വാഷിങ്ൺ: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന വെടിനിർത്തൽ കരാർ അനിശ്ചിതത്വത്തിലായിരിക്കെ, ഇറാനെതിരെ പ്രകോപനപരമായ എ.ഐ ചിത്രങ്ങൾ പങ്കുവെച്ച് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിയൻ യുദ്ധവിമാനങ്ങളെയും ബോട്ടുകളെയും അമേരിക്കൻ സൈന്യം തകർക്കുന്ന രീതിയിലുള്ള സാങ്കൽപിക ദൃശ്യങ്ങളാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടത്.
അമേരിക്കൻ യുദ്ധക്കപ്പലിൽ നിന്നുള്ള അതിശക്തമായ ലേസർ രശ്മികൾ ഉപയോഗിച്ച് ഇറാനിയൻ പതാകയുള്ള വിമാനം ആകാശത്ത് വെച്ച് തകർക്കുന്ന ചിത്രമാണ് ഇതിൽ പ്രധാനം. ‘ലേസറുകൾ: ബിങ്, ബിങ്, ഗോൺ!!!’ എന്ന അടിക്കുറിപ്പോടെയാണ് ട്രംപ് ഇത് പങ്കുവെച്ചത്.
മറ്റൊരു ചിത്രത്തിൽ, ഇറാനിയൻ ‘ഫാസ്റ്റ് ബോട്ടുകൾക്ക്’ മുകളിൽ അമേരിക്കൻ ഡ്രോൺ പറക്കുന്നതും നിമിഷങ്ങൾക്കകം ബോട്ടുകൾ സ്ഫോടനത്തിൽ തകരുന്നതും ചിത്രീകരിച്ചിരിക്കുന്നു. ഇതിന് ‘ബൈ ബൈ ഫാസ്റ്റ് ബോട്ടുകൾ’ എന്നാണ് ട്രംപ് നൽകിയ അടികുറിപ്പ്.
ഗൾഫ് മേഖലയിൽ കഴിഞ്ഞ ഒരു മാസമായി നിലനിൽക്കുന്ന വെടിനിർത്തൽ കരാർ ‘ലൈഫ് സപ്പോർട്ടിലാണെന്ന്’ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ ‘പൂർണമായും അംഗീകരിക്കാനാവില്ല’ എന്ന് പറഞ്ഞ അദ്ദേഹം, അമേരിക്കയുടെ ‘പൂർണ്ണ വിജയം’അനിവാര്യമാണെന്നും കൂട്ടിച്ചേർത്തു.
ഹുർമുസ് കടലിടുക്ക് അടച്ചിട്ടിരിക്കുന്നതിലും ആണവ ചർച്ചകളിലെ ഇറാന്റെ നിലപാടുകളിലും ട്രംപ് അതീവ അസംതൃപ്തനാണെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ചൈന സന്ദർശനത്തിനായി തിരിക്കുന്നതിന് തൊട്ടുമുമ്പാണ് ട്രംപ് ദേശീയ സുരക്ഷാ സമിതിയുമായി കൂടിക്കാഴ്ച നടത്തിയത്. സൈനിക നടപടികൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ഗൗരവകരമായ ആലോചനകൾ നടക്കുന്നുണ്ടെന്നാണ് സൂചന.
ഇറാൻ ഇതിനോട് രൂക്ഷമായാണ് പ്രതികരിച്ചിരിക്കുന്നത്. അമേരിക്കൻ പ്രകോപനമുണ്ടായാൽ യുറേനിയം സമ്പുഷ്ടീകരണം വർധിപ്പിക്കുമെന്നും ഏത് തരത്തിലുള്ള ആക്രമണത്തെയും നേരിടാൻ തയ്യാറാണെന്നും തെഹ്‌റാൻ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.