ജറൂസ​ലമിൽ കാർ ഇടിച്ചുകയറ്റിയ സംഭവത്തിൽ പരിക്കേറ്റ ഇസ്രായേലി ബാലനും മരിച്ചു; മരണം മൂന്നായി

ജറൂസ​ലം: ഇസ്രായേൽ കൈയേറിയ കിഴക്കൻ ജറുസലമിൽ ബസ് സ്റ്റോപ്പിലേക്ക് കാർ ഇടിച്ചുകയറ്റിയ ആക്രമണത്തിൽ പരിക്കേറ്റ എട്ട് വയസ്സുകാരനും മരിച്ചു. ഇതോടെ സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. കിഴക്കൻ ജറുസലമിലെ ജൂത കുടിയേറ്റ പ്രദേശമായ റാമോത്തിൽ വെള്ളിയാഴ്ചയായിരുന്നു ആക്രമണം നടന്നത്.

ഗുരുതര പരിക്കേറ്റ എട്ട് വയസുകാരൻ ആഷർ മെനാഹെം പേലിയാണ് മരിച്ചതെന്ന് ജറുസലമിലെ ഷാരെ സെഡെക് ആശുപത്രി പ്രസ്താവനയിൽ അറിയിച്ചു. അപകടത്തിൽ പേലിയുടെ ഇളയ സഹോദരൻ യാക്കോവ് യിസ്രായേൽ പേലി (ആറ്), ആൾട്ടർ ഷ്ലോമോ ലെഡർമാൻ (20) എന്നിവർ സംഭവദിവസംതന്നെ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ മറ്റ് നാല് പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

വ്യാഴാഴ്ച ഹെബ്രോൺ നഗരത്തിന് സമീപം ഒരു ഫലസ്തീനിയെ ഇസ്രായേൽ അധിനിവേശസേന വെടിവച്ചു കൊലപ്പെടുത്തിയതിന് പിന്നാലെയാണ് കാർ ആക്രമണം നടന്നത്. ഇതോടെ ഈ വർഷം 40 ദിവസത്തിനി​ടെ ഇസ്രായേൽ കൊലപ്പെടുത്തിയ ഫലസ്തീനികളുടെ എണ്ണം 43 ആയി. അഭയാർഥി ക്യാമ്പുകളിൽ കയറിയാണ് കുട്ടികളും വൃദ്ധരുമടക്കമുള്ള ഫലസ്തീനികളെ സൈന്യം വെടിവെച്ച് ​കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ച ഉച്ച 1.30 ഓടെയാണ് റാമോത്തിൽ ആക്രമണമുണ്ടായത്. കിഴക്കൻ ജറുസലമിലെ ഇസ്സാവിയയിൽ താമസിക്കുന്ന 31 കാരനായ ഫലസ്തീൻ വംശജൻ അതിവേഗത്തിൽ കാർ ​ഓടിച്ച്, ബസ് കാത്തുനിൽക്കുന്നവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. “ഞെട്ടിപ്പിക്കുന്ന രംഗമായിരുന്നു. ഞാനും ഭാര്യയും മക്കളും കാറിൽ ഇരിക്കവേ, അമിതവേഗത്തിൽ ഒരു കാർ ബസ് സ്റ്റോപ്പിലേക്ക് ഓടിച്ചുകയറ്റുകയും അവിടെ കാത്തുനിന്ന ആളുകളെ ഇടിച്ചുവീഴ്ത്തുകയും ചെയ്യുന്നത് കണ്ടു” -സംഭവത്തിന്റെ ദൃക്സാക്ഷിയായ പാരാമെഡിക്കൽ ജീവനക്കാരൻ ലിഷായി ഷെമേഷ് പറഞ്ഞു.

ആക്രമണത്തിന് പിന്നാലെ കാർഡ്രൈവറെ സംഭവസ്ഥലത്തുണ്ടായിരുന്നു പൊലീസുകാരൻ വെടിവെച്ച് കൊലപ്പെടുത്തി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സംഭവത്തെ ഭീകരാക്രമണമാണെന്ന് വിശേഷിപ്പിക്കുകയും പ്രതിയുടെ വീട് പൊളിക്കാൻ ഉത്തരവിടുകയും ചെയ്തു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ആക്രമണത്തെ അപലപിച്ചു“നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിടുന്നത് മനസ്സാക്ഷിക്ക് നിരക്കാത്ത കുറ്റമാണ്’ -ബ്ലിങ്കെൻ പ്രസ്താവനയിൽ പറഞ്ഞു.

1974ൽ ഫലസ്തീൻ ഗ്രാമങ്ങളായ ബയ്ത്ത് ഇക്സ, ബയ്ത്ത് ഹനീന എന്നിവ കൈയേറിയാണ് ഇസ്രായേൽ റാമോത്ത് ജൂത കുടിയേറ്റകേന്ദ്രം നിർമിച്ചത്. 

Tags:    
News Summary - Boy injured in east Jerusalem car attack dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.