സുൽഫിക്കർ അലി ഭുട്ടോ, ഇംറാൻഖാൻ

അന്ന് ഭുട്ടോ, ഇപ്പോൾ ഇംറാൻ

എന്തുകൊണ്ടാണ് ഇംറാൻഖാനെതിരായ നടപടികൾ കടുപ്പിക്കപ്പെടുന്നത്? ജനം ആവശ്യപ്പെട്ടിട്ടും പാക് സു​പ്രീംകോടതി നിർദേശിച്ചിട്ടും തെരഞ്ഞെടുപ്പ് നടക്കാത്തത്?സ്വതന്ത്ര-നിഷ്പക്ഷ തെരഞ്ഞെടുപ്പുകൾക്കായി പ്രവർത്തിക്കുന്ന ‘ഫാഫെൻ’ എന്ന സന്നദ്ധ സംഘടനയുടെ മേധാവിയായിരുന്ന സർവർ ബാരി വിലയിരുത്തുന്നു

 ‘ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായും ചരിത്രം ആവർത്തിക്കപ്പെടുന്നു’വെന്ന കാൾ മാർക്സ് വചനം അക്ഷരാർഥത്തിൽ ശരിയാണെന്ന് ഒന്നല്ല പലവട്ടം തെളിയിച്ചിരിക്കുകയാണ് പാകിസ്താനിലെ ഭരണവർഗം. പ്രായപൂർത്തി വോട്ടവകാശം അവകാശമായി അംഗീകരിച്ചുകൊണ്ട് മാന്യമായാണ് കാര്യങ്ങൾ തുടങ്ങിയതെങ്കിലും ജനങ്ങളുടെ തെരഞ്ഞെടുപ്പിനെ ധിക്കാരപൂർവം നിയമവിരുദ്ധമാംവിധം അട്ടിമറിക്കപ്പെട്ടു. പിന്നീടുവന്ന ഓരോ തെരഞ്ഞെടുപ്പ് അഭ്യാസവും പ്രഹസനങ്ങളായിത്തീർന്നു.

1954 മാർച്ചിൽ, കിഴക്കൻ പാകിസ്താനിൽ (ഇപ്പോൾ ബംഗ്ലാദേശ്) ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്നു. 1971 ആയപ്പോഴേക്കും അത് രക്തരൂഷിത ദുരന്തമായി മാറി. ഭരണാധികാരികൾ അതിൽനിന്ന് എന്തെങ്കിലും പാഠം പഠിക്കുന്നതിനുപകരം ജനങ്ങളെ നിത്യദുരന്തത്തിൽ നിർത്താനാണ് നോക്കിയത്. എന്നാലോ, ഓരോ പ്രഹസനത്തെയും തികഞ്ഞ നിഷ്കളങ്കതയോടെ ഒരു പുതിയ തുടക്കമായി സ്വീകരിച്ചു ഞങ്ങൾ.

ഉദാഹരണത്തിന്, 1968ലെ വിദ്യാർഥി മുന്നേറ്റത്തെത്തുടർന്ന് അയൂബ് ഖാൻ അധികാരഭ്രഷ്ടനാക്കപ്പെട്ടപ്പോൾ ജനം ആ മാറ്റത്തെ ആഘോഷിച്ചു. രാജ്യമൊട്ടുക്ക് ആദ്യമായി പ്രായപൂർത്തി വോട്ടവകാശം അംഗീകരിച്ച് നടത്തുന്ന പൊതുതെരഞ്ഞെടുപ്പിന്റെ തീയതി ജനറൽ യഹ്‍യാഖാൻ പ്രഖ്യാപിക്കവേ ഉളവായ ആവേശം എനിക്കിപ്പോഴും മറക്കാനായിട്ടില്ല.

അന്ന് 16 വയസ്സുകാരനായിരുന്ന ഞാനും അയൂബ് ഖാൻ വിരുദ്ധ സമരത്തിൽ സജീവമായി പങ്കെടുക്കുകയും പൊലീസ് അതിക്രമങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു. സമൃദ്ധവും സമത്വവുമുള്ള സമൂഹം സാധ്യമാക്കാൻ സമാധാനപരമായ പോരാട്ടവും ജനാധിപത്യാധിഷ്ഠിത തെരഞ്ഞെടുപ്പുമാണെന്ന് ഞാൻ വിശ്വസിച്ചു. അതുമൊരു പ്രഹസനമാണെന്ന് പിന്നീട് തെളിഞ്ഞെങ്കിലും എന്റെ വിശ്വാസത്തിൽ എനിക്ക് കുറ്റബോധമില്ല.

