തെൽ അവീവ്: ഹമാസ് പൂർണമായും തകർന്നാൽ മാത്രമേ ഗസ്സയിൽ വെടിനിർത്തലിനുള്ളുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ശനിയാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട് നെതന്യാഹുവിന്റെ പ്രസ്താവന പുറത്ത് വന്നത്. ഇതോടെ ഗസ്സയിലെ വെടിനിർത്തലിനും ബന്ദിമോചനത്തിനുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവെച്ച നിർദേശത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇസ്രായേൽ മുന്നോട്ടുവെച്ച നിർദേശത്തിൽ ഒരു മാറ്റവും വന്നിട്ടില്ല. ഹമാസിന്റെ സൈനിക, ഭരണശേഷികൾ തകർക്കുക, ബന്ദികളുടെ മോചനം എന്നീ ലക്ഷ്യങ്ങൾ നേടുന്നത് വരെ യുദ്ധം അവസാനിക്കില്ല. ഗസ്സ ഇനിയൊരിക്കലും ഇസ്രായേലിന് ഭീഷണിയാകരുതെന്ന് നെതന്യാഹു പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
സമ്പൂർണമായ വെടിനിർത്തലിന് മുമ്പ് ഈ ലക്ഷ്യങ്ങൾ നേടണമെന്നാണ് നെതന്യാഹു അറിയിക്കുന്നത്. യു.എസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാനുള്ള ക്ഷണവും നെതന്യാഹു സ്വീകരിച്ചു.
നേരത്തെ ഗസ്സയിൽ വെടിനിർത്താനും ബന്ദിമോചനത്തിനും ഇസ്രായേൽ പുതിയ നിർദേശം മുന്നോട്ടുവെച്ചതായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. മൂന്നുഘട്ടങ്ങളായുള്ള വെടിനിർത്തൽ കരാറിന്റെ കരടുരൂപം ഖത്തർ വഴി ഹമാസിന് ഇസ്രായേൽ കൈമാറിയതായി ബൈഡൻ പറഞ്ഞു.
ഈ അവസരം നഷ്ടപ്പെടുത്തരുതെന്നും യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാൻ ഈ സന്ധിയിലൂടെ കഴിയുമെന്നും അദ്ദേഹം ഹമാസിനോടും ഇസ്രായേലിനോടും വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ, ഹമാസിനെ പൂർണമായും തകർക്കുന്നത് വരെ യുദ്ധത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാട് ആവർത്തിച്ചിരിക്കുകയാണ് നെതന്യാഹു ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.