുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി. ‘അമേരിക്കയുടെയും അവരുടെ പങ്കാളികളുടെയും അടിസ്ഥാന സൗകര്യങ്ങൾ ഞങ്ങൾ ആക്രമിക്കും. അവർക്കും അവരുടെ സഖ്യകക്ഷികൾക്കും ഈ മേഖലയിലെ എണ്ണയും വാതകവും വർഷങ്ങളോളം തടയാൻ ഉതകുന്നത് ഞങ്ങൾ ചെയ്യും. നമ്മുടെ അടിസ്ഥാന സൗകര്യങ്ങളെ ആക്രമിച്ചാൽ, നമ്മുടെ പോരാട്ടശേഷി കണക്കാക്കാനുള്ള കഴിവ് അമേരിക്കൻ നേതാക്കൾക്ക് ഇല്ല. യുഎസ് സൈന്യം നമ്മുടെ ചുവപ്പ് രേഖകൾ ലംഘിച്ചാൽ, നമ്മുടെ പ്രതികരണം മേഖലയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കും’ -റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പിൽ പറഞ്ഞു.

 

‘ഇതുവ​രെ ഞങ്ങൾ വലിയ സംയമനം പാലിച്ചു. പ്രതികാരം ചെയ്യാൻ ലക്ഷ്യസ്ഥാനങ്ങൾ തെരഞ്ഞെടുക്കുമ്പോൾ പരിഗണന നൽകുകയും ചെയ്തു. എന്നാൽ, ഇപ്പോൾ മുതൽ ഈ പരിഗണനകളെല്ലാം ഒഴിവാക്കിയിരിക്കുന്നു’ -ഇറാൻ വ്യക്തമാക്കി.

അതിനി​ടെ, അസാധാരണമെന്നു കരുതേണ്ട ഒരു കാര്യം പശ്ചിമേഷ്യയുടെ ആകാശത്ത് ഇപ്പോൾ സംഭവിക്കുന്നുണ്ടെന്ന് വ്യോമയാന വിദഗ്ധൻ ജേക്കബ് കെ. ഫിലിപ്പ് പറയുന്നു. യു.എസിന്റെ യുദ്ധവിമാനങ്ങൾക്ക് ആകാശത്തുവെച്ച് ഇന്ധനം നിറച്ചു നൽകുന്ന ബോയിങ് കെസി-135 സ്ട്രാറ്റോടാങ്കർ എന്ന വിമാനങ്ങളെല്ലാം പശ്ചിമേഷ്യയുടേയും ലോകത്തിന്റെ തന്നെയും ആകാശത്തു നിന്ന് അപ്രത്യക്ഷമായതാണ് ഈ കാര്യം. സാധാരണ പത്തും പതിനഞ്ചും, ചിലപ്പോൾ മുപ്പതിന് അടുത്തും, വിമാനങ്ങൾ കാണപ്പെടുന്ന സ്ഥാനത്താണ് ഇത്. ഈ ‘അപ്രത്യക്ഷമാകലിന്’ ഒരു അർഥമേയുള്ളൂ എന്നും ആ വിമാനങ്ങളെല്ലാം ട്രാൻസ്‌പോണ്ടർ ഓഫാക്കി, അദൃശ്യമായി പറക്കുന്നുവെന്നതാണ് അതെന്നും ജേക്കബ് കെ. ഫിലിപ്പ് പറയുന്നു.

‘വൻ പടയൊരുക്കം എത്രയെന്ന് അറിയാതിരിക്കാനുള്ള നീക്കമാകാം. കാരണം, യുദ്ധവിമാനങ്ങളുടെ എണ്ണവും ടാങ്കറുകളുടെ എണ്ണവും തമ്മിൽ നേരിട്ടു ബന്ധമുണ്ട്. ഒരു ടാങ്കർ വിമാനത്തിന് 4-6 യുദ്ധവിമാനം എന്നതാണ് കണക്ക്. അവ്യക്തയും അനിശ്ചിതത്വവുമുണ്ടാക്കി എതിരാളികളെ ആശയ്ക്കുഴപ്പത്തിലാക്കാനുള്ള തന്ത്രവുമാകാം. സാധാരണ എല്ലാ നേരത്തും പത്തും പതിനഞ്ചും, ചിലപ്പോൾ മുപ്പതിന് അടുത്തും, വിമാനങ്ങൾ കാണപ്പെടുന്ന സ്ഥാനത്താണ് ഇത്. ട്രംപിന്റെ പ്രസ്താവന വരുന്നതിന്റെ തലേന്ന്, ഞായറാഴ്ച ഉച്ചയ്ക്ക് 1.39 മുതൽ 3.16 വരെ അമേരിക്കയുടെ എല്ലാ ടാങ്കർ വിമാനങ്ങളും ലോകം മൊത്തം ഒന്നിച്ച് അപ്രത്യക്ഷമായതോടെയാണ് ഈ നീക്കത്തിനു തുടക്കമായത്. പിന്നീട് വിമാനങ്ങൾ കുറയുകയും തീർത്തും ഇല്ലാതാവുകയും പ്രത്യക്ഷമാവുയകയും ചെയ്തു കൊണ്ടിരിക്കുകയാണ് ഇതേവരെ’ -അദ്ദേഹം പറഞ്ഞു​.

Tags:    
News Summary - A whole civilisation will die, says Trump as Iran warns attack on US soil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.