ലണ്ടൻ: തങ്ങളുടെ വാർത്താ അവതാരകൻ ഹമാസിനെ ‘ഭീകരസംഘടന’ എന്ന് വിശേഷിപ്പിച്ചത് തിരുത്തി ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ (ബി.ബി.സി). സ്റ്റാഫ് അംഗം ആ വാക്ക് ഉപയോഗിച്ചത് തെറ്റാണെന്ന് ബി.ബി.സിയുടെ എക്സിക്യൂട്ടീവ് കംപ്ലയിന്റ്സ് യൂനിറ്റാണ് (ഇ.സി.യു) നിലപാടെടുത്തത്.
ജൂൺ 15ന് ഒരു വാർത്താ പ്രക്ഷേപണത്തിനിടെയായിരുന്നു സംഭവം. അവതാരകന്‍റെ പേര് ബി.ബി.സി വെളിപ്പെടുത്തിയിട്ടില്ല. ബി.ബി.സിയുടെ എഡിറ്റോറിയൽ മാർഗനിർദേശങ്ങൾക്കനുസൃതമായി എക്സിക്യൂട്ടീവ് കംപ്ലയിന്റ്സ് യൂനിറ്റ് സ്വീകരിച്ച നിലപാട് ഇന്നലെയാണ് ബി.ബി.സി പുറത്തറിയിച്ചത്. ബി.ബി.സി ന്യൂസ് മാനേജ്മെന്‍റുമായെല്ലാം ചർച്ച നടത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്. കൃത്യതയ്ക്കും നിഷ്പക്ഷതയ്ക്കും വേണ്ടി ബി.ബി.സി സംഘടനകളെ ‘ഭീകര’ അല്ലെങ്കിൽ ‘ഭീകര സംഘങ്ങൾ’ എന്ന് വിളിക്കുന്നില്ല. മറ്റുള്ളവർ അല്ലെങ്കിൽ മൂന്നാം കക്ഷികൾ അവയെ അങ്ങനെ വിളിക്കുന്നു എന്ന് പറയും -എക്സിക്യൂട്ടീവ് കംപ്ലയിന്റ്സ് യൂനിറ്റ് വ്യക്തമാക്കി.
ബി.ബി.സി അവതാരകർ ഹമാസിനെ ‘ഭീകരസംഘടനയെന്ന് പറയുന്ന’ എന്നും ‘ഫലസ്തീൻ സായുധ സംഘം’ എന്നുമെല്ലാമാണ് വിശേഷിപ്പിച്ചിരുന്നത്. മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ ഉൾപ്പെടെയുള്ളവർ ഇക്കാര്യത്താൽ ബി.ബി.സിയെ വിമർശിച്ചിരുന്നു. എന്നാൽ, ബ്രിട്ടീഷ് സർക്കാറിന്റെ ഭാഷ സ്വീകരിച്ചാൽ തങ്ങൾ ഭരണകൂടത്തിന്റെ ഭാഗമാണെന്ന് പ്രേക്ഷകൻ കരുതുമെന്നും, അത് ഗസ്സ പ്രതിസന്ധി നിഷ്പക്ഷമായി റിപ്പോർട്ട് ചെയ്യാനുള്ള ശ്രമങ്ങൾക്ക് ദോഷം ചെയ്യുമെന്നുമായിരുന്നു ബി.ബി.സി നേരത്തെ വ്യക്തമാക്കിയിരുന്നത്.
ബി.ബി.സിയുടെ ഈ നിലപാട് ഹമാസിനെ എങ്ങനെ വിശേഷിപ്പിക്കണമെന്ന ചർച്ച ബ്രിട്ടീഷ് പ്രേക്ഷകർക്കിടയിൽ വീണ്ടും സജീവമാകാൻ കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഗസ്സ സിറ്റി: കടുത്ത ആഗോള സമ്മർദത്തിനിടെയും ഗസ്സയിൽ വംശഹത്യ തുടർന്ന് ഇസ്രായേൽ. കെട്ടിടങ്ങളും താമസ കേന്ദ്രങ്ങളും നാമാവശേഷമാക്കൽ തുടരുന്ന ഗസ്സയിൽ 59 പേരാണ് വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. ഇവിടെ ഒരു കുടുംബത്തിലെ 14 പേരാണ് ഇസ്രായേൽ ബോംബിങ്ങിൽ സമ്പൂർണമായി തുടച്ചുനീക്കപ്പെട്ടത്.
ഗസ്സ സിറ്റിയിൽ ജനം തിങ്ങിക്കഴിഞ്ഞ നിരവധി കെട്ടിടങ്ങൾ ഇസ്രായേൽ നിലംപരിശാക്കിയിട്ടുണ്ട്. സമീപനാളുകളിൽ മാത്രം 50ലേറെ ബഹുനില കെട്ടിടങ്ങൾ പൂർണമായി ഇല്ലാതാക്കി. ഇവിടങ്ങളിൽ കഴിഞ്ഞ അരലക്ഷത്തിലധികം പേർക്കാണ് പൂർണമായി വീടില്ലാതായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.