ലണ്ടൻ: സ്വീഡനിൽ കഴിഞ്ഞ ആഴ്ച നടന്ന കൂട്ട വെടിവെപ്പിന്റെ കവറേജിൽ വലിയ വിമർശനം നേരിട്ട് അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സി. സ്വീഡന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ വെടിവപ്പാണ് ഓറെബ്രയിലെ റിസ്‌ബെര്‍സ്‌ക സ്‌കൂളില്‍ ചൊവ്വാഴ്ചയുണ്ടായത്. ആക്രമണത്തിൽ ഏഴു സ്ത്രീകള്‍ ഉള്‍പ്പെടെ പത്തു പേർ കൊല്ലപ്പെട്ടു.
വംശീയവാദിയും കുടിയേറ്റ വിരുദ്ധനുമായ റിക്കാര്‍ഡ് ആന്റേഴ്‌സണ്‍ (35) ആണ് കൂട്ടക്കൊല നടത്തിയതെന്ന് അധികൃതർ കണ്ടെത്തി. എന്നാൽ, കൂട്ടവെടിവെപ്പിന്റെ വാർത്തയിൽ യഥാർത്ഥ കുറ്റവാളിക്കു പകരം കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തിയ 16 കാരനായ വിദ്യാർഥി ഇസ്മായിൽ മൊറാദിയുടെ ചിത്രമാണ് ബി.ബി.സി നൽകിയത്. മൊറാദിയുടെ ചിത്രം സമർത്ഥമായി ക്രോപ് ചെയ്തായിരുന്നു ഇത്.
വാർത്തയുടെ അവ്യക്തമായ തലക്കെട്ടും ചിത്രത്തിന്റെ വിന്യാസവും ഏറെ തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും വംശീയ വിവേചനം ആളിക്കത്തിക്കുന്ന മാധ്യമ വിവരണങ്ങളുടെ വിപുല മാതൃകയുടെ ഭാഗമാണെന്നും വിമർശകർ ഉന്നയിച്ചു. കൊല്ലപ്പെട്ടവരില്‍ ക്രിസ്ത്യാനികളും മുസ്‌ലിംകളും ഉള്‍പ്പെടും. എന്നാല്‍, കൊലയാളി വംശീയവാദിയായ ക്രിസ്ത്യാനിയായതിനാല്‍ സംഭവത്തിന് വലിയ വാര്‍ത്താ പ്രാധാന്യം കൈവന്നില്ലെന്നും ആരോപണമുയർന്നു.
ഇത്തരം പല തന്ത്രങ്ങളും ബി.ബി.സി അടുത്തകാലത്തായി നടത്തിവരുന്നുണ്ടെന്നും ഇസ്രായേലിന്റെ ഗസ്സ വംശഹത്യ കാലത്ത് എല്ലാ പരിധികളും ലംഘിച്ചതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ബി.ബി.സിയുടെ ഇസ്രായേല്‍ പക്ഷപാതിത്വത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഈയിടെ പുറത്തുവരികയുണ്ടായി. ചാനലിന്റെ മിഡിലീസ്റ്റ് ഡെസ്‌കിന്റെ തലവന്‍ റാഫി ബെര്‍ഗ് സി.ഐ.എയുടെ പ്രചാരണ വിഭാഗത്തില്‍ ജോലി ചെയ്തിരുന്നുവെന്നും ഇസ്രായേലി ചാര സംഘടന മൊസാദുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും മാധ്യമ പ്രവർത്തകനായ പി.കെ നിയാസ് തന്റെ സമൂഹ മാധ്യമ പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
ഇസ്രായേല്‍ പ്രതിക്കൂട്ടിലാവുന്ന വാര്‍ത്തകള്‍ തമസ്‌കരിക്കലാണ് ബെർഗിന്റെ പണിയെന്ന് 13 ബി.ബി.സി ജേര്‍ണലിസ്റ്റുകള്‍ ആരോപിച്ചിരുന്നു. അത് ശരിവെക്കുന്നതാണ് ‘മിന്റ്പ്രസ് ന്യൂസ്’ എന്ന പോര്‍ട്ടല്‍ പുറത്തുകൊണ്ടു വന്ന വിവരങ്ങളെന്നും നിയാസ് ചൂണ്ടിക്കാട്ടുന്നു.
ഇസ്രായേലി വംശഹത്യയെ വെള്ളപൂശുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതിനെതിരെ കഴിഞ്ഞ നവംബൽ നൂറിലേറെ ബി.ബി.സി ജീവനക്കാര്‍ ഉള്‍പ്പെടെ 230 പേര്‍ ചാനലിന്റെ ഡയറക്ടര്‍ ജനറല്‍ ടിം ഡേവിക്കും സി.ഇ.ഒ ദിബോറ ടേണസ്സിനും തുറന്ന കത്തയച്ചതായും അദ്ദേഹം പറയുന്നു.
പി.കെ നിയാസിന്റെ പോസ്റ്റ്:
Full View
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.