അറബ് വസന്തത്തിനുശേഷം ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഇന്റർനെറ്റ് വിച്ഛേദനത്തിന് സാക്ഷ്യംവഹിച്ച് ഇറാൻ

തെഹ്‌റാൻ: ചരിത്രത്തിലെ ഏറ്റവും വലിയ ഇന്റർനെറ്റ് വിച്ഛേദനത്തിന് ഇറാൻ സാക്ഷ്യം വഹിക്കുന്നതായി ആഗോള ഇന്റർനെറ്റ് നിരീക്ഷണ ഏജൻസിയായ നെറ്റ് ബ്ലോക്സ്. ഫെബ്രുവരി 28ന് ആരംഭിച്ച സമ്പൂർണ ഇന്റർനെറ്റ് നിരോധനം 38 ദിവസം പിന്നിട്ടു. ഇറാന്റെ ആഗോള ഇന്റർനെറ്റ് ബന്ധം വെറും ഒരു ശതമാനമായി ചുരുങ്ങിയതായും ഇത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ഇന്റർനെറ്റ് വിച്ഛേദനമാണെന്നും നെറ്റ് ബ്ലോക്സ് റിപ്പോർട്ട് ചെയ്തു.

ജനുവരിയിലെ പ്രതിഷേധങ്ങളെ തുടർന്നുണ്ടായ 20 ദിവസത്തെ നിയന്ത്രണത്തിന് പിന്നാലെയാണ് യുദ്ധത്തെ തുടർന്ന് രാജ്യം വീണ്ടും ഇരുട്ടിലായത്. ഇതോടെ 2026ന്റെ മൂന്നിൽ രണ്ട് ഭാഗവും ഇറാനിലെ സാധാരണക്കാർ ഇന്റർനെറ്റില്ലാതെ ചെലവഴിക്കേണ്ടി വന്നു. ഗസയിലോ യുക്രെയ്നിലോ പോലും സംഭവിക്കാത്ത വിധം ഒരു രാജ്യം പൂർണമായും ഓഫ്‌ലൈനാകുന്ന സാഹചര്യം ഇതാദ്യമാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ആഗോള ഇന്റർനെറ്റിന് പകരം സർക്കാർ നിയന്ത്രിത 'നാഷനൽ ഇൻഫർമേഷൻ നെറ്റ്‌വർക്ക്' (Nin) മാത്രമാണ് നിലവിൽ ഇറാനിൽ ലഭ്യമാവുന്നത്.

2019ൽ സുഡാനിലായിരുന്നു ഇതിനുമുമ്പ് 37 ദിവസത്തെ വിച്ഛേദനം നടപ്പിലാക്കിയിരുന്നത്. സർക്കാർ നിയന്ത്രിത ടെലിവിഷൻ ചാനലുകളും ഒരു സാറ്റലൈറ്റ് ചാനലും മാത്രമാണ് ജനങ്ങൾക്ക് ആശ്രയിക്കുന്നതെന്നിരിക്കെ രാജ്യത്തിന് പുറത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഇറാനിലെ ജനത അജ്ഞരാണെന്ന് മനുഷ്യാവകാശ സംഘടനയായ 'മിയാൻ ഗ്രൂപ്' ഡയറക്ടർ അമീർ റാഷിദി പറഞ്ഞു.

കർശന നിയന്ത്രണങ്ങൾ തുടരാനാണ് ഇറാൻ സർക്കാറിന്റെ നീക്കം. ഇതിന്റെ ഭാഗമായി 'ഇന്റർനെറ്റ് പ്രോ' എന്ന പേരിൽ മുന്തിയ നിരക്കിലുള്ള പാക്കേജുകൾ അവതരിപ്പിച്ചു. മാധ്യമപ്രവർത്തകർക്കും ബിസിനസ് സ്ഥാപനങ്ങൾക്കും മാത്രമായി നിയന്ത്രിത ഇന്റർനെറ്റ് നൽകാനാണ് പുതിയ നീക്കം. നിലവിൽ ഭരണകൂടം നിയന്ത്രിക്കുന്ന തദ്ദേശീയ ഇന്റർനെറ്റ് (ഇൻട്രാനെറ്റ്) വഴി മാത്രമാണ് പരിമിതമായ സേവനങ്ങൾ ലഭിക്കുന്നത്. ഇതാകട്ടെ അതീവ വേഗത കുറഞ്ഞതുമാണ്. 2011ലെ അറബ് വസന്ത കാലത്ത് ലിബിയയിൽ ആറുമാസത്തോളം ഇന്റർനെറ്റ് തടസ്സപ്പെട്ടിരുന്നുവെങ്കിലും, ഒരു രാജ്യം ആസൂത്രിതമായി നടപ്പിലാക്കുന്ന ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ വിച്ഛേദനമാണ് ഇറാനിലേത്.

Tags:    
News Summary - Iran witnesses longest internet outage in history since Arab Spring

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.