''നിരാശനാണ്, പ​ക്ഷേ...''; ജി20ക്ക് ഷി ജിൻപിങ് എത്തില്ലെന്ന വാർത്തകളെ കുറിച്ച് ബൈഡൻ

വാഷിങ്ടൺ: ഈ മാസം ഒമ്പത്, 10 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പ​ങ്കെടുക്കില്ലെന്ന വാർത്തകളോട് പ്രതികരിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഇന്ത്യ–ചൈന അതിർത്തി സംഘർഷം, ഭൂപട വിവാദം എന്നിവയുടെ പശ്ചാത്തലത്തിലാണു ഷി പങ്കെടുക്കാത്തതെന്നാണു റിപ്പോർട്ട്. ഷിയുടെ തീരുമാനത്തിൽ തനിക്ക് നിരാശയുണ്ടെന്നും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താൻ ഉദ്ദേശിച്ചിരുന്നുവെന്നും ബൈഡൻ മാധ്യമങ്ങളോട് പറഞ്ഞു. ചൈനയാണ് ഷി സ​മ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന കാര്യം അറിയിച്ചത്. പകരം ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ് പങ്കെടുക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.

അതിനിടെ, ഇനിയെപ്പോഴാണ് ഷിയുമായി കൂടിക്കാഴ്ച നടത്തുക എന്ന കാര്യം ബൈഡൻ വ്യക്തമാക്കിയില്ല. ജി20 ഉച്ചകോടിക്ക് ഷി വന്നില്ലെങ്കിൽ പിന്നെ നവംബറിലാണ് ബൈഡനുമായി കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാകുക. യു.എസിന്റെ ആതിഥേയത്വത്തിൽ സാൻഫ്രാൻസിസ്കോയിൽ അപെക് സമ്മേളനത്തിൽ ഷി പങ്കെടുത്തേക്കും.അതിർത്തി സംഘർഷത്തിനു പിന്നാലെ ഇന്ത്യ–ചൈന ബന്ധം പഴയതുപോലെയാകാത്ത പശ്ചാത്തലത്തിലാണ് ഉച്ചകോടിയിൽനിന്ന് ഷി വിട്ടുനിൽക്കുന്നത്. ​

ഉച്ചകോടിക്കു ദിവസങ്ങള്‍ മാത്രം ബാക്കിനിൽക്കെ, അരുണാചൽ പ്രദേശും ലഡാക്കിനോടു ചേർന്നുള്ള അക്‌സായ് ചിൻ മേഖലയും ചൈനയുടെ അതിർത്തിക്കുള്ളിലാക്കി ഭൂപടം പുറത്തിറക്കിയതിൽ ഇന്ത്യയിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.  ഡൽഹിയില്‍ ഷി എത്തിയാൽ പ്രതിഷേധങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. ചൈനീസ് പ്രസിഡന്റിനു നേരെ ടിബറ്റൻ പൗരന്മാരുടെ പ്രതിഷേധമുണ്ടാകാൻ സാധ്യതയുണ്ടെന്നും ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിരുന്നു.‌ അതിനുമുമ്പ് സെപ്റ്റംബർ 5–7 തീയതികളിൽ ജക്കാർത്തയിൽ നടക്കുന്ന ആസിയാൻ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷി ജിൻപിങ്ങും പങ്കെടുക്കുന്നുണ്ട്.

Tags:    
News Summary - Biden on reports that Xi may skip India G20 summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.