ഡൊണാൾഡ് ട്രംപ്
ന്യൂയോർക്: ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മ യു.എസ് ഡോളറിനെതിരായ ആക്രമണമാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കൂട്ടായ്മയിൽനിന്ന് രാജ്യങ്ങൾ കൊഴിഞ്ഞുപൊയ്ക്കൊണ്ടിരിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു.
ആരെങ്കിലും ബ്രിക്സിൽ ചേരാനാഗ്രഹിക്കുന്നുവെങ്കിൽ അതാവാം. പക്ഷേ, നിങ്ങളുടെ രാജ്യത്തിനെതിരെ ഞങ്ങൾ താരിഫ് ചുമത്തും. എല്ലാവരും കൊഴിഞ്ഞുപോയി. എല്ലാവരും ബ്രിക്സിൽ നിന്ന് കൊഴിഞ്ഞുപോവുകയാണ്. ബ്രിക്സ് ഡോളറിനെതിരെയുള്ള ആക്രമണമാണ്. അങ്ങനെ നിങ്ങൾ കളിക്കാനാഗ്രഹിക്കുന്നുവെങ്കിൽ അമേരിക്കയിലേക്ക്‍ വരുന്ന നിങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് താരിഫ് ചുമത്തും. ഞാൻ പറഞ്ഞതിന് സമാനമായിരുന്നു അവരുടെ മറുപടിയും, ഞങ്ങൾ ബ്രിക്സിൽ നിന്ന് പുറത്തുപോവുകയാണ്. അതിനെ കുറിച്ച് അവർ പറയാൻ പോലും ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.
താൻ താരിഫ് ഭീഷണി മുഴക്കിയതിനാലാണ് ചില രാജ്യങ്ങൾ അതിൽ ചേരാതിരുന്നതെന്നും ട്രംപ് പറഞ്ഞു. അർജന്റീന പ്രസിഡന്റ് ജാവിയർ മിലെയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, ഇത്യോപിയ, ഇന്തോനേഷ്യ, ഇറാൻ, യു.എ.ഇ എന്നീ രാജ്യങ്ങളാണ് ബ്രിക്സിലുള്ളത്. ഡോളറിന്റെ കാര്യത്തിൽ തനിക്ക് ശക്തമായ നിലപാടാണുള്ളതെന്നും ഡോളറിൽ ഇടപാട് നടത്തുന്നവർക്ക് മറ്റു കറൻസികൾ തെരഞ്ഞെടുക്കുന്നവരേക്കാൾ നേട്ടമുണ്ടാകുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ്, അന്താരാഷ്ട്ര നിയമങ്ങൾക്കനുസരിച്ച് ബഹുമുഖ വ്യാപാര ബന്ധങ്ങൾ ഉയർത്തിപ്പിടിക്കുവാൻ ഇന്ത്യ ബ്രിക്സ് കൂട്ടായ്മയോട് ആഹ്വാനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.