എന്നിരുന്നാലും, ഉന്നത ഭരണക്കാരുടെ പ്രഹസനകളികളെക്കുറിച്ച് ഇന്നത്തെ യുവതയോട് പറയ അത്യന്താപേക്ഷിതമാണ്. അതിനായി ചില തെളിവുകൾ നിരത്തട്ടെ:

രാഷ്ട്രീയ പാർട്ടികളെ ജനപ്രീതിയുടെ ഒരു പരിധിക്കപ്പുറം വളരാനും നിയമസഭകളിൽ മതിയായ ഭൂരിപക്ഷം നേടാനും ഇവിടത്തെ വ്യവസ്ഥ ഒരുകാലത്തും അനുവദിച്ചിട്ടില്ല എന്ന പൊതുധാരണയുടെ ആധികാരികത പരിശോധിക്കാൻ, 1954 മുതൽ നടന്ന 14 തെരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ ഞാൻ വിശകലനം ചെയ്തു. പൊതുധാരണയെ ശരിവെക്കുന്നതായിരുന്നു ഞാൻ നടത്തിയ വിലയിരുത്തൽ. മാത്രമല്ല, ഉന്നതർക്ക് വഴങ്ങുന്ന ഒരു പാർട്ടിയും അവർക്ക് അനഭിമതരായ പാർട്ടിയും തമ്മിലെ വോട്ടുവ്യത്യാസം 30 ശതമാനത്തിലേറെ കൂടിയ ഘട്ടത്തിലെല്ലാം അധികാര കൈമാറ്റം അട്ടിമറിക്കാനോ തെരഞ്ഞെടുപ്പുതന്നെ അസാധുവാക്കാനോ ഉള്ള ഗൂഢാലോചനകൾ നടന്നു.

1954നും 1977നുമിടയിൽ നാല് പൊതു തെരഞ്ഞെടുപ്പുകളാണ് നടന്നത്. 1954ൽ നിലവിൽ വന്നതിന് തൊട്ടുപിന്നാലെ യുനൈറ്റഡ് ഫ്രണ്ട് സർക്കാർ പിരിച്ചുവിടപ്പെട്ടു. 1971ൽ, വോട്ടർമാരുടെ ആഗ്രഹങ്ങൾ മാനിക്കുന്നതിനുപകരം, രാഷ്ട്രീയ സഖ്യകക്ഷികളുടെ പിന്തുണയോടെ സൈനിക നടപടിയാണുണ്ടായത്. 1977ലുമതെ, തെരഞ്ഞെടുപ്പ് വിധി മാനിക്കാൻ കൂട്ടാക്കാഞ്ഞ നവകക്ഷി സഖ്യം അക്രമാസക്തമായ സമരങ്ങൾ അഴിച്ചുവിടുകയും അത് സൈനിക മേധാവിത്വത്തിൽ കലാശിക്കുകയുമായിരുന്നു.

1988നും1993നുമിടയിൽ മൂന്ന് പൊതുതെരഞ്ഞെടുപ്പുകൾ നടന്നു. വോട്ടു ശതമാനത്തിലെ വ്യത്യാസം 16 ശതമാനത്തിൽ കുറവായിരുന്നതിനാൽ ഓരോ സർക്കാർ മാറുമ്പോഴും 90 ദിവസത്തിനകം തെരഞ്ഞെടുപ്പുകൾ നടന്നു. 1997ൽ നവാസ് ശരീഫ് അധികാരത്തിൽ വന്നത് വലിയ ജനപിന്തുണയോടെയാണ്. എന്നിട്ടോ, 1999ൽ ഒരു പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടു. ആ പട്ടാളഭരണം ഒരു പതിറ്റാണ്ട് നിലനിന്നു.

2002-2018 കാലത്ത് വോട്ടുശതമാനത്തിലെ വ്യത്യാസം 17.5 ശതമാനം മാത്രമായിരുന്നതിനാൽ തെരഞ്ഞെടുപ്പുകൾ നിയതമായ കാലയളവിൽത്തന്നെ നടന്നു. നവാസിനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഭ്രഷ്ടനാക്കിയ ഘട്ടത്തിലും ഭരണകാലാവധി പൂർത്തിയാക്കാൻ പാകിസ്താൻ മുസ്‍ലിം ലീഗ് പാർട്ടിക്ക് സാധിച്ചിരുന്നു. എന്നാൽ, പ്രതിരോധിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഇംറാൻ ഖാന്റെ പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടിക്ക് (പി.ടി.ഐ) ആ അവകാശം പോലും നിഷേധിക്കപ്പെട്ടിരിക്കുന്നു.

