വാഷിങ്ടൺ: വിമാനകമ്പനിയായ ബോയിങ്ങിനെതിരെ ഗുരുതര ആരോപണവുമായി ജീവനക്കാരൻ. കമ്പനിയുടെ രണ്ട് വിമാനമോഡലുകളുടെ നിർമാണവുമായി ബന്ധപ്പെട്ടാണ് ആരോപണം. കൃത്യമായ മാനദണ്ഡം പാലിച്ചല്ല രണ്ട് വിമാനമോഡലുകൾ ബോയിങ് നിർമിച്ചതെന്നാണ് കമ്പനിയിൽ എൻജിനീയറായ സാം സലേഹ്പോറിന്റെ ആരോപണം. നിരന്തരമായ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ഇക്കാര്യം പരിശോധിക്കാൻ യു.എസിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ തീരുമാനിച്ചുവെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു.
ബോയിങ്ങിന്റെ 777, 787 ഡ്രീംലൈനർ എന്നിവയുടെ നിർമാണത്തിനായി കമ്പനി എളുപ്പവഴി സ്വീകരിച്ചുവെന്നാണ് സാമിന്റെ ആരോപണം. ഇത് ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാവുമെന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന് നൽകിയ പരാതിയിൽ ഇയാൾ പറയുന്നുണ്ട്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ രണ്ട് തവണ സർവീസ് നിർത്തിവെപ്പിച്ച 737 മാക്സ് വിമാനങ്ങളെ കുറിച്ച് പരാതിയിൽ പരാമർശമുണ്ടോയെന്ന് വ്യക്തമല്ല.
ബോയിങ്ങിനെ തകർക്കാൻ വേണ്ടിയല്ല താൻ ഇത് ചെയ്യുന്നതെന്ന് സലേഹ്പോർ പറഞ്ഞു. അപകടങ്ങൾ ഒഴിവാക്കുകയാണ് തന്റെ ലക്ഷ്യം. സത്യത്തിൽ നിന്നും ബോയിങ്ങിന് എപ്പോഴും ഒളിച്ചോടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യോമയാന മേഖലയിൽ നിന്നുള്ള എല്ലാവരും വിവരങ്ങൾ പങ്കുവെക്കുന്നതിനെ തങ്ങൾ അനുകൂലിക്കുകയാണെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
അതേസമയം, സലേഹ്പോറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാൻ ബോയിങ് തയാറായിട്ടില്ല. എന്നാൽ, തങ്ങളുടെ 787 വിമാനത്തെ കുറിച്ച് ഉയർന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കമ്പനി പ്രതികരിച്ചിട്ടുണ്ട്. ഇതാദ്യമായല്ല 787 ഡ്രീംലൈനറിനെതിരെ ആരോപണം ഉയരുന്നത്. 2021ലും സമാനമായ ആരോപണം വിമാനമോഡലിനെതിരെ ഉയരുകയും തുടർന്ന് താൽക്കാലികമായി വിമാനങ്ങളുടെ വിതരണം ബോയിങ് നിർത്തിവെക്കുകയും ചെയ്തിരുന്നു. പിന്നീട് തങ്ങളുടെ നിർമാണ പ്രക്രിയയിൽ മാറ്റം വരുത്തിയാണ് ബോയിങ് വിമാനങ്ങളുടെവിതരണം വീണ്ടും തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.