യുക്രെയ്ൻ: യൂറോപ്പിലേക്ക് 3000 സൈനികരെ കൂടി അയക്കാൻ ബൈഡ​ൻ

വാഷിങ്ടൺ: യുക്രെയ്നിൽ റഷ്യൻ ആക്രമണ ഭീഷണി നിലനിൽക്കുന്നതിനിടെ 3000 സൈനികരെ കൂടി യൂറോപ്പിലേക്ക് അയക്കാൻ യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ അനുമതി നൽകി. യു.എസിലെ നോർത്കരോലൈനയിലെ ഫോർട്ട് ബ്രാഗ്ഗിൽ നിന്നാണ് 2000 സൈനികരെ ജർമനിയിലേക്കും പോളണ്ടിലേക്കും ഈയാഴ്ച അയക്കുക. ജർമനിയിൽ നിന്ന് 1000 സൈനികരെ റുമേനിയയിലും വിന്യസിക്കാനാണ് തീരുമാനം.

യുക്രെയ്ൻ അതിർത്തിയിൽ വിന്യസിച്ച റഷ്യൻ സൈനികരെ പിൻവലിക്കുന്നത് സംബന്ധിച്ച ചർച്ചകൾ മുടങ്ങിയ സാഹചര്യത്തിലാണിത്. യു.എസിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് വിവരം വെളിപ്പെടുത്തിയത്. ​റഷ്യയുടെ ഭീഷണി ചെറുക്കാൻ 8500 സൈനികരെ അയക്കാൻ യു.എസ് ഭരണകൂടം നേരത്തേ ധാരണയിലെത്തിയിരുന്നു. അതിനിടെ, മേഖലയിലെ സംഘർഷം പരിഹരിക്കാൻ റഷ്യയുമായി പുതിയ കരാറിനായി യു.എസ് ശ്രമം നടത്തുന്നതായി സ്പാനിഷ് പത്രം റിപ്പോർട്ട് ചെയ്തു. ഇതെകുറിച്ച് യു.എസ് അധികൃതർ പ്രതികരിച്ചിട്ടില്ല.

റഷ്യയെ യു.എസ് യുദ്ധത്തിലേക്ക് തള്ളിവിടുന്നു -പുടിൻ

മോസ്​കോ: റഷ്യയെ യുക്രെയ്​നുമായുള്ള യുദ്ധത്തിലേക്ക്​ തള്ളിവിടുകയാണ്​ യു.എസ്​ എന്ന ആരോപണവുമായി റഷ്യൻ പ്രസിഡന്‍റ്​ വ്ലാദിമിർ പുടിൻ. യുക്രെയ്ൻ വിഷയത്തി​ന്‍റെ മറവിൽ റഷ്യയുടെ മേൽ ഉപരോധം ഏർപ്പെടുത്തുകയാണ്​ യു.എസി​ന്‍റെ ലക്ഷ്യം.

യുക്രെയ്​നെ റഷ്യക്കെതിരായ ആയുധമായി ഉപയോഗിക്കുകയാണ്​ യു.എസ്​. നാറ്റോ സഖ്യത്തിന്‍റെ യുറോപ്പിലെ സാന്നിധ്യം മൂലം റഷ്യക്കുണ്ടാവുന്ന ഭീഷണികൾ യു.എസ്​ മുഖവിലക്കെടുക്കുന്നില്ലെന്നും പുടിൻ പറഞ്ഞു. അതേസമയം, യുക്രെയ്ൻ വിഷയത്തിൽ യു.എസ് പരിഭ്രാന്തി പടർത്തുകയാണെന്ന ആരോപണവുമായി റഷ്യൻ വക്​താവും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. യുക്രെയ്നെ ആക്രമിച്ചാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് യു.എൻ രക്ഷാസമിതിയിൽ യു.എസ് പ്രതിനിധി റഷ്യക്ക് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് റഷ്യയുടെ പ്രസ്താവന. റഷ്യ ആക്രമിക്കാൻ ഒരുങ്ങുന്നുവെന്ന പരിഭ്രാന്തി സൃഷ്ടിക്കുകയാണ് യു.എസ് എന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് ആരോപിച്ചു.

യു.എസ് മാധ്യമങ്ങൾ അടുത്തിടെയായി യുക്രെയ്‌നിലും അതിനു ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സ്ഥിരീകരിക്കാത്തതും വളച്ചൊടിച്ചതുമായ വിവരങ്ങളാണ് പ്രസിദ്ധീകരിക്കുന്നത്. ഇത് യുക്രെയ്ൻ ജനതയെ പരിഭ്രാന്തരാക്കുന്നു.

യു.എസ് നൽകിയ റഷ്യൻ ആക്രമണ മുന്നറിയിപ്പിനോട് യുക്രെയ്ൻ പ്രസിഡന്‍റ് വ്ലാദ്മിർ സെലൻസ്കിക്കുള്ള അഭിപ്രായഭിന്നതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

News Summary - Biden approves US troop deployment to Eastern Europe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.