ബിൽ ഗേറ്റ്​സ്​, മെലിൻഡ

ബിൽ ഗേറ്റ്​സും മെലിൻഡയും വേർപിരിഞ്ഞു; അവസാനിപ്പിച്ചത്​ 27 വർഷത്തെ ദാമ്പത്യം

മൈക്രോസോഫ്​റ്റ്​ സ്​ഥാപകൻ ബിൽ ഗേറ്റ്​സും ഭാര്യ മെലിൻഡയും വേർപിരിഞ്ഞു. 27 വർഷത്തെ ദാമ്പത്യ ജീവിതത്തിനാണ്​ ഇരുവരും അവസാനം കുറിച്ചത്​. വേർപിരിയുമെങ്കിലും ബിൽ– മെലിൻഡ ഫൗണ്ടേഷനിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരാനാണ്​ ഇരുവരുടെയും തീരുമാനം.

'ഒരുപാട് ആലോചനകൾക്ക്​ ശേഷമെടുത്ത തീരുമാനമാണ്. ദമ്പതികൾ എന്ന നിലയിൽ ജീവിതം ഒരുമിച്ചു കൊണ്ടുപോകുവാൻ സാധിക്കാത്തതിനാലാണ് വേർപിരിയുന്നത്. ഇതോടെ പുതിയ ജീവിതത്തിനു തുടക്കമാകും' -ഇരുവരും ചേർന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ബ്ലൂംബർഗ്​ ബിസിനസ്​ ഇൻഡെക്​സിന്‍റെ കണക്കു​കൾ പ്രകാരം ഇരുവർക്കുമായി 145 ബില്യൺ ഡോളർ ആസ്​തിയുണ്ട്​. ഇരുവരും നേതൃത്വം നൽകുന്ന ബിൽ– മെലിൻഡ ഫൗണ്ടേഷൻ ലോകത്തിലെ ഏറ്റവും മികച്ച ജീവകാരുണ്യ സംഘടനകളിൽ ഒന്നാണ്​.

വനിതകളുടെ അവകാശ സംരക്ഷണത്തിനും കാലാവസ്​ഥ വ്യതിയാനങ്ങൾക്കുമെതിരെ പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ 50 ദശലക്ഷം ഡോളർ ചെലവഴിച്ചിരുന്നു.

65കാരനായ ബിൽഗേറ്റ്​സ് ശതകോടീശ്വരൻമാരുടെ പട്ടികയിൽ ലോകത്ത്​ നാലാമനാണ്​. 56കാരിയായ മെലിൻഡ മുമ്പ്​ മൈക്രോസോഫ്​റ്റിൽ മാനേജരായിരുന്നു. ബില്ലും മെലിൻഡയും ഫൗണ്ടേഷന്‍റെ കോ-ചെയർമാൻമാരും ട്രസ്റ്റികളുമായി ത​ുടരുമെന്ന്​ ഫൗണ്ടേഷൻ പ്രസ്​താവനയിൽ പറഞ്ഞു.

നേരത്തെ ആമസോൺ സ്​ഥാപകനായിരുന്ന ജെഫ്​ ബെസോസിന്‍റെ വിവാഹമോചനവും വലിയ വാർത്തയായിരുന്നു. വിവാഹ മോചനത്തോടെ ലോകത്തെ ഏറ്റവും ധനികയായ സ്ത്രീകളിലൊരാളായി മാറുകയായിരുന്നു ബെസോസിന്‍റെ 48കാരിയായ മുൻ ഭാര്യ മക്കൻസി സ്​കോട്​.

25 വർഷത്തെ ദാമ്പത്യത്തിനൊടുവിലാണ് 2019 ജനുവരിയിൽ ഇരുവരും പിരിഞ്ഞത്. വിവാഹമോചന കരാർ പ്രകാരം ബെസോസ്​ സമ്പത്തിന്‍റെ നാല്​ ശതമാനം മക്കൻസിക്ക് നൽകേണ്ടി വന്നു. 35.7 ബില്യൺ ഡോളർ മൂല്യമുള്ള ആമസോണിന്‍റെ 19.7 ദശലക്ഷം ഓഹരികളാണ്​ മക്കൻസിക്ക്​ ലഭിച്ചത്​​. ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ജീവനാംശമാണിത്. തന്‍റെ സമ്പത്തിന്‍റെ വലിയൊരു പങ്ക്​ അവർ ജീവകാരുണ്യ ​പ്രവർത്തനങ്ങൾക്കായി ചെലവിടുന്നു.

Tags:    
News Summary - Bill and Melinda Gates divorce after 27 years of marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.