ഐലീൻ വാങ്

ചൈനീസ് ചാര ഏജന്റായി പ്രവർത്തിച്ചു; കുറ്റസമ്മതത്തിന് പിന്നാലെ കാലിഫോർണിയൻ നഗര മേയർ രാജിവെച്ചു

ലോസ് ആഞ്ചലസ്: വിദേശ രാജ്യത്തിന്റെ നിയമവിരുദ്ധ ഏജന്റായി പ്രവർത്തിച്ചുവെന്ന ഗുരുതരമായ വെളിപ്പെടുത്തലിന് പിന്നാലെ സതേൺ കാലിഫോർണിയയിലെ അർക്കാഡിയ നഗര മേയർ ഐലീൻ വാങ് (58) സ്ഥാനം ഒഴിഞ്ഞു. ചൈനീസ് ഭരണകൂടത്തിന് വേണ്ടി യു.എസിൽ രഹസ്യമായി പ്രവർത്തിച്ചുവെന്ന കുറ്റം ഇവർ സമ്മതിച്ചു. കുറ്റം തെളിയിക്കപ്പെട്ടാൽ പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

പ്രാദേശിക ചൈനീസ് അമേരിക്കൻ കമ്മ്യൂണിറ്റിയെ ലക്ഷ്യമിട്ട് ഐലീൻ വാങ്ങും പങ്കാളി യാവോണിങ് മൈക്ക് സണ്ണും ചേർന്ന് നടത്തിയിരുന്ന 'യു.എസ് ന്യൂസ് സെന്റർ' (US News Center) എന്ന വെബ്സൈറ്റിലൂടെ ചൈനീസ് താല്പര്യങ്ങൾ സംരക്ഷിക്കുന്ന വാർത്തകൾ പ്രചരിപ്പിച്ചുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ചൈനീസ് ഉദ്യോഗസ്ഥർ നൽകുന്ന വാർത്താ ലേഖനങ്ങൾ നിമിഷങ്ങൾക്കകം ഇവർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.

ഷിൻജിയാങ് പ്രവിശ്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെയും നിർബന്ധിത തൊഴിലിനെയും കുറിച്ചുള്ള ആരോപണങ്ങൾ നിഷേധിച്ചുകൊണ്ടുള്ള ചൈനീസ് ഉദ്യോഗസ്ഥരുടെ ലേഖനങ്ങൾ വാങ് തന്റെ വെബ്സൈറ്റിലൂടെ പ്രചരിപ്പിച്ചിരുന്നുവെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടുന്നു. ചൈനീസ് ഇന്റലിജൻസ് അംഗങ്ങളുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.

2022 നവംബറിലാണ് ഐലീൻ വാങ് അർക്കാഡിയ സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ഇവർക്കെതിരെ ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണങ്ങളെല്ലാം അവർ ഔദ്യോഗിക പദവി ഏൽക്കുന്നതിന് മുമ്പുള്ളതാണെന്ന് അർക്കാഡിയ സിറ്റി മാനേജർ ഡൊമിനിക് ലസാറെറ്റോ അറിയിച്ചു. സിറ്റി കൗൺസിലിന്റെ ധനകാര്യത്തിലോ തീരുമാനങ്ങളിലോ വിദേശ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

വിദേശ ഗവൺമെന്റുകൾക്ക് വേണ്ടി രഹസ്യമായി പ്രവർത്തിക്കുന്നവർ അമേരിക്കൻ ജനാധിപത്യത്തെ തകർക്കുകയാണെന്ന് അസിസ്റ്റന്റ് യു.എസ് അറ്റോർണി ബിൽ എസ്സെയിലി പറഞ്ഞു. അമേരിക്കൻ സ്ഥാപനങ്ങളെ അഴിമതിപ്പെടുത്താനുള്ള ചൈനയുടെ ശ്രമങ്ങൾക്കെതിരെയുള്ള ശക്തമായ നടപടിയാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ചൈനീസ് ഇന്റലിജൻസുമായി ബന്ധമുണ്ടായിരുന്ന ജോൺ ചെൻ എന്ന വ്യക്തിക്ക് ഈ കേസിൽ നേരത്തെ 20 മാസം തടവുശിക്ഷ ലഭിച്ചിരുന്നു. വാങ്ങിന്റെ പങ്കാളി മൈക്ക് സണ്ണിന് നാല് വർഷത്തെ തടവുശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. ഐലീൻ വാങ്ങിന്റെ രാജിയോടെ ഒഴിവ് വന്ന മേയർ സ്ഥാനത്തേക്ക് കൗൺസിൽ അംഗങ്ങളിൽ നിന്ന് പുതിയൊരാളെ ഉടൻ തിരഞ്ഞെടുക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - Mayor of California city resigns over charges of being a foreign agent of China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.