ഡിജിറ്റൽ കുരുക്കുകൾക്കെതിരെ യൂറോപ്യൻ യൂണിയൻ; സോഷ്യൽ മീഡിയ രൂപകൽപ്പനയിലെ അപകടങ്ങൾ ചൂണ്ടിക്കാട്ടി ഉർസുല വോൺ ഡെർ ലെയ്ൻ

കുട്ടികളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ അമിതമായ ഉപയോഗം തടയുന്നതിനായി നടപടികളുമായി യൂറോപ്യൻ യൂണിയൻ രംഗത്തെത്തിയിരിക്കുകയാണ്. കുട്ടികളുടെ മാനസികാരോഗ്യത്തെയും സുരക്ഷയെയും ദോഷകരമായി ബാധിക്കുന്ന "അഡിക്റ്റീവ് ഡിസൈൻ" ഫീച്ചറുകൾക്കെതിരെ ശക്തമായ നിയമ നിർമാണമാണ് ലക്ഷ്യമിടുന്നത്. ഡെന്മാർക്കിൽ നടന്ന 'നിർമിത ബുദ്ധിയും കുട്ടികളും' എന്ന വിഷയത്തിലുള്ള യൂറോപ്യൻ ഉച്ചകോടിയിൽ സംസാരിക്കവെ യൂറോപ്യൻ യൂണിയൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ ആണ് ഈ സുപ്രധാന നീക്കം പ്രഖ്യാപിച്ചത്.

പ്രധാനമായും ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളെയാണ് ഈ നിയന്ത്രണങ്ങൾ ലക്ഷ്യം വെക്കുന്നത്. കുട്ടികളെ മണിക്കൂറുകളോളം സ്ക്രീനിൽ തളച്ചിടുന്ന 'എൻഡ്‌ലെസ് സ്ക്രോളിംഗ്' വീഡിയോകൾ 'ഓട്ടോപ്ലേ', 'പുഷ് നോട്ടിഫിക്കേഷനുകൾ' എന്നിവ കുട്ടികളുടെ സ്വഭാവരൂപീകരണത്തെയും ഉറക്കത്തെയും ബാധിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം.

മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവ പ്ലാറ്റ്‌ഫോമിൽ പ്രവേശിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായമായ 13 വയസ്സ് എന്ന നിബന്ധന കൃത്യമായി പാലിക്കുന്നതിൽ പരാജയപ്പെടുന്നുവെന്നും വോൺ ഡെർ ലെയൻ കുറ്റപ്പെടുത്തി.

കുട്ടികളെ ദോഷകരമായ ഉള്ളടക്കങ്ങളിലേക്ക്, പ്രത്യേകിച്ച് ഭക്ഷണ ക്രമക്കേടുകളോ സ്വയം ഉപദ്രവിക്കുന്നതിനെയോ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളിലേക്ക് നയിക്കുന്ന 'റാബിറ്റ് ഹോൾ' അൽഗോരിതങ്ങളെക്കുറിച്ചും യൂറോപ്യൻ യൂണിയൻ അന്വേഷണം നടത്തുന്നുണ്ട്.

ഈ വെല്ലുവിളി നേരിടാൻ ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന സ്വകാര്യതാ മാനദണ്ഡങ്ങളുള്ള സ്വന്തം 'പ്രായം പരിശോധനാ ആപ്'യൂറോപ്യൻ യൂണിയൻ വികസിപ്പിച്ചെടുത്തു കഴിഞ്ഞു. ഇത് അംഗരാജ്യങ്ങളിലെ ഡിജിറ്റൽ വാലറ്റുകളുമായി സംയോജിപ്പിക്കുന്നതോടെ സോഷ്യൽ മീഡിയ കമ്പനികൾക്ക് ഉപയോക്താക്കളുടെ പ്രായം സംബന്ധിച്ച് ഇനി ഒഴികഴിവുകൾ പറയാനാകില്ലെന്ന് അവർ മുന്നറിയിപ്പ് നൽകി.

കൂടാതെ ഇലോൺ മസ്കിന്റെ 'എക്സ്' പ്ലാറ്റ്‌ഫോമിലെ ചാറ്റ്ബോട്ടായ 'ഗ്രോക്ക്' വഴി സ്ത്രീകളുടെയും കുട്ടികളുടെയും ലൈംഗിക ചുവയുള്ള ചിത്രങ്ങൾ പ്രചരിപ്പിക്കുന്നു എന്ന പരാതിയിലും യൂറോപ്യൻ യൂണിയൻ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ നടപ്പിലാക്കാൻ പോകുന്ന പുതിയ മാറ്റങ്ങൾ ആഗോളതലത്തിൽ തന്നെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് കരുതപ്പെടുന്നത്.

Tags:    
News Summary - European Union against digital traps; Ursula von der Leyen points out dangers in social media design

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.