ബംഗ്ലാദേശ് നിലവിൽവന്ന ശേഷമെങ്കിലും രാഷ്ട്രനായകർക്ക് കാര്യങ്ങൾ ബോധ്യമായിട്ടുണ്ടാകുമെന്നാണ് രാഷ്ട്രമീമാംസ ശാസ്ത്രജ്ഞർ ധരിച്ചത്. അത് തികച്ചും തെറ്റായിരുന്നു. രാജ്യത്തെ ഏറ്റവും ജനപ്രിയ നേതാവായിരുന്ന സുൽഫിക്കർ അലി ഭുട്ടോയെ ഒട്ടും സമയം കളയാതെ സിയാ ഉൽ ഹഖിന്റെ ജനറൽമാർ തൂക്കിലേറ്റി.

ഒരുപക്ഷേ, ഈ ഉപഭൂഖണ്ഡത്തിൽ വധശിക്ഷക്കിരയാവുന്ന ആദ്യ ഭരണാധികാരിയാവും ഭുട്ടോ. പല മണ്ടത്തങ്ങളും ചെയ്തിട്ടുണ്ടെങ്കിലും ഭുട്ടോയുടെ ‘പാതകം’ അട്ടിമറിക്കാനാവാത്ത ജനപ്രീതിയായിരുന്നു. 1970ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടി 75 ശതമാനം സീറ്റുകൾ നേടി. 1977ലെ പൊതുതെരഞ്ഞെടുപ്പിൽ വോട്ടുശതമാനം കുറഞ്ഞെങ്കിലും സീറ്റുകളുടെ എണ്ണം വർധിച്ചു. ജനറൽ സിയാ വാഗ്ദാനം ചെയ്തതുപോലെ 90 ദിവസത്തിനകം തെരഞ്ഞെുപ്പ് നടത്തിയിരുന്നുവെങ്കിൽ മൂന്നിൽരണ്ട് ഭൂരിപക്ഷവുമായി ഭുട്ടോ അധികാരത്തിൽ തിരിച്ചെത്തിയേനെ. അത് തടയാൻ ഭുട്ടോയെത്തന്നെ ഇല്ലാതാക്കി.

അടിച്ചമർത്തലിനും വേട്ടയാടലിനും ശേഷം ഭുട്ടോയുടെ പാകിസ്താൻ പീപ്ൾസ് പാർട്ടിയുടെ ജനപ്രീതി വർധിച്ചതുപോലെ ഇംറാന്റെ പാകിസ്താൻ തെഹ്‍രീകെ ഇൻസാഫിന്റെ (പി.ടി.ഐ) പിന്തുണയും വർധിച്ചു. 2018ലെ പൊതുതെരഞ്ഞെടുപ്പിൽ പി.ടി.ഐയും പാകിസ്താൻ മുസ്‍ലിം ലീഗും (നവാസ്) തമ്മിലെ വോട്ട് വ്യത്യാസം 17.5 ശതമാനം മാത്രമായിരുന്നു. ബൂത്തുപിടിത്തവും അക്രമവുമെല്ലാം നടത്തിയിട്ടും 2022ലെ പഞ്ചാബ് പ്രവിശ്യ ഉപതെരഞ്ഞെടുപ്പിൽ പാകിസ്താൻ ഡെമോക്രാറ്റിക് മൂവ്മെന്റിന് (പി.ഡി.എം) നാലുസീറ്റേ നേടാനായുള്ളൂ, പി.ടി.ഐ 15 സീറ്റ് പിടിച്ചു. സമീപകാലത്തുനടന്ന അഭി​പ്രായ സർവേകൾ പ്രകാരവും ജനപ്രീതിയിൽ ഇംറാന്റെ പാർട്ടി ബഹുദൂരം മുന്നിലാണ്.

ജനങ്ങൾ മുറവിളിയുയർത്തുകയും സു​പ്രീംകോടതി കൃത്യമായ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടും പൊതുതെരഞ്ഞെടുപ്പുകൾ നടത്താൻ നിലവിലെ ഭരണകൂടം കൂട്ടാക്കാത്തത് ഇക്കാരണത്താൽ തന്നെയാണ്.പാകിസ്താനിലെ ജനാധിപത്യത്തെ താളം തെറ്റിച്ചതിൽ നിലവിലെ ഭരണവ്യവസ്ഥ മാത്രമാണ് ഉത്തരവാദി എന്ന ധാരണ തെറ്റാണ്. മറിച്ച് ഒരുകൂട്ടം രാഷ്ട്രീയക്കാർ ഈ തെറ്റായ വ്യവസ്ഥയുമായി കൈകോർത്തതോടെയാണ് ഈ അട്ടിമറിയും താളംതെറ്റലുമെല്ലാമുണ്ടായത്. പ്രഹസനങ്ങൾ അങ്ങനെ തുടർന്നു കൊണ്ടേയിരിക്കുന്നു.

(ദി എക്സ്പ്രസ് ട്രിബ്യൂണിൽ എഴുതിയതിന്റെ സംഗ്രഹം)

Tags:    
News Summary - BhuttoAt that time, now Imran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.