യു.എസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം സെൽഫിയെടുക്കുന്നവർ
വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം യുക്രെയ്ൻ സന്ദർശിച്ചതിനെ അഭിനന്ദിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ മൂന്നുദിന സന്ദർശനത്തിന് യു.എസിലെത്തിയ മോദി, ബൈഡന്റെ വിൽമിങ്ടണിലെ സ്വകാര്യ വസതിയിൽ വിരുന്നിൽ സംബന്ധിച്ചു.
ഇന്ത്യയുടെ ശബ്ദത്തിന് പ്രാധാന്യം ലഭിക്കുന്ന രീതിയിൽ ആഗോള സംഘടനകൾ പരിഷ്കരിക്കാൻ യു.എസ് പിന്തുണ നൽകുമെന്ന് ബൈഡൻ ഉറപ്പുനൽകി. മോദി ബൈഡന് മഹാരാഷ്ട്രയിൽ നിന്നുള്ള കരകൗശല വിദഗ്ധർ രൂപകൽപന ചെയ്ത വെള്ളിമോതിരം സമ്മാനമായി നൽകി. യു.എൻ രക്ഷാ സമിതിയിൽ സ്ഥിരാംഗത്വമുൾപ്പെടെ ആവശ്യങ്ങളാണ് ഇന്ത്യ ഉന്നയിക്കുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധം, ഇന്തോ -പസഫിക് മേഖലയിലെ പിരിമുറുക്കം തുടങ്ങിയ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. സെമി കണ്ടക്ടർ നിർമാണം, പ്രതിരോധം, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ തീരുമാനിച്ചു.
ആസ്ട്രേലിയ, ഇന്ത്യ, ജപ്പാൻ, യു.എസ് എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ്. ആസ്ട്രേലിയൻ പ്രധാനമന്ത്രി അന്തോണി അൽബനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരും ന്യൂയോർക്കിലെത്തിയിട്ടുണ്ട്. ശേഷം മോദി ലോങ് ഐലൻഡിലെ ഇന്ത്യൻ വംശജരുടെ പരിപാടിയിൽ പങ്കെടുക്കാൻ ന്യൂയോർക്കിലേക്ക് പോയി. പ്രമുഖ അമേരിക്കൻ കമ്പനികളുടെ സി.ഇ.ഒമാരെയും പ്രധാനമന്ത്രി കാണുന്നുണ്ട്. തിങ്കളാഴ്ച ഐക്യരാഷ്ട്രസഭയിലും അദ്ദേഹം സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.